ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി പൂർണ പരാജയം ഏറ്റ് വാങ്ങിയ ശേഷം തെറ്റുകൾ ഏറ്റു പറഞ്ഞ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ രംഗത്തെത്തി. തങ്ങൾക്ക് തെറ്റ് പറ്റിയെന്നും പ്രവർത്തന മികവിലേക്ക് തിരിഞ്ഞ് നോക്കാൻ സമയമായെന്നും കെജ് രിവാൾ ട്വിറ്ററിൽ കുറിച്ചു.

ആത്മപരിശോധനയ്ക്കുള്ള സമയമാണിത്. ഇനിയങ്ങോട്ടുള്ള പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഓരോ പ്രവർത്തകരും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാജയത്തിന് ആരെയും പഴിചാരിയിട്ട് കാര്യമില്ല. ചെയ്യാനുള്ളത് പ്രവർത്തിക്കുക എന്നത് മാത്രമാണ്.

ജനങ്ങൾ അർഹിക്കുന്നത് അവർക്ക് ലഭിക്കണം. അതിൽ ഒട്ടും കുറവുണ്ടാവാൻ പാടില്ല. നിലനിൽപ്പിനായുള്ള വഴി അത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി അംഗങ്ങൾക്കിടയിൽ നിന്നും പാർട്ടിക്കെതിരെയും നേതൃത്വത്തിനെതിരെയും അപശബ്ദങ്ങളും വിരുദ്ധ സ്വരവും ഉയർന്ന് വന്ന സാഹചര്യത്തിലാണ് കെജ്രിവാളിന്റെ പ്രസ്താവന വന്നത്.

ഡൽഹി മുൻസിപ്പൽ കോർപ്പറേഷനുകളിലെ 181 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 48 വാർഡുകൾ മാത്രമേ എ.എ.പിക്ക് ലഭിച്ചിരുന്നുള്ളൂ. അതോടെ എ.എ.പിയുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്തുകൊണ്ട് രാഷ്ട്രീയ നിരീക്ഷകരടക്കം രംഗത്ത് വന്നിരുന്നു. ആകെ 272 വാർഡുകളാണ് ഡൽഹി കോർപ്പറേഷനുകൾക്ക് കീഴിലുള്ളത്.