- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീ സുരക്ഷയിൽ നിർമ്മാണ കമ്പനികൾക്കും ഉത്തരവാദിത്തമുണ്ട്; സിനിമാ മേഖലയിൽ സ്ത്രീകളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും നിയമനിർമ്മാണം ആവശ്യമെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ; നടിക്ക് നീതി ആവശ്യപ്പെട്ട് ഡബ്ല്യു സി സി അംഗങ്ങൾ വനിതാ കമ്മീഷനെ കണ്ടു; കൂടിക്കാഴ്‌ച്ചയിൽ പൂർണ്ണ തൃപ്തിയെന്നും ഡബ്ല്യു സി സി അംഗങ്ങൾ
തിരുവനന്തപുരം: മലയാള സിനിമയിൽ സ്ത്രീസുരക്ഷയിൽ നിർമ്മാണ കമ്പനികൾക്കും ഉത്തരവാദിത്തമുണ്ട്.നടിമാരുടെയും സ്ത്രീപ്രവർത്തകരുടെയും സുരക്ഷയ്ക്ക് ആഭ്യന്തര കമ്മിറ്റി ആവശ്യമാണെന്നും അത് നിർമ്മാണക്കമ്പനികളുടെ ആവശ്യമാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ സതീദേവി പറഞ്ഞു.ഡബ്ല്യു സി സി അംഗങ്ങളുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അവർ.
സിനിമ മേഖലയിൽ നിലനിലവ്ക്കുന്ന സ്ത്രീവിരുദ്ധതയും അവർ അനുഭവിക്കുന്ന പ്രശ്‌നങ്ങളും ഡബ്ല്യുസിസി അംഗങ്ങൾ പങ്കുവച്ചെന്ന് പി സതീദേവി പറഞ്ഞു. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്തത് സംബന്ധിച്ച ചോദ്യത്തിന് അത് കമ്മീഷൻ അല്ല കമ്മറ്റി ആണെന്നും ഇക്കാര്യത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ സർക്കാരിന് നൽകുമെന്നും സതീദേവി വിശദീകരിച്ചു.
കൂടിക്കാഴ്‌ച്ചയിൽ തൃപ്തരാണെന്ന് വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങൾ പ്രതികരിച്ചു.വിഷയങ്ങൾ കമ്മീഷൻ കൃത്യമായി മനസിലാക്കിയിട്ടുണ്ട്.നീതി പ്രതീക്ഷിക്കുന്നതായും പാർവ്വതി അഭിപ്രായപ്പെട്ടു.കമ്മീഷൻ അല്ല കമ്മിറ്റി ആണെന്ന് ഞങ്ങളും ഇപ്പോഴാണ് അറിഞ്ഞത്. അതിനെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കേണ്ടതുണ്ട്. പഠനറിപ്പോർട്ട് പബ്ലിക് ഡോക്യുമെന്റ് ആക്കണമെന്നാണ് ആഗ്രഹം. നടിക്കുണ്ടായതു പോലുള്ള സംഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കാനാണ് ഞങ്ങളുടെ ലക്ഷ്യം.ഇനി സമയമില്ലെന്നും തങ്ങളുടെ ആവശ്യങ്ങൾക്കായി മുട്ടാവുന്ന എല്ലാ വാതിലുകളും മുട്ടുമെന്നും ഡബ്ല്യുസിസി അംഗങ്ങൾ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യം പഠിക്കുന്നതിനാണ് സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഡബ്ല്യു സി സി മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയതിന് പിന്നാലെയായിരുന്നു ഇത്. ജസ്റ്റിസ് ഹേമയ്ക്ക് പുറമെ വത്സലകുമാരി, നടി ശാരദ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. സിനിമാ മേഖലയിലെ അറുപതോളം സ്ത്രീകളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 2019ൽ സർക്കാരിന് റിപ്പോർട്ട് കൈമാറിയെങ്കിലും റിപ്പോർട്ടിലെ ഒരു ശുപാർശ പോലും നടപ്പിലാക്കിയിട്ടില്ല.ഈ സാഹചര്യത്തിലാണ് നടിക്ക് നീതി ലഭ്യമാക്കണമെന്നും ഹേമ കമ്മീഷൻ റിപ്പോർട്ട് ഉടൻ പുറത്ത് വിടണമെന്നുമാവശ്യപ്പെട്ട് അംഗങ്ങൾ വനിതാ കമ്മീഷനെ കണ്ടത്.
സംവിധായിക അഞ്ജലി മേനോൻ, ഗായിക സൈനോര, തിരക്കഥാകൃത്ത് ദീദി ദാമോദരൻ, നടി പാർവതി അടക്കുള്ളവരാണ് വനിതാ കമ്മീഷനെ കാണുന്നത്. നടിയെ ആക്രമിച്ച സംഭവത്തിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ഡബ്ല്യൂ.സി.സി ശക്തമായ നിലപാടുമായി വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.
ഹേമ കമ്മീഷനുവേണ്ടി സർക്കാർ ചെലവഴിച്ചത് ഒരു കോടിയിലധികം രൂപയാണ്. 2017 മുതൽ 2020 വരെയുള്ള കമ്മീഷന്റെ ചെലവ് 10655000 രൂപയാണ്. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജസ്റ്റിസ് ഹേമ പത്ത് തവണയായി 10322254 രൂപ കൈപ്പറ്റിയതായും രേഖകളിൽ പറയുന്നു.
നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യം പഠിക്കുന്നതിന് സർക്കാർ കമ്മീഷനെ രൂപീകരിച്ചത്. സിനിമാ മേഖലയിലെ അറുപതോളം സ്ത്രീകളുടെ മൊഴി കമ്മീഷൻ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ കോടികൾ ചെലവാക്കിയ കമ്മീഷൻ റിപ്പോർട്ടിൽ തുടർനടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവാത്തതിനെതിരെ ഡബ്ല്യു.സി.സി ഉൾപ്പടെ പ്രതിഷേധം ശക്തമാക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ