- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഭയാർത്ഥി ക്യാമ്പിലെ അഗ്നിബാധയിൽ നഷ്ടമായത് നാടുവിട്ടോടിയപ്പോൾ നെഞ്ചോട് ചേർത്തവയെല്ലാം; ബംഗ്ലാദേശിലെ മ്യാന്മർ അഭയാർത്ഥി ക്യാമ്പിൽ ഇനിയെന്ത് ചെയ്യണമെന്ന ചോദ്യത്തിന് മുന്നിൽ പകച്ച് പതിനായിരങ്ങൾ
ധാക്ക: ബംഗ്ലാദേശിലെ മ്യാന്മർ അഭയാർത്ഥി ക്യാമ്പിലെ അഗ്നിബാധയിൽ എല്ലാം നഷ്ടമായി ഇനിയെന്ത് ചെയ്യണമെന്ന ചോദ്യത്തിന് മുന്നിൽ പകച്ച് പതിനായിരങ്ങൾ. കോക്സ് ബസാറിൽ അഭയാർഥികൾ തിങ്ങിത്താമസിച്ച ക്യാമ്പുകളിൽ കഴിഞ്ഞ ദിവസമുണ്ടായ വൻ അഗ്നിബാധയിൽ 15 പേർ മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. നൂറുകണക്കിന് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തിരുന്നു.
ഏഴു ലക്ഷം പേരാണ് കോക്സ് ബസാറിലെ ക്യാമ്പുകളിലുള്ളത്. പലഘട്ടങ്ങളിലായി അഗ്നിയെടുത്ത ഇവിടെ അവശേഷിച്ച ക്യാമ്പുകൾ കൂടി വെണ്ണീറായതോടെ ഇനിയെന്തു ചെയ്യുമെന്നതാണ് അഭയാർഥികൾ നേരിടുന്ന വലിയ ചോദ്യം. വീടു നഷ്ടമായ പതിനായിരങ്ങൾ ഇനിയെന്തു ചെയ്യുമെന്നറിയാതെ കാത്തിരിക്കുന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. ഉള്ളതെല്ലാം അഗ്നിയെടുത്തതോടെ അന്തിയുറങ്ങാൻ പോലും വഴിയടഞ്ഞ ദാരുണ അവസ്ഥ അവരെ തുറിച്ചുനോക്കുന്നു. ശക്തമായ കാറ്റും ചൂടുപിടിച്ച് പൊട്ടിത്തെറിച്ച ഗസ്സ് സിലിണ്ടറുകളും കൂടിയായതോടെ ക്യാമ്പുകളിലേറെയും അതിവേഗം നശിച്ചു. പകരം ബംഗ്ലാദേശ് റെഡ് ക്രസൻറ് സൊസൈറ്റിയുടെ സഹായത്തോടെ സ്ഥാപിച്ച 800 തമ്പുകളിൽ കുറെ പേർ അഭയം തേടിയിട്ടുണ്ട്.
വെള്ളിയാഴ്ചയോടെ കുറെ പേർ മുളയും ടാർപോളിനും സ്വന്തമാക്കി പഴയ താത്കാലിക വീടുകൾ വീണ്ടും നിർമ്മാണം തുടങ്ങിയിട്ടുണ്ട്. സഹായവുമായി രാജ്യാന്തര സംഘടനകളും രംഗത്തുണ്ട്. സുരക്ഷ സംവിധാനങ്ങൾ തീരെയില്ലാത്ത ക്യാമ്പുകളിൽ അഗ്നി പടരുക അതിവേഗമാണ്. സുരക്ഷാസേനക്ക് അവശ്യ സേവനങ്ങളുമായി എത്തുക പ്രയാസവും.
മറുനാടന് മലയാളി ബ്യൂറോ