കൊച്ചി: മലയാള സിനിമയിലെ ലിംഗ വിവേചനത്തിനെതിരെ ശബ്ദം ഉയർത്തി രൂപം കൊണ്ട വിമൻ ഇൻ സിനിമ കളക്ടീവ് വിവിധ പരിപാടികളോടെ ഒന്നാം വാർഷികം ആഘോഷിക്കുന്നു. ഒരുവർഷം നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഡബ്ല്യുസിസിയുടെ വാക്കുകൾ ഇങ്ങനെ:

'ഒരു വർഷം പിന്നിട്ട പ്രസ്ഥാനം ചില പുനർവായനകളിലേക്ക്. നിലനില്ക്കുന്ന വ്യവസ്ഥയെ പുനർവായനക്ക് വിധേയമാക്കി മാത്രമേ പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനാവൂ. സിനിമയുടെ അകത്തെയും പുറത്തെയും അത്തരമൊരു വായനക്ക് വിധേയമാക്കേണ്ടതുണ്ട്.കാഴ്ചയിലൂടെ, ചിന്തയിലൂടെ, കലയുടെയും സംവാദങ്ങളുടെയും കൈകോർക്കലിലൂടെ വേണം ഈ പുനർവായന സാധ്യമാക്കാൻ. സിനിമാ പ്രദർശനങ്ങൾ,ശില്പശാലകൾ, സംവാദങ്ങൾ, സൗഹൃദസദസ്സുകൾ, സിനിമാ യാത്രകൾ.... തോളോട് തോൾ ചേർന്ന്, ആത്മവിശ്വാസത്തോടെ, തല ഉയർത്തി നില്ക്കാനുള്ള ഈ എളിയ പരിശ്രമങ്ങളിലേക്ക് ഏവർക്കും സ്വാഗതം. തുല്യ ഇടത്തിനും തുല്യ അവസരത്തിനുമായുള്ള ഈ യത്‌നങ്ങളിൽ നിങ്ങളും ഭാഗമാകൂ... കൈകോർക്കൂ..നന്ദി !'

ഈ മാസം 26,27,28 തീയതികളിലായി കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നടക്കുന്ന കർട്ടൻ റെയ്‌സറോടെ ഒരുവർഷം നീളുന്ന പരമ്പരയ്ക്ക് തുടക്കമാകും. മാധ്യമപ്രവർത്തകർ,അഭിഭാഷകർ, രാഷ്ട്രീയ പ്രവർത്തകർ, ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ എന്നിവരടക്കം നാനാതുറകളിലുള്ളവർ പരിപാടിയിൽ പങ്കെടുക്കും.ആദ്യ പരിപാടി ഓഗസ്റ്റിലാണ് ആലോചിക്കുന്നത്.