അൽപമെങ്കിലും മനുഷ്വത്തമുള്ള ആരെങ്കിലും ഇന്ന് മലയാളത്തിലെ ടെലിവിഷൻ ചാനൽ തുറന്ന് വച്ച് കണ്ടെങ്കിൽ നമ്മുടെ സഹോദരിമാരായ ആ നടിമാരുടെ കണ്ണുനീരും രോഷവും നിങ്ങളുടെ ഹൃദയത്തെ തകർക്കുകയും തുളയ്ക്കുകയും ചെയ്യും. അത് മുഴുവൻ കണ്ടുകൊണ്ടിരുന്നപ്പോൾ എനിക്ക് ഈ ഭൂമി മലയാളത്തിലെ ഒരു പുരുഷ പ്രജയാണല്ലോ എന്നോർത്ത് ലജ്ജയാണ് തോന്നിയത്. നമ്മൾ സെലിബ്രിറ്റികളായി ആഘോഷിക്കുന്ന ചില സ്ത്രീകൾ നമ്മുടെ ജീവിത്തിന്റെ ഭാഗമായി ചേർന്ന ചില നടിമാർ അവർ അപമാനിക്കപ്പെടുകയും ഇരയാക്കപ്പെടുകയും ചെയ്തിട്ടും അവരെ നോക്കി കളിയാക്കുകയും അവരെ ചവിട്ടി മൂലയ്ക്കിരുത്തുകയും ചെയ്യുന്ന പുരുഷാധിപത്യ സമൂഹത്തിന്റെ ഭീകരമായ കാഴ്‌ച്ചകൾ അവർ കണ്ണ് തുറന്ന് കണ്ടത് വിളിച്ച് പറഞ്ഞപ്പോൾ ആരാണ് ഭയപ്പെട്ടിട്ടില്ലാത്തത്.

ആരാണ് ലജ്ജിച്ചിട്ടില്ലാത്തത്. ഓർക്കുക ഉന്നതമായ സ്വാധീനങ്ങളും പദവികളുമുള്ള മലയാള സിനിമയിലെ നായികമാരാണ് മാധ്യമങ്ങൾക്ക് മുന്നിൽ നിരന്ന് നിന്നുകൊണ്ട് അവരുടെ അപമാനത്തിന്റെ കഥകളുടെ സൂചനകളെങ്കിലും പുറം ലോകത്തോട് പറഞ്ഞത്. എത്ര ലജ്ജാവഹമാണ് നമ്മുടെ സാമൂഹ്യാവസ്ഥ. സിനിമയെന്നാൽ സ്ത്രീകൾ വെറും ഉപകരണങ്ങളും ചരക്കുകളുമാണ് എന്ന് കരുതുന്ന നമ്മുടെ ഈ സാഹചര്യത്തെ മാറ്റി മറിക്കാൻ ഈ പെൺകുട്ടികളുടെ, ഈ യുവതികളുടെ ഈ സഹോദരിമാരുടെ വാക്കുകൾക്ക് കഴിയട്ടെ എന്നാണ് എന്റെ പ്രാർത്ഥന. അവർ വെളിപ്പെടുത്തിയത് സ്ത്രീയെ അപമാനിക്കുന്ന സ്ത്രീത്വത്തെ അപമാനിക്കുന്ന പുരുഷാധിപത്യ സമൂഹത്തിന്റെ ക്യാൻസർ വന്ന ആധുനിക കേരളീയ നഖചിത്രങ്ങൾ തന്നെയാണ്. ഇത്രയും പ്രശസ്തരും പ്രമുഖരുമായ സ്ത്രീകൾക്ക് പോലും സുരക്ഷിതത്വമൊരുക്കാൻ നമ്മുടെ സമൂഹത്തിന് കഴിയുന്നില്ലെങ്കിൽ ദുർബലകളും അബലകളുമായ സാധാരണ സ്ത്രീയുടെ അവസ്ഥ എന്താണ്.

ഏറ്റവും ലജ്ജാകരമായ വസ്തുത ഇത്രയും വേദനയോടും രോഷത്തോടും സങ്കടത്തോടും ആ നടിമാർ ഹൃദയം തുറന്നപ്പോൾ അതിനെ സംശയിക്കുകയും അത് ബ്ലാക്ക് മെയിലിങ്ങാണ് എന്നും ഗോസിപ്പിങ്ങാണ് എന്നും പറഞ്ഞുകൊണ്ട് പുരുഷാധിപത്യത്തിന്റെ ഭീകര സ്വരം പ്രകടിപ്പിച്ച ചില മാധ്യമ പ്രവർത്തകരാണ്. അവർ രോഷം കൊള്ളുകയും വെല്ലുവിളിക്കുകയുമാണ്. ഇങ്ങനെയൊന്നും പോകാൻ സമ്മതിക്കുകയില്ല. ആ പതിനേഴുകാരി ആരാണെന്ന് പറയണം. ആരാണ് ആ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പറയണം. നിങ്ങൾ ബ്ലാക്ക്‌മെയിൽ ചെയ്യുകയാണ്, നിങ്ങൾ കച്ചവടം ചെയ്യുകയാണ്, നിങ്ങൾക്ക് നാണമില്ലെ ഇനിയും അമ്മയെന്ന സംഘടനയിൽ നിൽക്കാൻ, നിങ്ങൾ പറയുന്നത് കേൾക്കാൻ ആരുമില്ലാത്തപ്പോൾ എന്താണ് രാജിവച്ച് പോകാത്തത് തുടങ്ങിയ നാണംകെട്ട ചില ചോദ്യങ്ങളാണ് മാധ്യമപ്രവർത്തകരിൽ ചിലർ ചോദിച്ചത്.

അവർ സത്യം പറയാൻ വേണ്ടി പുറത്ത് വന്നപ്പോൾ അവർ അവരുടെ ഹൃദയം തുറന്ന് പറഞ്ഞപ്പോൾ അവരുടെ കണ്ണു നിറഞ്ഞപ്പോൾ സാരമില്ല ഞങ്ങളുണ്ട് നിങ്ങളുടെ കടെ എന്ന് പറയാൻ ചുമതലയുള്ള മാധ്യമ പ്രവർത്തകരാണ് അവരെ പ്രകോപിപ്പിച്ചതും അപമാനിച്ചതും. ആദ്യമേ പറയട്ടെ പുരുഷാധിപത്യ സമൂഹത്തിന്റെ ഏറ്റവും വലിയ പ്രതീകങ്ങളായി മാറുകയായിരുന്നു ആ സഹോദരിമാരുടെ ചോദ്യങ്ങൾക്ക് മുൻപിൽ നിന്ന മാധ്യമപ്രവർത്തകർ. ഈ മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത് നമ്മുടെ സമൂഹത്തിന്റെ ഏത് മേഖലയിലും സ്ത്രീകൾ വെറും ഉപകരണങ്ങൾ മാത്രമാണ് എന്നാണ്. തുറന്ന് പറയുന്ന സ്ത്രീകൾ അപമാനിക്കപ്പെടുന്നു. അത് ഫ്രാങ്കോയുടെ കാര്യത്തിലാണെങ്കിലും ശരി ദിലീപിന്റെ കാര്യത്തിലും അങ്ങനെതന്നെയാണ്.