കൊച്ചി: പുരുഷ മേധാവിത്വം നിറഞ്ഞു നിന്ന ഇന്ത്യൻ സിനിമയിലെ വിപ്ലവകരമായ മുന്നേറ്റമായിരുന്നു മലയാളം സിനിമാ ലോകത്തെ നടിമാരും അണിയറക്കാരും ചേർന്ന് രൂപം നൽകിയ വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി). ലോക തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ഈ കൂട്ടായ്മ മറ്റൊരു നിർണായക ചുവടുവെപ്പിലേക്ക് നീങ്ങുകയാണ്. മലയാളം അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ സ്ത്രീകൾക്ക് 50% സംവരണം വേണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടിരിക്കയാണ്. പുരുഷ സൂപ്പർസ്റ്റാറുകൾ കാലങ്ങളായി ഭരിക്കുന്ന മലയാളം സിനിമയെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ തീരുമാനം തന്നെയാണ് ഇത്.

സംവരണ വിഷയം ചൂണ്ടിക്കാട്ടി അമ്മയ്ക്കു കത്തുനൽകിയെന്ന് ഡബ്ല്യുസിസി അംഗം രമ്യ നമ്പീശൻ അറിയിച്ചു. അടുത്ത യോഗത്തിൽ അതു ചർച്ചചെയ്യുമെന്നും രമ്യ കൂട്ടിച്ചേർത്തു. ഡബ്ല്യൂ. സി. സി പുരുഷ വിരോധം വച്ചുപുലർത്തുന്ന സംഘടനയല്ലെന്നം അവർ വ്യക്തമാക്കിയിരുന്നു. സിനിമാ സെറ്റുകളിൽ കുറച്ചു കൂടി ആരോഗ്യകരമായ അന്തരീക്ഷമുണ്ടാക്കുകയാണ് ലക്ഷ്യം. ഒരു മാസത്തിനകം സംഘടനയുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകും. പിന്നാലെ അംഗത്വ വിതരണം നൽകും. ക്യാമ്പെയ്‌ന് ശേഷം വിപുലമായ പദ്ധതികളാണ് സംഘടന ആലോചിക്കുന്നതെന്നും രമ്യ വ്യക്തമാക്കി.

കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവം അപൂർവ്വങ്ങളിൽ അപൂർവ്വവും ക്രൂരവുമായ നടപടിയാണെന്നും രമ്യ പറഞ്ഞു. അത്തരം കുറ്റകൃത്യം ചെയ്യുകയെന്ന തോന്നൽ പോലും ആരിലും ഉണ്ടാകാത്ത രീതിയിലാകണം പ്രതികൾക്കുള്ള ശിക്ഷയെന്ന് രമ്യ പറഞ്ഞു. പുരുഷ വിരോധമുള്ള സംഘടനയല്ല വിമൻ ഇൻ സിനിമാ കളക്ടീവെന്നും, പേടി കൂടാതെ ജോലി ചെയ്യാൻ സാഹചര്യമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും രമ്യ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നവർക്ക് നേരെ സോഷ്യൽ മീഡിയയിലൂടെയുള്ള മോശം പരാമർശങ്ങളെ അവഗണിക്കുക്കയാണെന്നും രമ്യ പറഞ്ഞു.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടൻ ദിലീപിന്റെ 'രാമലീല' സിനിമ കാണമെന്ന മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ പരാമർശം വ്യക്തിപരമെന്നും രമ്യ നമ്പീശൻ അറിയിച്ചു. അടുത്തകാലത്തായി മഞ്ജു വാര്യർ വനിതാ കൂട്ടായമ്മയോട് വലിയ താൽപ്പര്യം കാട്ടിയിരുന്നില്ല. സംഘടനയിലെ ചിലർ തന്നെ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ മഞ്ജു വാര്യർ രംഗത്തെന്ന വിധത്തിൽ പ്രചരണം നടത്തിയിരുന്നു. അവൾക്കൊപ്പം പരിപാടി സംഘടിപ്പിച്ചതിലും മഞ്ജുവിന് പങ്കുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ രമ്യ അടക്കമുള്ളവർ പുതിയ സംഘടനക്ക് കൂടുതൽ ആവശ്യങ്ങൾ താരസംഘടനയുടെ മുന്നിൽ വെക്കുമ്പോൾ അതിൽ വലിയ താൽപ്പര്യം മഞ്ജുവിനില്ലെന്നാണ് സൂചന.

മെമ്പർഷിപ്പ് കാമ്പയിൻ തുടങ്ങി പരിപാടി ഗംഭീരമാക്കാനാണ് ഡബ്ല്യുസിസിയുടെ ഇപ്പോഴത്തെ തീരുമാനം. സംഘടനയുടെ പ്രവർത്തനം, കാഴ്‌ച്ചപാട് തുടങ്ങിയവ ചർച്ച ചെയ്യുന്ന ആദ്യഘട്ടത്തിലാണ് ഡബ്ല്യുസിസി. സംഘടന മുന്നോട്ടുവെക്കുന്ന ആശയങ്ങൾ അംഗീകരിക്കുന്നവർക്ക് ഭാഗമാകാമെന്നാണ് സിനിമാക്കാർ പറയുന്നത്. ഡബ്ല്യുസിസിയിൽ നിന്ന് മനഃപൂർവം ആരെയും ഒഴിവാക്കിയിട്ടില്ലെന്നും രമ്യ അടക്കമുള്ളവർ പറയുന്നു. ആദ്യം വിമർശനം ഉന്നയിച്ച ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ മെംമ്പർഷിപ്പ് കാംപെയിൻ തുടങ്ങുന്നതോടെസംഘടനയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

നടിയെ ആക്രമിച്ച സംഭവമുണ്ടായപ്പോഴാണ് പെട്ടെന്ന് ഡബ്ല്യുസിസി രൂപീകരിക്കേണ്ടി വന്നത്. അതേസമയം സംഘടനയെ ബ്രാൻഡ് ചെയ്യുന്നത് മഞ്ജുവിന്റെ പേരിലാണ്. എന്നാൽ ഡബ്ല്യൂസിസിയുടെ പ്രവർത്തനങ്ങളൊന്നും മഞ്ജു അറിയുന്നുമില്ല. സിനിമയുമായി സജീവ ബന്ധമില്ലാത്ത ചിലർ സംഘടനയിൽ നുഴഞ്ഞു കയറി. ഇവരുടെ ആക്ടിവിസ്റ്റ് പ്രവർത്തനം അതിരുകടക്കുന്നുവെന്നാണ് മഞ്ജുവിന്റെ പക്ഷം. എല്ലാ സിനിമയേയും സഹായിക്കുകയെന്നതാകണം സംഘടനയുടെ ലക്ഷ്യം. അല്ലാതെ വ്യക്തി വിരോധം തീർക്കാൻ സിനിമകളെ കൊല്ലുകയല്ലെന്നാണ് മഞ്ജുവിന്റെ പക്ഷം. നടി ആക്രമിക്കപ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരു സംഘടനയ്ക്ക് മഞ്ജു പിന്തുണ നൽകിയത്. നടിക്കൊപ്പം നീങ്ങാൻ തനിക്ക് ആരുടേയും പിന്തുണ വേണ്ടെന്ന നിലപാടിൽ മഞ്ജു എത്തിക്കഴിഞ്ഞു.

തമിഴിലെ താരങ്ങളിൽ ചിലർ വനിതാ കൂട്ടായ്മ രൂപീകരിക്കാനായി മഞ്ജുവിനെ സമീപിച്ചിരുന്നു. തമിഴ് സിനിമയിലെ നടികർ സംഘം നേതാവാണ് വിശാൽ. വിശാലിന്റെ നേതൃത്വത്തിലെ ചില തമിഴ് നടികളാണ് ഇതിന് ശ്രമിച്ചത്. ഉപദേശം തേടി ഇവർ മഞ്ജുവിനെ സമീപിക്കുകയും ചെയ്തു. എന്നാൽ തനിക്ക് അതുമായി ബന്ധമില്ലെന്ന മറുപടിയാണ് മഞ്ജു നൽകിയതെന്നാണ് സിനിമാക്കാർക്കിടയിൽ പ്രചരിക്കുന്നത്. ആശയപരമായി ചില കാര്യങ്ങളോട് യോജിപ്പുള്ളതുകൊണ്ട് മാത്രമാണ് മുഖ്യമന്ത്രിയെ കാണാൻ സംഘടനയുടെ ഭാഗമായി പോയത്. അതിന് അപ്പുറത്തേക്ക് സംഘടനയുമായി ബന്ധപ്പട്ടതൊന്നും തനിക്ക് അറിയില്ലെന്നും വിശാലിനോട് മഞ്ജു പറഞ്ഞതായാണ് സൂചന. ഈ കഥ പ്രചരിച്ചതിന് പിന്നാലെയാണ് രാമലീലയെ തള്ളി പറയുന്ന ചില വനിതാ കൂട്ടായ്മാ നേതാക്കളുടെ നിലപാടിനെ തള്ളിക്കളഞ്ഞ് മഞ്ജു തന്നെ രംഗത്ത് വന്നത്. അതിനിടെ ഇതിനെ പ്രൊഫഷണൽ നീക്കമായി വനിതാ കൂട്ടായ്മയിലെ മറുവിഭാഗം വിശദീകരിക്കുകയും ചെയ്യുന്നു. പല വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഭിന്നത വ്യക്തമാക്കുന്ന സന്ദേശങ്ങൾ പ്രചരിക്കുന്നുമുണ്ട്.

സിനിമയിൽ പീഡനം സജീവമാണെന്നും പല നടികളും വാട്സ് ആപ് സന്ദേശം തങ്ങൾക്ക് അയക്കാറുണ്ടെന്നും വനിതാ കൂട്ടായ്മയിലെ ചില അംഗങ്ങൾ പരസ്യമായി പ്രതികരിച്ചിരുന്നു. ഇത്തരം പ്രസ്താവനകൾ സിനിമയുടെ മൊത്തെ നിലനിൽപ്പിനെ ബാധിക്കുമെന്നതാണ് സിനിമാക്കാരുടെ പൊതു വികാരം. അങ്ങനെ വാട്സ് ആപ്പ് സന്ദേശം കിട്ടിയാൽ അത് വനിതാ കൂട്ടായ്മയിലെ അംഗങ്ങൾ പുറത്തുവിടണം. പീഡന പരാതി കിട്ടിയിട്ട് അത് മറച്ചു വയ്ക്കുന്നത് നിയമപരാമായ കുറ്റമാണ്. സിനിമാക്കാരെ സംശയ നിഴലിൽ നിർത്തി വാർത്തയുണ്ടാക്കാനുള്ള നീക്കം ശരിയല്ല. തെറ്റു ചെയ്യുന്നവരെ തുറന്നു കാട്ടണം. പീഡിപ്പിക്കാൻ ശ്രമിച്ചവരുടെ പേര് പുറത്തുവിടണം. അല്ലാതെയുള്ളതെല്ലാം ബ്ലാക് മെയിലാണെന്ന പക്ഷമാണ് സിനിമയിലെ ബഹുഭൂരിഭാഗത്തിനുമുള്ളത്. ഇതിലുള്ള പ്രതിഷേധം പലരും മഞ്ജുവിനെ അറിയിച്ചിരുന്നു. അതിനിടെയാണ് രാമലീലയെ ബഹിഷ്‌കരിക്കാനുള്ള ചില വനിതാ കൂട്ടായ്മാ നേതാക്കളുടെ പ്രസ്താവന സാമൂഹിക മാധ്യമങ്ങളിലെത്തിയത്. ഇതോടെ എങ്ങനേയും സിനിമയെ പ്രതിസന്ധയിൽ നിന്ന് രക്ഷിക്കാനാഗ്രഹിക്കുന്നവരെല്ലാം കൂട്ടായ്മയ്ക്ക് എതിരായി. ഇത് മനസ്സിലാക്കിയാണ് സജീവ സിനിമയുടെ ഭാഗമായി നിൽക്കുന്ന മഞ്ജുവിന്റെ പിന്മാറ്റം.