- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഘർവാപ്പസിക്കാലത്ത് മദർതേരസക്കൊപ്പം നാം മാധവിക്കുട്ടിയെക്കൂടി ഓർക്കേണ്ടേ? ആ മതംമാറ്റം ഒരു ഇന്റലക്ച്വൽ ജിഹാദ് ആയിരുന്നോ! ഇസ്ലാമിക പ്രബോധകരും പാസ്റ്റർമാരും മറക്കരുതാത്ത ചില കാര്യങ്ങൾ
നമ്മുടെ ശശികലടീച്ചറെയും, പി പരമേശ്വർജിയെയും പോലുള്ള സകല കടുത്ത വർഗീയവാദികൾക്കും ബോധക്ഷയമുണ്ടാക്കിയ സംഭവമായിരുന്നു പത്തുപതിനാറ് വർഷങ്ങൾക്കുമുമ്പ്, പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി മതം മാറി കമല സുരയ്യയായത്. സാധാരണ മതംമാറ്റങ്ങളിൽ കാണാറുള്ളപോലെ സാമ്പത്തിക പ്രലോഭനമോ, ജാതിയുടെ പ്രശ്‌നങ്ങളോ ഒന്നും മാധവിക്കുട്ടിയെന്ന സവർണ നായർത
നമ്മുടെ ശശികലടീച്ചറെയും, പി പരമേശ്വർജിയെയും പോലുള്ള സകല കടുത്ത വർഗീയവാദികൾക്കും ബോധക്ഷയമുണ്ടാക്കിയ സംഭവമായിരുന്നു പത്തുപതിനാറ് വർഷങ്ങൾക്കുമുമ്പ്, പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി മതം മാറി കമല സുരയ്യയായത്. സാധാരണ മതംമാറ്റങ്ങളിൽ കാണാറുള്ളപോലെ സാമ്പത്തിക പ്രലോഭനമോ, ജാതിയുടെ പ്രശ്‌നങ്ങളോ ഒന്നും മാധവിക്കുട്ടിയെന്ന സവർണ നായർതറവാട്ടിൽ ജനിച്ച, അന്ന് 65വയസ്സുണ്ടായരുന്ന സെലിബ്രിറ്റി എഴുത്തുകാരിക്ക് ഏശിയിട്ടില്ലാത്തതിനാൽ ഇസ്ലാമിസ്റ്റുകൾക്കുണ്ടായ ആഹ്‌ളാദം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇസ്ലാമിന്റെ മൂല്യങ്ങൾ അംഗീകരിച്ചുണ്ടായ മാനസാന്തരമാണ് ഇതെന്നും അവസാനം രക്ഷ ഈ മതംമാത്രമാണെന്ന് അവർക്ക് ദൈവം ബോധ്യപ്പെടുത്തിക്കൊടുത്തെന്നും യാതൊരു ലജ്ജയുമില്ലാതെ ഇസ്ലാമിക പ്രബോധകർ പ്രസംഗിച്ചു നടന്നകാലം.
സ്‌നേഹ സംവാദമെന്നോ, സുഹൃദ് സംവാദമെന്നോ ഒക്കെയുള്ള പേരിൽ എറണാകുളത്ത് നടന്ന ഒരു കൂട്ടായ്മയിൽ മാധവിക്കുട്ടിയുടെ പാത പിന്തുടർന്ന് ഇസ്ലാമിനെക്കുറിച്ച് പഠിച്ച്, ജീർണതയുടെ മതം ഉപേക്ഷിച്ച് പുറത്തുവരാൻ ഒരു മതപ്രാസംഗികൻ പച്ചക്ക് പറഞ്ഞിരുന്നു. അത്രക്ക് വലുതായിരുന്നു ആ മതംമാറ്റം കേരളത്തിലെ ഇസ്ലാമിക 'പ്രസംഗ തൊഴിലാളികളിൽ' സൃഷ്ടിച്ച അഹ്‌ളാദം. സാധാരണ അവർ ഗീതയും, ബൈബിളും, ബുദ്ധശാസനങ്ങളുമാമൊക്കെ ഒന്നുരണ്ടുവരി എടുത്തിട്ട് എല്ലാമതങ്ങളുടെയും നന്മകളിലൂടെ ഒന്ന് കടന്നുപോയി അവസാനം തങ്ങളുടെ മതമാണ് ഏറ്റവും മികച്ചതെന്ന് വ്യംഗ്യമായി അവതരിപ്പിക്കയായിരുന്നു ചെയ്യാറ്. എന്നാൽ മാധവിക്കുട്ടിയുടെ മതം മാറ്റം അവർക്ക് ഒരു മതേതരസമൂഹത്തിൽ ഒരു മതംമാത്രമാണ് നല്ലത് എന്ന ആശയം കൃത്യമായി പ്രചരിപ്പിക്കാനുള്ള അവസ്ഥ ഉണ്ടാക്കിക്കൊടുത്തുവെന്ന് കേരളത്തിലെ പൊതുസമൂഹം വേണ്ടത്ര തിരച്ചറിഞ്ഞിട്ടില്ല. മാധവിക്കുട്ടിയെന്ന എഴുത്തുകാരിയിലെ എക്‌സെൻട്രിക്ക് സ്വഭാവവും വ്യക്തിജീവിതത്തിലെ അവരുടെ നിരാശകളും ഒറ്റപ്പെടലും ഒന്നും പരിഗണിക്കാതെ ഇസ്ലാമിന്റെ മേന്മകളിലേക്കാണ് അന്ന് ചർച്ച വഴിതിരിഞ്ഞുപോയത്. (അന്ന് വി.കെ.എൻ ഇന്ത്യാടുഡെയിൽ ഒരു കുറിപ്പെഴുതി. പ്രശസ്ത സാഹിത്യകാരൻ വി.കെ.എൻ ഒരു ഹിജഡയായി മതം മാറിയെന്ന്. സ്ത്രീവർഗവും പുരുഷവർഗവും തന്നെ മാറിമാറി അവഗണിക്കുന്നതിൽ മനംനൊന്താണ് ഈ മാറ്റമെന്ന കുറിക്കുകൊള്ളുന്ന നിഗമനങ്ങളായിരുന്നു അത്!)
മാധവിക്കുട്ടിയുടെ വ്യക്തിജീവതത്തിൽ അവർ എടുക്കാൻപോവുന്ന ചില നിലപാടുകളാണ് ഈ മാറ്റത്തിനുകാരണമെന്ന് അക്കാലത്തുതന്നെ അഭ്യൂഹമുണ്ടായിരുന്നെിലും ഒന്നും വെളിപ്പെട്ടിരുന്നില്ല. പിന്നീട് വർഷങ്ങൾ കഴിഞ്ഞ് മാധവിക്കുട്ടിയുടെ മരണശേഷം പ്രശസ്ത പത്രപ്രവർത്തകയും എഴുത്തുകാരിയുമായ ലീലാമേനോനാണ് ആ മതം മാറ്റത്തിനുപിന്നിലെ കാരണങ്ങൾ നിരത്തി ബോംബ് പൊട്ടിച്ചത്. അതുവരെ പറഞ്ഞുകേട്ട ആശയപരമായ മനംമാറ്റത്തിന്റെ എല്ലാ ബഡായികളെയും തകർക്കുന്നതായിരുന്നു അത്.
ലീലാമേനോൻ പറഞ്ഞ കഥ
അക്കാലത്തുതന്നെ എല്ലാവർക്കും ഏറെക്കുറെ അറിയാമായിരുന്ന ഒരു സത്യം തന്നെയാണ് ലീലാ മേനോൻ വെളിപ്പെടുത്തിയത്. മാധവിക്കുട്ടിയുടെ മതം മാറ്റത്തിന്റെ പ്രധാനകാരണം, സാധാരണ ഇത്തരം വിഷയങ്ങളിൽ കണ്ടുവരാറുള്ളപോലെ വിവാഹം എന്ന പ്രലോഭനം തന്നെയായിരുന്നു. മുസ്ലീലീഗ് നേതാവും ഒന്നാന്തരം പ്രഭാഷകനും പണ്ഡിതനുമായ അബ്ദുസമദ് സമദാനിയായിരുന്നത്രേ മാധവിക്കുട്ടിയുടെ മനസ്സിൽ. (കുറ്റം പറയരുതല്ലോ, കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽവച്ച് ഏറ്റവും ഉജ്ജ്വലനായ പ്രാസംഗികനാണ് സമദാനി. മാതൃത്വത്തെകുറിച്ചുള്ള സമദാനിയുടെ ഒരു പ്രഭാഷണംകേട്ട് നടൻ മോഹൻലാൽ കണ്ണുതുടക്കുന്ന ഒരു രംഗം ഈയിടെ നെറ്റിൽ കണ്ടു). ഇരുവരും അടുപ്പത്തിലായിരുന്നെന്നും എന്തിന് തമ്മിൽ ശാരീരിക ബന്ധംപോലും ഉണ്ടായതായി മാധവിക്കുട്ടി തന്നോട് പറഞ്ഞതായി ലീലാമേനോൻ വെളിപ്പെടുത്തുന്നു. തീർച്ചയായും സമദാനിയുടെ സഹവാസംകൊണ്ട് ഇസ്ലാമിനെക്കുറിച്ച് മാധവിക്കുട്ടിക്ക് മതിപ്പ് കൂടിയിട്ടുണ്ടാവാം.അനർഗള നിർഗളമായിവരുന്ന സമദാനിയുടെ വാക്കുകളും, അദ്ദേഹം നൽകിയ പുസ്തകങ്ങളും ഇസ്ലാമിനെക്കുറിച്ച് മാധവിക്കുട്ടിക്ക് വ്യത്യസ്തമായ ചിത്രവും അനുഭാവവും ഉണ്ടാക്കിയിരിക്കാം. പക്ഷേ അതിനർഥം ഇസ്ലാമിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടും ഹിന്ദുമതത്തിന്റെ ജീർണതകളിൽ മനംമടുത്തുമാണ് മാധവിക്കുട്ടി മതംമാറിയതെന്നാണോ? പക്ഷേ പ്രചാരണം അങ്ങനെയായിരുന്നു. ഇവിടെയാണ് പ്രശസ്ത യുക്തിവാദിയും എഴുത്തുകാരനുമായ ഹമീദ് ചേന്ദമംഗല്ലൂരൊക്കെ ചുണ്ടിക്കാട്ടുന്ന ഇന്റ്വലക്ച്ച്വൽ ജിഹാദ് എന്ന വാക്കിന്റെ വ്യാപതി നാം അറിയുക.
ബൗദ്ധിക അടിമത്തം വരുന്ന വഴികൾ![BLURB#1-VR]കേരളത്തിൽ മാത്രമല്ല ലോകത്തെമ്പാടും സെമിറ്റിക്ക് മതങ്ങൾ തന്ത്രപൂർവ്വം ഉപയോഗിച്ചുവരുന്ന ഒരു വേലയാണിത്. യുക്തിചിന്തയെയും സ്വതന്ത്രചിന്തയെയും അടച്ചുകൊണ്ട് ഒരു ആശയത്തെ എങ്ങനെ നിങ്ങളുടെ മനസ്സിലേക്ക് കയറ്റിവിടാം എന്ന ശാസ്ത്രീയ കുയുക്തി പ്രയോഗമാണിത്. ഇവാഞ്ചലൈസേഷൻ വർഷാചരണത്തിന്റെ ഭാഗമായി 2000മുതൽ കത്തോലിക്കാ സഭാ മത പരിവർത്തനത്തന് ചെലവിടുന്ന കോടികളിൽ നല്ലൊരു പങ്ക് ഇത്തരം ആശയ പ്രചാരകർക്ക് ഉള്ളതാണ്. ഇസ്ലാമിലുമുണ്ട് ആശയ പ്രചരണത്തിന് കോടികളുടെ ഫണ്ട്. ഞങ്ങൾ ചെയ്യുന്നത് മാത്രം ശരിയെന്ന്, മധുരത്തിൽപൊതിഞ്ഞ വിഷ ഗുളികപോലെ ഇവർ പ്രരിപ്പിക്കും. ഈ ബൗദ്ധിക അബ്ക്കാരിപ്പണിയാണ് ഇന്ത്യയിലെ പൊതുസമൂഹം തിരച്ചറിയേണ്ടത്. (മഹാത്മാഗാന്ധിയുടെ മകൻ അബ്ദുല്ലാ ഗാന്ധിയായി മാറിയതുതൊട്ട് കാഷ്യസ് ക്‌ളേ മുഹമ്മദാലി വരെയായത് പരിശോധിച്ചാൽ ഇത്തരം രസകരമായ കാര്യങ്ങൾ കണ്ടത്തൊൻ കഴിയും).
ഇതിനർത്ഥം സമദാനി മതംമാറ്റാനാണ് പ്രസംഗിക്കുന്നത് എന്നല്ല. പക്ഷേ ആ ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്നവർ അനവധിയുണ്ട്. പക്ഷേ സമാദനിചെയത തെറ്റ് വിശ്വാസവഞ്ചനയെന്നതാണ്. മാധവിക്കുട്ടിയുടെ മതംമാറ്റം വിവാദമായതോടെ അയാളുടെ ധൈര്യമെല്ലാം ചോർന്നുപോയിയെന്നാണ് ലീലാമേനാൻ പറയുന്നത്. ആരോപണം വന്നിട്ട് ഇത്രയും കാലം കഴിഞ്ഞിട്ടും സമദാനി മറുപടി പറഞ്ഞിട്ടില്ലെന്ന് ഓർക്കണം. മാധവിക്കുട്ടിയുടെ മതം മാറ്റം മുന്നിൽകണ്ട് ബുദ്ധമതത്തിലേക്ക് മാറിയ ബാലചന്ദ്രൻ ചുള്ളിക്കാട് ലീലാമേനോന്റെ വെളിപ്പെടുത്തലിനുശേഷം ശരിക്കും 'ശശി'യായിരിക്കണം. (ഇനി ബുദ്ധമതത്തിന്റെ കാര്യമാണോ ഇത്രമെച്ചം. ഗാന്ധിസവും കോൺഗ്രസും തമ്മിലുള്ള ബന്ധംപോലും ഇന്ന് ബുദ്ധനും ബുദ്ധമതവുമായി ഇല്ല. ശ്രീലങ്കയിൽ തമിഴരെയും മുസ്ലീങ്ങളെയുമടക്കം നൂറുകണക്കിനാളുകളെ കൊന്നൊടുക്കിയത് ഈ അഹിസാ വ്രതക്കാരാണ്).[BLURB#2-H]ചങ്ങലക്കുള്ളിൽ കിടക്കുന്ന അടിമ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലയാവുന്നതുപോലെയാണ് തന്റെ അവസ്ഥതെന്ന സത്യത്തിൽ മാധവിക്കുട്ടി മനസ്സിലായില്ല. പർദയുടെ ആ അടഞ്ഞലോകത്തെ അവർ വലിയ സംഭവമായാണ് ആദ്യകാലത്ത് വാഴ്‌ത്തിയത്. മതമൗലികവാദികൾക്കും പർദയിസ്റ്റുകൾക്കും ഇതിലും നല്ല അവസരം കിട്ടാനുണ്ടോ. പക്ഷേ, ഒന്നോർക്കണം, കമല സുരയ്യ ആയതിനുശേഷമാണ് അവർ 'എന്റെ കഥ' എഴുതയതെങ്കിൽ തസ്ലീമ നസ്രീന്റെ ഗതിയായിരിക്കും വരികയെന്ന് ആർക്കാണ് അറിയാത്തത്.
ലൈംഗിക അരാജകത്വമുള്ള രചനകളുടെപേരിൽ മാധവിക്കുട്ടിയെ നിരന്തരം വിമർശിച്ച ഇസ്ലാമിസ്റ്റുകൾക്ക് അവർ മതംമാറിയതോടെ കണ്ണിലുണ്ണിയായി. അവരുടെ മരണവും പാളയം പള്ളിയിലെ സംസ്‌ക്കാരവുമെല്ലാം ഖബറിന്റെ ഉള്ളിൽനിന്ന് ലൈവ് കൊടുക്കുന്നപോലെയാണ് കേരളത്തിലെ ഇസ്ലാമിക മനേജ്‌മെന്റുകൾ നടത്തുന്ന പത്രങ്ങൾ ആഘോഷിച്ചത്. മതം മാറിയതിനുശേഷവും മലയാളത്തിൽ എഴുതുമ്പോൾ മാധവിക്കുട്ടിയെന്നും, ഇംഗ്‌ളീഷിൽ എഴുതുമ്പോൾ കമല ദാസ് എന്ന പേരുമാണ് അവർ ഉപയോഗിച്ചിരുന്നത്. ഒരു എഴുത്തുകാരിയോ/കാരനോ മരിക്കുമ്പോൾ അവരുടെ തൂലികാ നാമമല്ലേ സ്വാഭാവികമായും തലക്കെട്ട് ആകേണ്ടത്. ഉറൂബ് അന്തരിച്ചപ്പോൾ, പി.സി കുട്ടികൃഷ്ണൻ അന്തരിച്ചുവെന്നാണോ പത്രങ്ങൾ തലക്കെട്ട് ഇട്ടത്. അനന്ദിന് വയലാർ അവാർഡ് കിട്ടയപ്പോൾ അദ്ദേഹത്തിന്റെ യഥാർഥപേരായ സച്ചിതാനന്ദന് അവാർഡ് എന്നാണോ കൊടുത്തത്. അതിനാൽ അന്തരിച്ചത് കമലാ സുരയ്യയല്ല, മാധവിക്കുട്ടിതന്നെയാണ്. പക്ഷേ മതം ഇടക്കുകയറി കളിക്കുമ്പോൾ മതേതര കേരളത്തിനും കമലസുരയ്യ വിടവാങ്ങിയെന്ന് തലക്കെട്ട് ഇടേണ്ടിവരും!
അടിക്കടി നിലപാടുകൾ മാറുന്നതുകൊണ്ട് ഇസ്ലാമിക തീവ്രവാദികൾക്ക് അവസാനകാലത്ത് അവരെ അത്ര പഥ്യവും ആയിരുന്നില്ല.ഏറെ ഖിന്നയായിരുന്നെിങ്കിലും മാധവിക്കുട്ടി ഒന്നും പുറത്തുപറഞ്ഞതുമില്ല. ഈ ഘർവാപ്പസി കാലത്ത് ഒരുപക്ഷേ അവർ വീട്ടിലേക്ക് മടങ്ങുമായിരുന്നില്ലേ? മാധവിക്കുട്ടിയുടെ സ്വഭാവംവച്ചുനോക്കുമ്പോൾ ഒന്നും പറയാൻ പറ്റില്ല.
മദർ തെരേസമുതൽ ഗ്രാഹാംസ്റ്റെയിൻ വരെ
പക്ഷേ ഈ ജനുസ്സിൽകെട്ടാവുന്ന ഒരാളേ ആയിരുന്നില്ല പാവങ്ങളുടെ അമ്മ മദർതേരസ. അവർക്ക് വേണമെങ്കിൽ കൊൽക്കൊത്തയിലെ ചേരിനിവാസികളെയും കുഷ്ഠരോഗികളെയും ഒന്നടങ്കം മതം മാറ്റിക്കാമായിരുന്നു. പക്ഷേ അതായിരുന്നില്ല മദറിന്റെ മുൻഗണന. എന്നാൽ അവരുടെ പ്രവൃത്തികണ്ട് എതാനും പേർ മതത്തിലേക്ക് ആകൃഷ്ടരായിരിക്കാം.ആർഎസ്എസ് മേധാവി സുദർശന് പറ്റിയ വസ്തുതാപരമായ പിശകാണിത്. പക്ഷേ എല്ലാവരും അങ്ങനെ ആയിരുന്നില്ല.
1999ൽ ഓസ്‌ട്രേലിയൻ മിഷനറിയായ ഗ്രാഹാംസ്റ്റെയിനെയും കുടുംബത്തെയും ഒഡീഷയിൽ തീവച്ചുകൊന്ന ദാരുണമായ സംഭവം ആരുമറന്നിട്ടുണ്ടാവില്ല. അങ്ങേയറ്റം അപലപനീയമായ ഈ സംഭവം ഉണ്ടായതിനുപിന്നിലും മിഷനറിമാരുടെ ചില ചെയ്തികൾതന്നെയാണെന്നും, സംഘപരിവാറിന് അടിക്കാനുള്ള വടി അവർതന്നെ ഇട്ടുകൊടുക്കയായിരുന്നെന്നും പിന്നീട് നിഷ്പക്ഷരുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇന്ത്യൻ ദൈവങ്ങളും മിത്തുംകളും ആരാധനയുമെല്ലാം കേവലം പൈശാചികവും ബാലിശവുമാണെന്ന പെന്തക്കോസ്ത് ധാരണയാണ് ഇവിടെയും പ്രശ്‌നമായത്. ഗ്രാഹാംസ്റ്റെയിനെതിരെ വ്യാപകമായി നാട്ടുകാരുടെ ജനരോഷം തിരിയാനുള്ള കാരണം ഇതായിരുന്നു. ഭൂമിദേവി പുഷ്പിണിയാവുകയാണെന്ന് ( മെൻസസ്) വിശ്വസിച്ച് ഒരു പ്രത്യേക ദിവസം , ഭൂമിയെ 'നോവിക്കാതിരക്കാൻ' ജോലിക്കൊന്നുപോവാതെ പ്രാർത്ഥനയുമായി കഴിയുന്ന ഒരു ചടങ്ങ് അവിടുത്തെ നാട്ടുകാർക്കിടയിലുണ്ട്. ഏതാണ്ട് നമ്മുടെ ആയുധപൂജപോലെ.ഈ ദിവസങ്ങളിൽ ഭൂമിയെ മുറിവേൽപ്പിച്ചാൽ അത് തീരാത്ത അനർഥമുണ്ടാക്കുമെന്ന് ഗ്രാമീണരുടെ വിശ്വാസമാണ്. എന്നാൽ ഗ്രഹാംസ്റ്റെയിനും കൂട്ടരും ഇത് അദ്ധവിശ്വാസമാണെന്ന് പ്രചരിപ്പിക്കുക മാത്രമല്ല, അത് പ്രായോഗികമായി തെളിയക്കാൻ ഒരു വയലിൽപോയി കലപ്പയെടുത്ത് ഉഴുതുകാണിക്കയും ചെയ്തു! നിരക്ഷരകുക്ഷികളായ ഗ്രാമീണർക്ക് താങ്ങാവുന്നതിൽ അപ്പുറമായിരുന്നു അത്. ഒരു അവസരം കിട്ടിയതോടെ സംഘികൾ അത് നന്നായി ഊതിക്കത്തിക്കയും ചെയ്തു. ഇതേതുടർന്നാണ് സത്യത്തിൽ ഗ്രഹാംസ്റ്റെയിനിന്റെ കൊലപാതകത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്.
മദർതെരേസയും മറ്റ് മിഷനറിമാരും ഇവിടുത്തെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അംഗീകരിച്ച് കൂടുതൽ ഇന്ത്യക്കാരായി മാറുകയായിരുന്നെങ്കിൽ, ഒരു വിഭാഗം അങ്ങനെയായരുന്നില്ല. അവർക്ക് കൃത്യമായ മതപരിവർത്തന അജണ്ടയുണ്ടായരുന്നു. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെയും, അതുണ്ടാക്കുന്ന ബഹുസ്വരമായ ദൈവസങ്കൽപ്പത്തെയും അഭിസംബോധനചെയ്യുന്നതിനുപകരം, ഇന്ത്യൻ ദൈവങ്ങളെല്ലാം പിശാചുക്കളാണെന്ന ധാരണയാണ് അവർ വ്യാപകമായി പ്രചരിപ്പിച്ചത്; ഇപ്പോഴും പ്രചരിപ്പിക്കുന്നത്. രണ്ടുകാലിന് മന്തുള്ളവർ ഒറ്റമന്തുകാലനെ കളിയാക്കുന്നപോലല്ലേ ഇത്. പെന്തക്കോസ്തുകളെപ്പോലെയൊക്കെ അന്ധവിശ്വാസികളായ ഒരു വിഭാഗം ലോകത്തിൽ ഉണ്ടോ. പ്രാർത്ഥനകൊണ്ട് കാൻസർ മുതൽ എയ്ഡ്‌സ് വരെ മാറുമെന്ന് വിശ്വസിച്ച്, രാജവെമ്പാലകൊത്തിയാൽപോലും ആശുപത്രിയിൽപോവാതെ പ്രെയിസ് ദി ലോർഡ് വിളിച്ചിരുക്കുന്നവരെ മന്ദബുദ്ധികൾ എന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുക. ടി.വി ചാനലുകൾ തുറന്നാൽ ക്രൈസ്തവ അന്ധവിശ്വാസങ്ങളുടെ പെരുമഴയാണിന്ന്. പാസ്റ്ററുടെ പ്രസംഗത്തിന്റെ ഉന്മാദവസ്ഥയിൽ അയാൾ തലയിൽ കൈവുക്കുമ്പോഴെക്കും ആളുകൾ ഷോക്കടിച്ചപോലെ ബോധം കെട്ടുവീഴുന്നു. ചട്ടുകാലൻ നടക്കുന്നു, കാൻസർ രോഗി സുഖപ്പെടുന്നു! നമ്മൾ എത് നൂറ്റാണ്ടിലാണ് ജീവക്കുന്നത്. ദിവസേനയെ ചാനലുകളിൽ നാം കാണുന്നതല്ലേ ഇതൊക്കെ. പിന്നെങ്ങനെയാണ് ഹിന്ദുമതംമാത്രം അന്ധവിശ്വാസത്തിന്റെ കൂടാരമാവുന്നത്.
മതംമാറിയവർ എന്തുനേടി?
ഹിന്ദുമതത്തിലെ ചാതുർവർണ്യത്തോട് പടവെട്ടാനായി പണ്ട് അംബേദ്ക്കറുടെ നേതൃത്വത്തിൽ കുട്ടമായി ബുദ്ധമതത്തിലേക്ക് മാറിയതൊക്കെ ശക്തമായ സാമൂഹ്യ പ്രതിഷേധംകൂടിയായിരുന്നു.ദലിത് സ്വത്വരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലുള്ള വിശകലനങ്ങളിൽ മതംമാറ്റത്തിന് കേവലമായ അർത്ഥമല്ല ഉള്ളത്. അങ്ങനെ ഒരു ആശയത്തിന്റെയൊ, പ്രതിഷേധത്തിന്റെയോ അടിസ്ഥാനത്തിലല്ല, കേവലം ഭൗതികനേട്ടത്തിനായാണ് ആധുനികകാലത്ത് ആളുകൾ മതം വിട്ട് മറ്റൊരു മതം സ്വീകരിക്കുന്നത്. ബൈക്കും വീടും കൊടുത്ത് പ്രലോഭിപ്പിച്ച് ഇടുക്കിയിലും വയനാട്ടിലും ഇക്കഴിഞ്ഞ വർഷംവരെ ആദിവാസികൾ അടക്കമുള്ളവരെ ക്രൈസ്തവരാക്കിയിരുന്നു.
ഇനി ഇങ്ങനെ മതംമാറിയവരുടെ സാമൂഹിക നില മെച്ചപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതും നല്ലതാണ്. പുലയൻ, മത്തായിയായതോടെ 'മത്തായിപ്പുലയൻ' എന്ന പേര് കിട്ടിയതല്ലാതെ എന്തു മാറ്റമുണ്ടായി. 'കുടുംബത്ത് പിറക്കാത്തതുകൊണ്ട്' ഒരു നല്ല വിവാഹലോചനപോലും ഇവിടേക്ക് വരില്ല. എന്തൊക്കെ ന്യായീകരിച്ചാലും മതംമാറിയവർക്ക് മാർക്കംകൂടിയവർ എന്ന നാലാംകിട പൗരന്മാരായാണ് ഇസ്ലാമിലും കാണുന്നത്.പള്ളികളും ദർസുകളിലും പരിസരങ്ങളുമായി തുഛശമ്പളത്തിന് ജീവിക്കാൻ വിധിക്കപ്പെട്ടവരാണിത്. താഴെക്കിടയിലുള്ള ഒസാൻ കുടുംബങ്ങളിലെയും ( ബാർബർ), രണ്ടുമൂന്നുംകെട്ടി മൊഴിചൊല്ലിയൊഴിഞ്ഞ സ്ത്രീകളൊക്കെയാണ് ഇവരെ കെട്ടാൻ തയാറാവുക. പണ്ട് മതംമാറിയതിന്റെ ഉച്ച നീചത്വം ജീവിതത്തിൽ ഉടനീളം ഇവർക്ക് ഉണ്ടാവുകയും ചെയ്യും. ഇനി ഘർവാപ്പസിയിലൂടെ ഇവർ തിരിച്ചുപോയലുള്ള ചോദ്യം ഏത് ജാതിയിൽ ചേരുന്നു എന്നതാണ്. ജാതിയും ഉപജാതിയും ചാതുർവർണ്യവും ഇല്ലെങ്കിൽ പിന്നെന്ത് ഹിന്ദുമതം.[BLURB#3-H]പീകെപികെ സിനിമയിൽ ആമിർഖാൻ ചൂണ്ടിക്കാട്ടിയപോലെ ഒരുമതവും മറ്റൊരുമതവും തമ്മിലുള്ള വ്യത്യാസം പുറംമോടിയൽ മാത്രമാണെന്നം മതമില്ലാതെയും ഈ ലോകത്ത് ജീവിക്കാമെന്നും നാം മറന്നുപോവുന്നു. (ആ രീതിയിൽ നോക്കുമ്പോൾ ഘർവാപ്പസികൊണ്ട് ഒറ്റ ഗുണമുണ്ടായി. ഹിന്ദുമതം മാത്രം മോശം, മറ്റുള്ളവ വിശുദ്ധർ എന്ന ധാരണയെങ്കിലും തകർക്കാനായി). മതംമാറ്റമല്ല, ശാസ്ത്രീയ വീക്ഷണവും, യുക്തിചിന്തയും, മത നിരപേക്ഷതയുമാണ് ഈ ലോകത്തിന് വേണ്ടത്. അന്ധവിശ്വാസങ്ങൾ നിറഞ്ഞതം അബദ്ധജടിവും പരസ്പര വിരുദ്ധവുമായ കാര്യങ്ങൾ നിറഞ്ഞ മത ഗ്രന്ഥങ്ങൾകൊണ്ടും പ്രമാണംകൊണ്ടും ലോകത്തിന് യാതൊരു പ്രയോജനവുമില്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഈ ലേഖകനെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് അവസാനിപ്പിക്കട്ടെ.
വാൽക്കഷ്ണം: പണ്ടൊരു വിരുതൻ എന്തെല്ലാമോ നേട്ടങ്ങൾ മുന്നിൽകണ്ട് ഇസ്ലാമിലേക്ക് മതം മാറിയതാണ് ഇപ്പോൾ ഓർമ്മവരുന്നത്. അഞ്ചു നേരം നിസ്‌ക്കാരവും നോമ്പുമൊക്കെയായതോടെ കുറച്ചങ്ങോട്ട് കഴിഞ്ഞപ്പോൾ അയാൾക്ക് മടുത്തു. ഇതോടെ തന്നെ മതം മാറ്റാൻ സഹായിച്ച പൊന്നാനിയിലെ മുസലിയാരുടെ അടുത്തത്തെി തനിക്ക് തിരിച്ച് മതം മാറണമെന്ന് പറഞ്ഞു. തിരിച്ചുപോയാൽ തലകാണില്ലെന്നായിരുന്നു മൗലവിയുടെ മറുപടി. വിഷണ്ണനായി തിരിച്ചത്തെിയ അയാൾ സുഹൃത്തുക്കളോട് പറഞ്ഞത്രേ. 'ഇത് വല്ലാത്തൊരു മതം തന്നെ. അങ്ങോട്ട് പോകുമ്പോൾ നമ്മുടെ അറ്റത്തെ ചെറിയൊരു സാധനം മുറിച്ചാൽമതി. എന്നാൽ തിരച്ചുപോവുമ്പോൾ തല തന്നെ കാണില്ല'!
[ഇത് ഒരു മതപരമായ വിഷയം ആണെങ്കിലും കമന്റ് അനുവദിക്കുന്നത് ഒരു കോളമിസ്റ്റിന്റെ ലേഖനം ആയതുകൊണ്ട് മാത്രമാണ്. വൈരാഗ്യബുദ്ധിയോടെയുള്ള എല്ലാ കമന്റുകളും നീക്കം ചെയ്യുന്നതും മതവൈര്യം പുലർത്തുന്ന അഭിപ്രായം പറയുന്നവരെ ബ്ലോക്ക് ചെയ്യുന്നതുമാണ്. ആശയപരമായി ചർച്ച നടത്താൻ ആഗ്രഹിക്കുന്നവർ മാത്രം കമന്റ് ഇടുക - എഡിറ്റർ.]