കൊച്ചി: നടിയെ അക്രമിച്ച സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന നടനെതിരെ കൃത്യമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്യുസിസി അംഗങ്ങൾ രംഗത്തെത്തിയതിന് പിന്നാലെ പല തരത്തിലുള്ള വിമർശനങ്ങളും ഇവർ നേരിട്ടിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് പീഡനത്തിന് ഇരയായ നടിക്ക് നീതി ലഭിക്കണമെന്നും കുറ്റാരോപിതനായ നടനെ താരസംഘടനയായ എഎംഎംഎയിൽ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങൾ പത്രസമ്മേളനം നടത്തിയിരുന്നു.

എന്നാലിപ്പോൾ ഉറച്ച നിലപാടുകൾ എടുക്കുന്നതിന്റെ പേരിൽ ഡബ്ല്യുസിസി അംഗങ്ങൾക്ക് അവസരം നഷ്ടമാവുകയാമെന്നാണ് നടി പാർവ്വതി വെളിപ്പെടുത്തിയിരിക്കുന്നത്. തൊഴിൽ മേഖലയിലെ പ്രശ്‌നങ്ങൾ തുറന്ന് പറയാമെന്നും അതു മൂലം തൊഴിൽ നഷ്ടമാകില്ലെന്നും ബോളിവുഡിലെ നിർമ്മാതാക്കളും പ്രൊഡക്ഷൻ ഹൗസുകളും പറയുന്നു. എന്നാൽ മലയാളത്തിൽ മറിച്ചാണ് സ്ഥിതി. ഡബ്യുസിസി എന്ന സംഘടനയുമായി ചേരുന്ന ആ നിമിഷം നിങ്ങൾ അനഭിമതയായി തീരുമെന്നും തീർത്തും വേദനാ ജനകമാകുന്ന രീതിയിൽ തങ്ങൾക്ക് അവസരം കുറഞ്ഞ് വരികയാണെന്നും നടി പാർവ്വതി പറയുന്നു.

കഴിഞ്ഞ വർഷമിറങ്ങിയ കസബ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധ പരാമർശത്തെ കുറിച്ച് ഞാൻ പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇത്തരം ഡയലോഗുകൾ സമൂഹത്തെ പ്രതിഫലിപ്പിക്കുന്നവയാകും എന്നാൽ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതം നൽകി അതിനെ മഹത്തരമാക്കുകയും ആളുകളെ കൈയടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യരുതെന്നാണ് ഞാൻ ഉദ്ദേശിച്ചത്. അത് ചെറുതായിട്ടാണെങ്കിലും നടപ്പാക്കിയതിൽ സന്തോഷമുണ്ട് പാർവതി പറഞ്ഞു.

താരങ്ങളുടെ ഫാൻസ് അസോസിയേഷനുകൾ ഗുണ്ടാസംഘങ്ങളായി മാറി കൊണ്ടിരിക്കുകയാണ്. എതിർത്ത് സംസാരിച്ചാൽ എന്തും സംഭവിക്കാം. ഞങ്ങളും ഞങ്ങളുടെ വീട്ടുകാരും ഭയന്നാണ് കഴിയുന്നത്. ചിലപ്പോൾ നമ്മുടെ വീട് വരെ അഗ്‌നിക്കിരയാക്കപ്പെട്ടെന്നു വരെ വരാം. എനിക്ക് ഇപ്പോൾ ആകെ ഒരു അവസരമാണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ നാലു വർഷത്തിനിടയ്ക്ക് എന്റെ സിനിമകൾ എല്ലാം തന്നെ ഹിറ്റായിരുന്നു ആ എനിക്കാണ് ഇപ്പോൾ ഒരു സിനിമാ ഓഫർ മാത്രം ലഭിച്ചിരിക്കുന്നത്. എന്റെ അമ്മ പറയുന്നുണ്ട് ഞാൻ എം.ബി.എ പഠിച്ചാൽ മതിയായിരുന്നുവെന്ന്-നടി കൂട്ടിച്ചേർത്തു.