- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാവാ സുരേഷിന് പത്മശ്രീ ലഭിക്കുമോ? ഫേസ്‌ബുക്ക് പേജിന്റെ ലൈക്ക്സ് 3000 കടന്നു: പ്രാഞ്ചിയേട്ടന്മാർക്ക് ആശങ്ക
തിരുവനന്തപുരം: ഉഗ്ര വിഷമുള്ള പാമ്പുകൾ അനുസരണയുള്ള നായകളെ പോലെ മുട്ട് മടക്കുന്ന വാവ സുരേഷിന് പത്മശ്രീ നേടി കൊടുക്കാൻ ഉദ്ദേശിച്ച് തുടങ്ങിയ ഫേസ്‌ബുക്ക് പേജിന് ആവേശകരമായ പ്രതികരണം. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച് മൂന്ന് ദിവസം കൊണ്ട് 600 പേർ ലൈക്ക് ചെയ്ത ഫേസ്‌ബുക്ക് പേജിനെക്കുറിച്ച് ചൊവ്വാഴ്ച മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തതോടെ ലൈക്ക
തിരുവനന്തപുരം: ഉഗ്ര വിഷമുള്ള പാമ്പുകൾ അനുസരണയുള്ള നായകളെ പോലെ മുട്ട് മടക്കുന്ന വാവ സുരേഷിന് പത്മശ്രീ നേടി കൊടുക്കാൻ ഉദ്ദേശിച്ച് തുടങ്ങിയ ഫേസ്‌ബുക്ക് പേജിന് ആവേശകരമായ പ്രതികരണം. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച് മൂന്ന് ദിവസം കൊണ്ട് 600 പേർ ലൈക്ക് ചെയ്ത ഫേസ്‌ബുക്ക് പേജിനെക്കുറിച്ച് ചൊവ്വാഴ്ച മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തതോടെ ലൈക്കുകളുടെ എണ്ണം 3000 കടന്നു. അനേകം പേർ ഈ ഫേസ്‌ബുക്ക് പേജ് ഷെയർ ചെയ്തും ലൈക്ക് ചെയ്തും വാവാ സുരേഷിന് പത്മശ്രീ കൊടുക്കണം എന്ന ആവശ്യത്തോട് പ്രതികരിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ നിലയിൽ ഒരാഴ്ച കൊണ്ട് ഈ പേജ് 10,000 ലൈക്ക് കടക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
രാജ്യത്തെ പരമോന്നത പുരസ്‌കാരങ്ങളിൽ ഒന്നായ പത്മശ്രീ ലഭിക്കാൻ ഏറ്റവും അർഹതയുള്ള ആൾ എന്ന നിലയിലാണ് സുരേഷിന് വേണ്ടി മലയാളികൾ രംഗത്തിറങ്ങിയിരിക്കുന്നത്. പരിസ്ഥിതി സ്‌നേഹി എന്ന നിലയിലും മനുഷ്യ സ്‌നേഹി എന്ന നിലയിലും ഈ പുരസ്‌കാരത്തിന് ഏറ്റവും അർഹതപ്പെട്ട ആൾ എന്ന നിലയിലാണ് ഇങ്ങനെ ഒരു ആവശ്യം ഉയർന്നു വരുന്നത്. മലയാളികളുടെ പൊതു ആവശ്യമായി ഈ വികാരത്തെ മാറ്റിയെടുക്കാൻ വേണ്ടി ഈ ആവശ്യത്തോടൊപ്പം ചേർന്ന് നിൽക്കാൻ ആണ് മറുനാടൻ മലയാളി പ്രയത്‌നിക്കുന്നത്. ഈ പ്രയത്‌നത്തിൽ വായനക്കാരുടെ സമ്പൂർണ്ണ പിന്തുണ ഞങ്ങൾ തേടുകയാണ്.
അതേ സമയം വാവക്ക് സാങ്കേതികമായി ഈ അവാർഡിന് അർഹത ഇല്ല എന്ന വാദം ഉയർത്തി ചിലർ രംഗത്തുണ്ട്. ലോക പ്രശസ്തരായ എഴുത്തുകാരും കായികതാരങ്ങളും ശാസ്ത്രജ്ഞരും ബുദ്ധിജീവികളും ഒക്കെ അടങ്ങുന്ന ഗണത്തിലേക്ക് വെറും ഒരു പാമ്പുപിടുത്തക്കാരനെ കയറ്റാൻ ശ്രമിക്കുന്നത് തെറ്റാണ് എന്നാണ് ഇക്കൂട്ടരുടെ പ്രചരണം. ഈ മഹാന്മാരുടെ കൂടെ പണത്തിന്റെ ബലത്തിൽ സ്ഥാനം നേടി ഞെളിഞ്ഞ് നടക്കുന്ന പ്രാഞ്ചിയേട്ടന്മാരായ പണച്ചാക്കുകൾ മാത്രമാണ് ഇതിൽ എതിർപ്പുള്ളതെന്ന് വാവയെ പിന്തുണയ്ക്കുന്നവർ പറയുന്നു. വെറും ഒരു പാമ്പുപിടുത്തക്കാരന് ലഭിക്കുന്ന അവാർഡ് ലഭിച്ചാൽ പേരിനൊപ്പം പത്മശ്രീ ചാർത്തി ജീവിക്കുന്നവർക്ക് അപമാനം ആകും എന്ന ആശങ്കയാണ് ഈ എതിർപ്പിന്റെ കാരണം.
എന്നാൽ സാങ്കേതികമായി പത്മശ്രീ ലഭിക്കാനുള്ള എല്ലാ യോഗ്യതകളും സുരേഷിനുണ്ട് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. പത്മശ്രീ അവാർഡുകൾ രാജ്യത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന ആർക്കും അർഹതപ്പെട്ടതാണ്. ഇത് ശുപാർശ ചെയ്യാൻ പോലും ആർക്കും അധികാരം ഉണ്ട് എന്നതാണ് വാസ്തവം. സംസ്ഥാന സർക്കാരുകൾ, സർക്കാർ ഏജൻസികൾ തുടങ്ങിയവ മാത്രമാണ് ശുപാർശ ചെയ്യേണ്ടത് എന്നത് തെറ്റായ അറിവിന്റെ പുറത്ത് പ്രചരിക്കുന്നതാണ്. എന്ത് കൊണ്ടും അർഹനായ വാവാ സുരേഷിനെ കേരളത്തിലെ സാധാരണ ജനങ്ങൾക്ക് ശുപാർശ ചെയ്യാവുന്നതേയുള്ളൂ എന്നതാണ് സത്യം.
പത്മശ്രീ പുരസ്‌കാരത്തിന് സമർപ്പിക്കാനുള്ള അപേക്ഷാഫോമിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. പത്ത് വിവിധ മേഖലകളിലാണ് പത്മ അവാർഡുകൾ നൽകുന്നത്. ആർട്ട്, സോഷ്യൽ വർക്ക്, പബ്ലിക് അഫയേഴ്‌സ്, സയൻസ് ആൻഡ് എഞ്ചിനീയറിങ്, ട്രെഡ് ആൻഡ് ഇൻഡസ്ട്രി, മെഡിസിൻ, ലിറ്ററേച്ചർ ആൻഡ് എഡ്യുക്കേഷൻ, സിവിൽ സർവ്വീസ്, സ്പോർട്സ്, അതേഴ്‌സ് എന്നിങ്ങനെയാണ് ഈ മേഖല. മുകളിൽ സൂചിപ്പിക്കാത്ത ആർക്കും അതേഴ്‌സിൽ ഉൾപ്പെടുത്തി അപേക്ഷ നൽകാം.
ഇതിൽ രണ്ട് വിഭാഗത്തിൽ അപേക്ഷിക്കാൻ വാവ സുരേഷിന് അർഹത ഉണ്ട്. സോഷ്യൽ വർക്ക് എന്ന വിഭാഗത്തിൽ അപേക്ഷിക്കാൻ വേണ്ടി യോഗ്യതകളെക്കുറിച്ച് പുറയുന്നിടത്ത്, ചാരിറ്റബിൾ സർവ്വീസ്, കോൺട്രിബ്യൂഷൻ ഇൻ കമ്മ്യൂണിറ്റി പ്രോജക്റ്റ് എന്നാണ് വിശദീകരിക്കുന്നത്. പ്രതിഫലം കൈപ്പറ്റാതെയാണ് മൂർഖനും രാജവെമ്പാലയും അടക്കമുള്ള ഉഗ്ര സർപ്പങ്ങളെ കുട്ടയിലാക്കി ജനക്കൂട്ടത്തെ സുരേഷ് ഭയത്തിൽ നിന്നും രക്ഷിക്കുന്നത് എന്ന് മാത്രമല്ല വനം വകുപ്പുമായി ചേർന്ന് ഒരു കമ്മ്യൂണിറ്റി പ്രോജക്റ്റ് പോലെയാണ് ഇത് പ്രവർത്തിക്കുന്നതും. ഇനി ആ വിഭാഗത്തിന്റെ സമജ്ഞയിൽ സുരേഷിന്റെ പ്രവർത്തനങ്ങൾ സാങ്കേതികമായി വരികയില്ല എന്ന വാദം അംഗീകരിച്ചാൽ പോലും പത്താമത്തെ വിഭാഗമായ അതേഴ്‌സിൽ കൃത്യമായി തന്നെ സുരേഷ് ചെയ്യുന്ന സേവനങ്ങളെ സൂചിപ്പിക്കുന്നുണ്ട്.
മുകളിൽ സൂചിപ്പിക്കാത്ത എല്ലാ വിഭാഗങ്ങളും ചുവടെ കൊടുത്തിരിക്കുന്നവ ഉൾപ്പെട്ട വിഭാഗത്തിലും പെട്ടവർ എന്ന് പറഞ്ഞ് യോഗ്യതയിൽ പറയുന്നത് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ കൺസർവേഷൻ എന്നാണ്. ഈ വിഭാഗത്തിൽപ്പെടാൻ വേറെ യോഗ്യതകൾ ഒന്നും ആവശ്യമില്ല എന്ന് വ്യക്തമായിരിക്കെ സുരേഷിന് യോഗ്യത ഇല്ല എന്ന് വാദിക്കുന്നത് പ്രാഞ്ചിയേട്ടന്മാരുടെ ആശങ്കയെ പന്തുണയ്ക്കുന്നവർ മാത്രം ആണെന്ന് തീർച്ച. രാജ്യം നൽകുന്ന പരമോന്നത പുരസ്‌കാരങ്ങളിൽ ഒന്ന് യഥാർത്ഥ രാജ്യ സേവകർക്ക് ഒരുക്കാനുള്ള അവസരമായി കരുതി നമുക്ക് ഒരുമിച്ച് നിന്ന് ഈ കാമ്പെയിനെ വിജയിപ്പിക്കാം. ഒരു സാമൂഹ്യ ഉത്തരവാദിത്വം എന്ന നിലയിൽ മാത്രമാണ് മറുനാടൻ ഇതിനെ പിന്തുണയ്ക്കുന്നത്. നാളെ ഇത് കേരളത്തിന്റെ ഒരു പൊതു ആവശ്യമായി ഉയർന്ന് വരുമെന്ന് തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അന്ന് ഇത് ഏറ്റെടുത്ത് മുൻപോട്ട് പോകാൻ മുഖ്യധാര പത്രങ്ങളും പാർട്ടികളും ഒക്കെ ഉണ്ടാവും. അതുവരെ ഇതിനെ പിന്തുണയ്ക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.