- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ഗൂഢാലോചന അല്ലെങ്കിൽ അമ്പാസിഡറെ പുറത്താക്കട്ടെ; പ്രതിരോധ ഇടപാടുകൾ റദ്ദാക്കട്ടെ: സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്ന പുങ്കവന്മാരോട്
ഇന്ത്യയുടെ നയതന്ത്ര ചരിത്രത്തിലെ ഏറ്റവും നാണം കെട്ട ഒരു ദിവസമായിരുന്നു ഇന്നലെ. ഒരു പ്രകോപനവും ഇല്ലാതെ രണ്ട് പാവപ്പെട്ട മത്സ്യ തൊഴിലാളികളെ വെടിവച്ച് കൊന്ന ശേഷം വിചാരണയുടെ പേരിൽ ഏറെ നാൾ ഇവിടെ സുഖ ജീവിതം നയിച്ച് വോട്ട് ചെയ്യാൻ എന്നു നുണ പറഞ്ഞ് മടങ്ങിയ രണ്ട് കൊലയാളികളെ ഇനി ഇന്ത്യയ്ക്ക് വിട്ട് തരില്ല എന്നു ഇറ്റാലിയൻ സർക്കാർ വ്യക്തമ
ഇന്ത്യയുടെ നയതന്ത്ര ചരിത്രത്തിലെ ഏറ്റവും നാണം കെട്ട ഒരു ദിവസമായിരുന്നു ഇന്നലെ. ഒരു പ്രകോപനവും ഇല്ലാതെ രണ്ട് പാവപ്പെട്ട മത്സ്യ തൊഴിലാളികളെ വെടിവച്ച് കൊന്ന ശേഷം വിചാരണയുടെ പേരിൽ ഏറെ നാൾ ഇവിടെ സുഖ ജീവിതം നയിച്ച് വോട്ട് ചെയ്യാൻ എന്നു നുണ പറഞ്ഞ് മടങ്ങിയ രണ്ട് കൊലയാളികളെ ഇനി ഇന്ത്യയ്ക്ക് വിട്ട് തരില്ല എന്നു ഇറ്റാലിയൻ സർക്കാർ വ്യക്തമാക്കി. നിയമങ്ങൾ നടപ്പിലാക്കുന്നതിൽ വലിയ തോതിൽ കോമ്പ്രമൈസുകൾ നടത്തുന്ന ആഫ്രിക്കൻ രാജ്യങ്ങൾ പോലും സൗഹൃദത്തിൽ കഴിയുന്ന ഒരു രാജ്യത്തോട് ചെയ്യാൻ മടിക്കുന്ന വഞ്ചനയാണ് ഇറ്റലി കാട്ടിയിരിക്കുന്നത്.
- സോണിയ ഗാന്ധി വിരട്ടി; പ്രധാനമന്ത്രി പറഞ്ഞതു വിഴുങ്ങി: ഇറ്റലിയുടെ നിലപാട് അസ്വീകാര്യമെന്ന് പറഞ്ഞിട്ടില്ലത്രെ
- ഇറ്റാലിയൻ കൊലയാളികളുടെ വഞ്ചന: ഉരുണ്ട് കളിച്ച് പ്രധാനമന്ത്രിയും കേന്ദ്രവും, പ്രതിഷേധവുമായി ഉമ്മൻ ചാണ്ടി; വഴിയാധാരമായത് വിധവകൾ
- മത്സ്യത്തൊഴിലാളികളുടെ ജീവന് എന്തു വില? ഇറ്റലി കബളിപ്പിച്ചത് ഇന്ത്യയുടെ ആത്മാഭിമാനത്തെ; കേന്ദ്രം അറിഞ്ഞൊരുക്കിയ നാടകമോ?
ഇന്ത്യ എന്ന രാജ്യത്തേയും അതിന്റെ മര്യാദകളേയും നിയമ സംവിധാനങ്ങളേയും ഒക്കെ ഒരേ സമയം പരിഹസിക്കുകയാണ് ഈ തീരുമാനത്തിലൂടെ ഈ സായിപ്പന്മാർ. ഈ ചെകുത്താന്മാരെ തിരിച്ച് കൊണ്ടു വരും എന്നു പറഞ്ഞ് ജാമ്യം നിന്നത് ഇറ്റാലിയൻ അമ്പാസിഡറാണ്. അയാൾ ഇപ്പോഴും ഡൽഹിയിൽ ഉണ്ട്. ഒരു കുറ്റവാളി ജാമ്യത്തിലിറങ്ങി മടങ്ങി വന്നില്ലെങ്കിൽ ജാമ്യം നിന്നവരെ പിടികൂടാൻ ഇന്ത്യയിൽ വ്യവസ്ഥ ഉണ്ട്. എന്നാൽ ഒരു രാജ്യത്തിന്റെ നയതന്ത്ര പ്രതിനിധിയെ ഏത് നിയമത്തിന്റെ പേരിലും തൊടാൻ പറ്റില്ല എന്നതാണ് വാസ്തവം. ഇതറിഞ്ഞു കൊണ്ട് തന്നെ ഇന്ത്യയെ പരിഹസിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇറ്റാലിയൻ അമ്പാസിഡർ ജാമ്യ വ്യവസ്ഥയിൽ ഒപ്പു വച്ചത്.
നുണ പറയുന്നതും ചതി ചെയ്യുന്നതും ഗുരുതരമായ തെറ്റാണ് എന്ന് വിശ്വസിക്കുന്നവരാണ് പൊതുവേ പാശ്ചാത്യർ. എന്നാൽ ഇറ്റാലിയൻ അമ്പാസിഡർ ചെയ്തത് സായിപ്പന്മാർ ഒരിക്കലും ചെയ്യില്ല എന്നു സാധാരണക്കാർ വിശ്വസിക്കുന്ന കൊടും ചതിയാണ്. സുപ്രീം കോടതിയിലും കേന്ദ്രസർക്കാരിന്റെ എല്ലാ സംവിധാനങ്ങളിലും ഉറപ്പു നൽകിയായിരുന്നു ഈ യാത്ര. ഇറ്റലിക്കാരുടെ പാരമ്പര്യം ഇത് തന്നെയാണ് എന്ന് നമുക്ക് മുമ്പേ അറിയാമായിരുന്നിട്ടും നമ്മൾ മനപൂർവ്വം ചതിക്കപ്പെടാൻ നിന്നുകൊടുക്കുകയായിരുന്നു എന്നോർക്കണം. ബൊഫേർസ് കേസിൽ ഒട്ടോവിയ കൊട്ട്രോച്ചി മുതൽ അര ഡസനോളം ഇറ്റലിക്കാരെ വിചാരണ ചെയ്യാൻ ഇന്ത്യ ഇപ്പോഴും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇപ്പോൾ ഇറ്റലി പറയുന്നതുപോലെ കുറ്റവാളികളെ കൈമാറാൻ ഇന്ത്യയും ഇറ്റലിയും തമ്മിൽ കരാർ ഉണ്ടെങ്കിൽ എന്തുകൊണ്ട് കൊട്ട്രോച്ചി കൊണ്ടുവരാൻ സാധിക്കാത്തത് എന്ന ചോദ്യം അവശേഷിക്കുകയാണ്.
ഇവിടെയാണ് കേന്ദ്രസർക്കാർ ഒരുക്കിയ ചതി നാം മനസ്സിലാക്കേണ്ടത്.കേരളത്തിൽ കേസ് നടന്നു കൊണ്ടിരിക്കവേ ആയിരുന്ന കഴിഞ്ഞ തവണ ക്രിസ്തുമസ് ആഘോഷിക്കാൻ ഈ കൊലയാളികൾ ഇറ്റലിക്ക് പോയത്. അവിടെ നിന്നും വീരപരിവേഷത്തോടെ മടങ്ങി എത്തിയ ശേഷം സ്ഥിതിഗതികൾ പെട്ടന്ന് മാറി മറിയുകയായിരുന്നു കേരളത്തിന് കേസ് എടുക്കാൻ അധികാരമില്ലെന്ന സുപ്രീം കോടതി വിധിയും അതിനെത്തുടർന്ന് നിമിഷ നേരം കൊണ്ടുണ്ടായ അണിയറ നാടകങ്ങളുമാണ് യാതൊരു വിധ തയ്യാറെടുപ്പുകളും ഇല്ലാതെ ഇവരെ നാട്ടിലേക്ക് മടക്കി കൊണ്ടു പോയത്. പ്രതികൾ മടങ്ങി വരുമെന്ന് ഉറപ്പു വരുത്താൻ സർക്കാരിന്റെ ഭാഗത്തു നിന്നോ കോടതിയുടെ ഭാഗത്തു നിന്നോ കാര്യമായ ശ്രമങ്ങൾ ഒന്നും ഉണ്ടായില്ല എന്നതാണ് സത്യം. ആവശ്യത്തിന് ബോണ്ട് വയ്പ്പിക്കുകയായിരുന്നു ഇതിനുള്ള പ്രധാന മാർഗ്ഗം. എന്നാൽ ഒരു പ്രയോജനവും ഇല്ലാത്ത അമ്പാസിഡറുടെ ജാമ്യം മാത്രം ഇവർ കണക്കിലെടുത്തു. അറ്റോർണി ജനറലുമായി ആലോചിക്കാതെയാണ് മറീനുകൾ മടങ്ങുന്നതിൽ എതിരില്ല എന്നു കേന്ദ്രസർക്കാർ കോടതിയിൽ ബോധിപ്പിച്ചതെന്ന് റിപ്പോർട്ടുണ്ട്.
ഇതൊക്കെ ചൂണ്ടിക്കാട്ടുന്നത് ഈ വിഷയത്തിൽ കേന്ദ്രസർക്കാർ കുറ്റകരമായ അനാസ്ഥ കാട്ടിയെന്നു തന്നെയാണ്. പണവും പ്രതാപവും ഒന്നുമില്ലാത്ത ഒരു സാധാരണ പൗരന്റെ ജീവന് ഇത്രമാത്രം പ്രാധാന്യമേ നമ്മുടെ സർക്കാർ നൽകുന്നുള്ളൂ എന്നാണ് ഈ സംഭവം നമ്മളെ പഠിപ്പിക്കുന്ന പാഠം. ക്രിമിനൽ കുറ്റം ചെയ്ത രണ്ട് പൗരന്മാർക്ക് വേണ്ടി കോടികൾ ചെലവഴിക്കുകയും പ്രധാനപ്പെട്ട രണ്ട് മന്ത്രിമാർ അടക്കം അനേകം പ്രമുഖർ നാട്ടിൽ എത്തി നീക്കം നടത്തുകയും ചെയ്തു എന്ന സാഹചര്യം നമ്മൾ മറന്നു പോകരുത്. എന്നാൽ ഇന്ത്യൻ പൗരന്മാരുടെ ജീവൻ എടുത്തവർക്ക് ന്യായമായ നഷ്ടപരിഹാരം നേടി കൊടുക്കാൻ പോലും സർക്കാരിന് കഴിഞ്ഞില്ല. ചില ഗൾഫ് രാജ്യങ്ങൾ അടക്കം അനേകം ഇടങ്ങളിൽ അനേകം ഇന്ത്യൻ പൗരന്മാർ ഒരു കാരണവും ഇല്ലാതെ ജയിൽ ശിക്ഷ അനുഭവിക്കുന്നുണ്ട്. അവരെ രക്ഷിച്ചെടുക്കാൻ ഇതുപോലെ എന്തെങ്കിലും ഇന്ത്യ ചെയ്തിട്ടുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇറ്റലിയിൽ നിന്നെത്തിയ മറ്റ് മന്ത്രിമാരും മറ്റും നമ്മുടെ രാഷ്ട്രീയക്കാരെ പണം കൊടുത്ത് മയക്കിയതുകൊണ്ടാകാം ഇത് സംഭവിച്ചതെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയരുത്. അല്ലെങ്കിൽ എന്തുകൊണ്ട് ഇത്രയും ഗുരുതരമായ ഒരു വിഷയം ഉണ്ടായിട്ടും പരിശോധിക്കാം, നടപടി എടുക്കാം തുടങ്ങിയ അഴകൊഴമ്പൻ മറുപടി മാത്രം സർക്കാർ പറയുന്നത്. പത്രവാർത്ത മാത്രമാണ് ഇതേക്കുറിച്ച് തനിക്കുള്ള അറിവ് എന്നാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. രാഷ്ട്രീയത്തലവൻ എന്ന നിലയിൽ മന്മോഹൻസിന്റെ കഴിവ് കേട് മാത്രമാണ്. ഒരു സംശയവും വേണ്ട.
ഈ അഹങ്കാരത്തിന് കനത്ത തിരിച്ചടി നൽകാൻ ഇന്ത്യ തയ്യാറാകണം. അമ്പാസിഡർമാരെ ജയിലിൽ അടയ്ക്കാനോ യുദ്ധം ചെയ്യാനോ ഒന്നും നമുക്ക് സാധിക്കില്ല. എന്നാൽ പരസ്യമായി കടുത്ത ഭാഷയിൽ വിമർശിക്കുവാനുള്ള തന്റേടമാണ് ഇന്ത്യ ആദ്യം കാട്ടേണ്ടത്. ഇറ്റലിയുമായുള്ള എല്ലാ ഇടപാടുകളും സസ്‌പെൻഡ് ചെയ്യുകയും ഇന്ത്യയിലെ ഇറ്റാലിയൻ ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്യണം. ഒരു ദിവസം പോലും വൈകാതെ ഇറ്റാലിയൻ അമ്പാസിഡറെ നാടുകടത്തേണ്ടിയിരിക്കുന്നു. വലിയ തോതിലുള്ള പ്രതിരോധ ഇടപാടുകൾ ഇന്ത്യയ്ക്ക് ഇറ്റലിയുമായിട്ടുണ്ട്. അവയൊക്കെ നിർത്തി വയ്ക്കുകയും കൊലയാളികളെ തിരികെ തരാതെ നയതന്ത്ര ബന്ധം പുനസ്ഥാപിക്കില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്യാൻ ഇന്ത്യ തന്റേടം കാട്ടണം. ഇതിനു തയ്യാറായില്ലെങ്കിൽ ആർക്കും കയറി നിരങ്ങാവുന്ന വെറും ചെണ്ടമാത്രമായി നമ്മുടെ നാടിനെക്കുറിച്ച് സായിപ്പന്മാർ മുൻവിധിയോടെ നിലപാടെടുക്കും. അത്തരം ഒരു അപമാനകരമായ സാഹചര്യം ഒഴിവാക്കാൻ അടിയന്തിരമായി തന്നെ കേന്ദ്രം ഇടപെടേണ്ടിയിരിക്കുന്നു.
ഈ വിഷയത്തിൽ സോണിയാ ഗാന്ധിക്ക് എന്ത് പറയാനുണ്ട് എന്നറിയാൻ ഇവിടുത്തെ സാധാരണക്കാരായ ജനങ്ങൾക്ക് താതപര്യം ഉണ്ടാകും. ഇറ്റലിയിൽ ജനിച്ച് വളർന്ന് പ്രായപൂർത്തിയാകും വരെ അവിടത്തന്നെ ജീവിച്ച സോണിയയ്ക്ക് ഇന്ത്യൻ പൗരന്മാരുടെ സ്വത്തിലും ജീവനിലും എത്രമാത്രം താതാപര്യം ഉണ്ട് എന്ന് വ്യക്തമാക്കുന്നതായിരിക്കും ആ പ്രതികരണം. കേരളത്തിൽ നിന്നുള്ള ബഹുമാന്യരായ ചില മെത്രാന്മാരും ഈ വിഷയത്തിൽ മുമ്പ് വ്യത്യസ്തമായ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു. അവരൊക്കെ എന്താണ് ഇപ്പോൾ പറയുന്നത് എന്നറിയാൻ കേരളത്തിലെ സാധാരണ ജനങ്ങൾക്ക് തീർച്ചയായും താത്പര്യം ഉണ്ടാകും.