കൈക്കരുത്തും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും തമ്മിൽ ബന്ധമുണ്ടെന്ന് ഗവേഷകർ. ഹസ്തദാനം നൽകുമ്പോൾ മുറുക്കം തോന്നുന്നില്ലെങ്കിലോ എന്തെങ്കിലും വസ്തുക്കളിൽ പിടിക്കുമ്പോൾ ശേഷിക്കുറവ് തോന്നുന്നുണ്ടെങ്കിലോ ശ്രദ്ധിക്കണം. ശേഷികുറഞ്ഞ കൈകൾ ഹൃദ്രോഗമോ പക്ഷാഘാതമോ വരാനുള്ള സാധ്യത കൂട്ടുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

രക്തസമ്മർദ പരിശോധനയെക്കാൾ, ഡോക്ടർക്ക് നൽകുന്ന ഒരു ഹസ്തദാനത്തിൽനിന്ന് നിങ്ങളുടെ ഹൃദയാരോഗ്യവും അകാലമൃത്യവിനുള്ള സാധ്യതയും തിരിച്ചിയാനാകുമെന്ന് ഗവേഷകർ പറയുന്നു. ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഹസ്തദാനത്തിൽനിന്ന് ശാരീരികാരോഗ്യം തിരിച്ചറിയാനാകുമെന്ന സൂചനയുള്ളത്.

ഒന്റാറിയോയിലെ പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ഡാരിൽ ലിയോങ്ങിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിലാണ് ശ്രദ്ധേയമായ ഈ കണ്ടെത്തലുകൾ. കൈയുടെ ശേഷിയിൽനിന്നുതന്നെ ഹൃദ്രോഗം വരാനുള്ള സാധ്യത നിർണയിക്കാനാകുമെന്ന് അദ്ദേഹം എഴുതുന്നു. എന്നാൽ, പേശിബലം വർധിപ്പിക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യതയും പക്ഷാഘാത സാധ്യതയും കുറയ്ക്കാനാവുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും അതിന് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഡാരിൽ വ്യക്തമാക്കി.

ഓരോരുത്തരുടെയും പേശീബലം ഹസ്തദാനത്തിൽനിന്ന് തിരിച്ചറിയാനാകും. പേശീബലം കുറഞ്ഞവർക്ക് അകാലമൃത്യുവിനുള്ള സാധ്യതയേറെയാണ്. പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ തന്നെ ഇക്കൂട്ടരെ മരണം ബാധിച്ചേക്കാം. 17 രാജ്യങ്ങളിൽനിന്നുള്ള 35-നും 70-നും മധ്യേ പ്രായമുള്ള ഒന്നരലക്ഷത്തോളം പേരെ നിരീക്ഷിച്ചശേഷമാണ് ഡോ. ഡാരിലിന്റെ നേതൃത്വത്തിലുള്ള സംഘം ഈ അനുമാനങ്ങലിലെത്തിയത്.

മുഷ്ടിയുടെ മുറുക്കം മനസ്സിലാക്കി രോഗ സാധ്യത നിർണയിക്കാനാകുമെന്ന് ഗവേഷകർ പറയുന്നു. പേശികൾക്ക് അഞ്ചുകിലോ ബലക്കുറവുണ്ടെങ്കിൽ രോഗസാധ്യത 17 ശതമാനം കൂടുതലാണ്. പ്രായം, കായികശേഷി, പുകയില ഉപയോഗം, മദ്യപാനം തുടങ്ങി പല കാരണങ്ങൾ വിലയിരുത്തുമ്പോഴും പേശീബലത്തിന് വ്യക്തമായ പ്രാധാന്യമുണ്ടെന്നും ഗവേഷകർ കണ്ടെത്തി.