മുംബൈ: ആഡംബര കപ്പലായ കോർഡെലിയയിൽ നിന്ന് ലഹരിപ്പാർട്ടി സംഘത്തെ റെയ്ഡിൽ പിടികൂടിയതും തുടർന്നുള്ള അറസ്റ്റും ബോളിവുഡ് താരം ഷാരൂഖ് ഖാനെ ലക്ഷ്യമിട്ടുള്ളതാണെന്ന റിപ്പോർട്ടുകൾ തള്ളി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെ. കഴിഞ്ഞ ഒരു വർഷത്തിനിടെ അറസ്റ്റിലായവരിൽ ഭൂരിഭാഗവും കടുത്ത മയക്കുമരുന്ന് സംബന്ധിയായ കുറ്റവാളികളാണ്. അറിയപ്പെടുന്ന ചില വ്യക്തികൾ പിടിക്കപ്പെടുമ്പോൾ മാത്രമാണ് മാധ്യമങ്ങളുടെ അതിനു അമിത പ്രധാന്യം നൽകുന്നതെന്ന് സമീർ വാങ്കഡെ വ്യക്തമാക്കി.

ഇറ്റി ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് സമീർ ഇക്കാര്യം പറയുന്നത്. ''ഞങ്ങൾ ആരെയും ലക്ഷ്യമിടുന്നില്ല. ഷാരൂഖുമായി അദ്ദേഹത്തോട് ഒരു വിരോധവുമില്ല. കഴിഞ്ഞ 10 മാസത്തിനിടെ 300 ലധികം പേരെ ഞങ്ങൾ അറസ്റ്റ് ചെയ്തു. അവരിൽ, പരമാവധി, ഏകദേശം 4 മുതൽ 5 വരെ അറിയപ്പെടുന്ന പ്രമുഖരായവർ ആയിരിക്കാം' സമീർ പറയുന്നു.

ഞങ്ങൾ ആരെയെങ്കിലും ലക്ഷ്യമിടുന്നുവെന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും? വർഷത്തിലുടനീളം നിരവധി റെയ്ഡുകളും അറസ്റ്റുകളും എൻസിബിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. ഇത്തവണയും അതുതന്നെയാണ് സംഭവിച്ചത്. ആഡംബര കപ്പലിലെ റെയ്ഡും അത്തരരത്തിൽ ഒന്നാണ്. റെയ്ഡ് നടക്കുമ്പോൾ 'ആര്യൻ ഖാൻ തെറ്റായ സമയത്ത് തെറ്റായ സ്ഥലത്തായിരുന്നു'. അതാണ് അറസ്റ്റിനു കാരണമയാതെന്നും സമീർ വ്യക്തമാക്കി.

ലഹരിപ്പാർട്ടി സംഘത്തെ ആഡംബര കപ്പലിൽ നിന്നും സമീർ വാങ്കഡെയും സംഘവും കസ്റ്റഡിയിലെടുത്തത് അതി വിദഗ്ധമായ ആസൂത്രണത്തിലൂടെയാണ്. മുംബൈയിൽ ബോളിവുഡ് താരങ്ങളുടേയും വൻ വ്യവസായികളുടേയും മക്കൾ സ്ഥിരമായി ലഹരിപ്പാർട്ടികൾ സംഘടിപ്പിക്കുന്നെന്ന് മുൻപും എൻസിബിക്ക് വിവരം ലഭിച്ചിരുന്നു. എന്നാൽ, പലരേയും കൃത്യമായി നിരീക്ഷിച്ചെങ്കിലും ഇത്തരക്കാരെ ലഹരിയോടെ കൈയോടെ പിടികൂടാൻ എൻസിബിക്ക് ആയിരുന്നില്ല.

കോർഡെലിയ ആഡംബരക്കപ്പലിൽ ലഹരിപ്പാർട്ടി നടക്കുമെന്ന് സമീർ വാങ്കഡെയ്ക്കു വിവരം ലഭിക്കുന്നത് ചില മയക്കുമരുന്ന് ഇടനിലക്കാരുടെ ആശയവിനിമയം ചോർത്തിയതോടെയാണ്. എന്നാൽ, വൻസ്രാവുകളാണ് കപ്പലിൽ ഉള്ളതെന്ന് എൻസിബിക്ക് വിവരം ഉണ്ടായിരുന്നില്ല. ഫാഷൻ ടിവിയുടെ പേരിലാണ് കപ്പലിൽ ഡാൻഡ് പാർട്ടി ഒരുക്കിയിരുന്നത്. ഈ പാർട്ടിയിലേക്ക് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ പ്രത്യേക അതിഥിയാണ് എത്തിക്കുകയായിരുന്നു.

കോർഡെലിയ മുംബൈയിൽ നിന്ന് യാത്ര ആരംഭിക്കുമ്പോൾ തന്നെ പതിനൊന്ന് അംഗ എൻസിബി സംഘം കപ്പലിൽ യാത്രക്കാർ എന്ന രീതിയിൽ കയറിയിരുന്നു. മറ്റൊരു ആറംഗ സംഘം ഗോവയിൽ നിന്നാണ് ടിക്കറ്റ് ബുക്ക് ചെയ്തു കയറിയത്.

കപ്പലിൽ ഗോവയിൽ നിന്ന് ലഹരി എത്തിക്കുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കം എൻസിബി നടത്തിയത്. ആദ്യ ദിവസങ്ങളിൽ രാത്രിയിൽ നടന്ന പാർട്ടികളിൽ തന്നെ ലഹരിയുടെ ഉപയോഗം നടക്കുന്നെന്ന് എൻസിബിക്ക് വ്യക്തമായിരുന്നു. എന്നാൽ, റേവ് പാർട്ടിയിലെ മുഴുവൻ അംഗങ്ങളേയും പിടികൂടുക എന്ന ലക്ഷ്യത്തോടെ സമീറും സംഘവും എല്ലാദിവസവും ആര്യൻ അടങ്ങുന്ന സംഘത്തെ നിരന്തരം നിരീക്ഷിച്ചിരുന്നു.

എൻസിബിയിലെ ചെറുപ്പക്കാരയ ചിലർ ഈ റേവ് പാർട്ടിയിൽ കടന്നുകൂടുകയും ചെയ്തു. ഗോവയിലും പിന്നീട് കൊച്ചിയിലും എത്തി കപ്പൽ മടങ്ങുന്നതിനിടെയാണ് കപ്പലിന്റെ ക്യാപ്റ്റൻ അടക്കം ജീവനക്കാരെ തങ്ങൾ എൻസിബി സംഘമാണെന്നും കപ്പലിൽ ലഹരി പാർട്ടി നടത്തിയ എല്ലാവരേയും കസ്റ്റഡിയിൽ എടുക്കുകയാണെന്നും സമീറും സംഘവും അറിയിച്ചത്.

ഇവരിൽനിന്ന് എം.ഡി.എം.എ, കൊക്കെയ്ൻ, ഹാഷിഷ് ഉൾപ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. തുടർന്ന് ഇവരെ മുംബൈയിലെ എൻ.സി.ബി. ഓഫീസിലെത്തിച്ച് ചോദ്യംചെയ്യുകയായിരുന്നു. ഏകദേശം 17 മണിക്കൂറോളമാണ് ചോദ്യംചെയ്യൽ തുടർന്നത്. ഒടുവിൽ ലഹരിമാഫിയകളുമായുള്ള ബന്ധത്തിന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചതോടെയാണ് ഷാരൂഖിന്റെ മകൻ 23-കാരനായ മകൻ ആര്യൻ ഖാനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തത്.

സാധാരണ നിലയിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനെ അറസ്റ്റ് ചെയ്യാൻ ഒരു പൊലീസുദ്യോഗസ്ഥനും ധൈര്യപ്പെടില്ല. അവിടെയാണ് മരണഭയമില്ലാത്ത, അനീതിക്കെതിരെ പടനയിക്കുന്ന സമീർ വാങ്കഡെ വ്യത്യസ്തനാകുന്നത്.

നടൻ സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ബോളിവുഡിലെ മയക്കമരുന്ന് സ്വാധീനത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയപ്പോഴാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയുടെ പേര് ഉയർന്ന് വന്നത്. നിരോധിക്കപ്പെട്ട മയക്കമരുന്ന് കൈവശം വെച്ച ഒട്ടേറെ ഉയർന്ന ഉദ്യോഗസ്ഥരെ അദ്ദേഹം പിടികൂടുകയുണ്ടായി.

ജന്മം കൊണ്ട് മുംബൈക്കാരനാണ് 40കാരനായ സമീർ വാങ്കഡെ. അദ്ദേഹത്തിന്റെ അച്ഛനും പൊലീസ് ഉദ്യോഗസ്ഥനാണ്. 2008 ബാച്ചിലെ ഐ.ആർ.എസ്. ഓഫീസറാണ്. മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഓഫീസറായാണ് തുടക്കം. പിന്നീട് എയർ ഇന്റലിജൻസ് യൂണിറ്റ് ഡെപ്യൂട്ടി കമ്മിഷണർ, എൻ.ഐ.എ. അഡീഷണൽ എസ്‌പി., ഡി.ആർ.ഐ. ജോയന്റ് കമ്മിഷണർ തുടങ്ങിയ പദവികളിലും പ്രവർത്തിച്ചു. ഇതിനുശേഷമാണ് എൻ.സി.ബി.യിൽ എത്തുന്നത്.



കസ്റ്റംസ് ഓഫീസറായിരിക്കെ സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ഒരു ഇളവും നൽകാത്ത ഉദ്യോഗസ്ഥനായിരുന്നു സമീർ വാങ്ക്ഡെ. വിദേശരാജ്യങ്ങളിൽനിന്ന് കൊണ്ടുവരുന്ന വസ്തുക്കൾ കൃത്യമായ നികുതി ഈടാക്കാതെ വിട്ടുനൽകിയിരുന്നില്ല. 2013-ൽ മുംബൈ വിമാനത്താവളത്തിൽ ഗായകൻ മിക സിങ്ങിനെ വിദേശകറൻസിയുമായി പിടികൂടിയത് സമീർ വാങ്ക്ഡെയായിരുന്നു.

2011-ലെ ക്രിക്കറ്റ് ലോകകപ്പിന്റെ സ്വർണക്കപ്പ് പോലും മുംബൈ വിമാനത്താവളത്തിൽനിന്ന് വിട്ടുനൽകിയത് കസ്റ്റംസ് ഡ്യൂട്ടി അടച്ചതിനുശേഷമാണ്. നികുതി അടയ്ക്കാത്തതിന് പല പ്രമുഖരും ഉൾപ്പെടെ രണ്ടായിരത്തിലേറെ പേർക്കെതിരേയാണ് മഹാരാഷ്ട്ര സർവീസ് ടാക്‌സ് വിഭാഗത്തിൽ ഡെപ്യൂട്ടി കമ്മിഷണറായിരിക്കെ കേസ് രജിസ്റ്റർ ചെയ്തത്.

എൻ.സി.ബി.യിൽ ചുമതലയേറ്റെടുത്തശേഷം ഏകദേശം 17,000 കോടി രൂപയുടെ ലഹരിമരുന്നുവേട്ടയാണ് സമീർ വാങ്ക്ഡെയുടെ നേതൃത്വത്തിൽ നടന്നത്. കേസുകളുമായി ബന്ധപ്പെട്ട് പല പ്രമുഖരുടെയും വീടുകളിൽ സമീർ വാങ്കെഡെ ഒരു മടിയുംകൂടാതെ പരിശോധന നടത്തി. ഉന്നതരാണെങ്കിലും അദ്ദേഹം വിട്ടുവീഴ്ച കാണിച്ചില്ല.വാങ്കഡെയെ നിർഭയനും കൃത്യനിഷ്ഠയുള്ളവനും ആയാണ് സഹപ്രവർത്തകർ വാഴ്‌ത്തുന്നത്.

ബോളിവുഡ് സിനിമകളുടെയും ക്രിക്കറ്റിന്റെയും ആരാധകനായ ഇദ്ദേഹം പക്ഷെ നീതിനിർവ്വഹണത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചകൾ ചെയ്യാറില്ല. ആദ്യം ഡപ്യൂട്ടി കസ്റ്റംസ് കമ്മീഷണറായി മുംബൈ വിമാനത്താവളത്തിൽ ജോലി ചെയ്യുമ്പോൾ അദ്ദേഹം നിരവധി ചലച്ചിത്രതാരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും കസ്റ്റംസ് തീരുവ വെട്ടിക്കാൻ ശ്രമിച്ചതിന് അദ്ദേഹം പിടികൂടി.

'താരങ്ങൾ എപ്പോഴും പ്രശ്നം സൃഷ്ടിക്കാറുണ്ട്. അവർക്കെതിരെ നടപടിയെടുത്താൽ ഉന്നതോദ്യോഗസ്ഥരെ അറിയിക്കുമെന്നതായിരിക്കും ഭീഷണി. ഞാനാണ് ഈ ഡിപ്പാർട്മെന്റിലെ ഏറ്റവും സീനിയറായ ഉദ്യോഗസ്ഥൻ എന്ന് പറയുന്നതോടെ അവരുടെ പത്തി മടങ്ങും,' സമീർ വാങ്കഡേ മുമ്പ് നൽകിയ അഭിമുഖത്തിൽ പറയുന്നു.

മഹാരാഷ്ട്ര സർവ്വീസ് ടാക്സ് വകുപ്പിലേക്ക് 2010ൽ മാറ്റുമ്പോൾ അദ്ദേഹം 2500 പേരെ ശിക്ഷിച്ചു. ഇതിൽ 200 പേർ താരങ്ങളായിരുന്നു. നികുതിവെട്ടിപ്പിനായിരുന്നു ഈ ശിക്ഷ. ഇതിന്റെ പേരിൽ ഖജനാവിലേക്ക് നൽകിയത് 87 കോടിയുടെ വരുമാനം. അനുരാഗ് കശ്യപ്, വിവേക് ഒബ്റോയി, രാം ഗോപാൽ വർമ്മ എന്നീ ബോളിവുഡ് താരങ്ങളുടെ സ്വത്ത് അദ്ദേഹം റെയ്ഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷം വാങ്കഡേയും സംഘവും പിടിച്ചത് 17000 കോടി രൂപയുടെ മയക്കമരുന്നാണ്.



2020ൽ 60 പേരടങ്ങുന്ന മയക്കമരുന്ന് കടത്ത് സംഘത്തിന്റെ ആക്രമണത്തിൽ വാങ്കഡേയ്ക്ക് പരിക്കേറ്റു. നിസ്സാര പരിക്കുകളോടെ വാങ്കഡേ രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ രണ്ട് സഹപ്രവർത്തകർക്ക് ഗുരുതരമായ പരിക്കേറ്റു. ബോളിവുഡും മയക്കമരുന്ന ലോബിയും തമ്മിലുള്ള ബന്ധത്തിന്റെ പേരിൽ റിയ ചക്രവർത്തിയെ വാങ്കഡേ ചോദ്യം ചെയ്തത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ബോളിവുഡ് ബാദ്ഷായുടെ മകനെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ വീണ്ടും വാങ്കഡേ വാർത്തയാകുന്നു.