- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉദ്യോഗസ്ഥന്റെ വീഴ്ചയിലൂടെ ധനനഷ്ടം: സാമ്പത്തിക ക്രമക്കേടുകൾ പരിശോധിക്കുന്ന ധനവകുപ്പിലെ വിഭാഗത്തെ ദുർബലപ്പെടുത്താൻ നീക്കം; മാർച്ചിൽ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കാൻ നിർദ്ദേശം; മന്ത്രി അറിയാതെ നീക്കം സ്ഥാപന മേധാവികളുടെ സമ്മർദത്താൽ
തിരുവനന്തപുരം: സർക്കാർ സ്ഥാപനങ്ങളിലെയും വിവിധ വകുപ്പുകളിലെയും സാമ്പത്തിക ക്രമക്കേടുകൾ പരിശോധിക്കുന്ന ധനവകുപ്പിലെ സാമ്പത്തിക പരിശോധനാ വിഭാഗത്തിന്റെ പ്രവർത്തന ദുർബലപ്പെടുത്താൻ നീക്കം. ഉദ്യോഗസ്ഥന്റെ വീഴ്ചയിലൂടെ ധനനഷ്ടം ഉണ്ടായാൽ പലിശയടക്കം തിരിച്ചുപിടിക്കുന്നതിനും ഇതിന് വീഴ്ച വരുത്തിയാൽ സ്ഥാപന മേധാവിയിൽ ഉത്തരവാദിത്തം നിഷിപ്തമാകുന്ന രീതിയിൽ തയ്യാരാക്കിയ ഉത്തരവ് റദ്ദാക്കാനാണ് നീക്കം നടത്തുന്നത്.
സർക്കാരിനു നഷ്ടമുണ്ടാക്കിയ ഉദ്യോഗസ്ഥരിൽനിന്നു പിഴ ഈടാക്കാതിരിക്കുന്ന മേധാവികളിൽനിന്നു കനത്ത പിഴ ഈടാക്കാനുള്ള നിർദേശമുൾപ്പെടുത്തി മാർച്ചിൽ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കാൻ ധനകാര്യ സെക്രട്ടറി ഫയലിൽ നിർദ്ദേശം നൽകി. ധനമന്ത്രി അറിയാതെയാണ് ഈ നടപടി. സ്ഥാപന മേധാവികളായ ഉദ്യോഗസ്ഥരുടെ സമ്മർദത്തെ തുടർന്നാണ് നീക്കംനടക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് ഒരാഴ്ചയ്ക്കകം പുറത്തിറങ്ങും.
ധനകാര്യ പരിശോധനാ വിഭാഗം ആവശ്യപ്പെടുന്ന ഫയലുകൾ കാലതാമസമുണ്ടാകാതെ നൽകണമെന്നും വീഴ്ച വരുത്തിയാൽ അച്ചടക്ക നടപടിയും പിഴയും ഉണ്ടാകുമെന്നും മാർച്ചിൽ പുറത്തിറക്കിയ ഉത്തരവിൽ ധനസെക്രട്ടറി രാജേഷ് കുമാർ സിങ് ചൂണ്ടിക്കാട്ടിയിരുന്നു. പരിശോധനാ റിപ്പോർട്ട് ധനവകുപ്പിനും ബന്ധപ്പെട്ട സ്ഥാപന മേധാവിക്കും കൈമാറും. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ നിർദേശങ്ങൾ ഒരു മാസത്തിനുള്ളിൽ നടപ്പിലാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ അനുമതിയില്ലാതെ നടപടി റിപ്പോർട്ട് അംഗീകരിക്കരുത്. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ശുപാർശകൾ നടപ്പിലാക്കിയോ എന്നു സ്ഥാപന മേധാവി മൂന്നു മാസത്തെ ഇടവേളയിൽ പരിശോധിച്ച് ധനവകുപ്പിനെ അറിയിക്കണം. സ്ഥാപന മേധാവിയുടെ ഭാഗത്ത് വീഴ്ച വന്നാൽ വിളിച്ചു വരുത്തി വിശദീകരണം തേടാം.
ഉദ്യോഗസ്ഥന്റെ വീഴ്ചയിലൂടെ ധനനഷ്ടം ഉണ്ടായതായി കണ്ടെത്തിയാൽ ആ തുക പലിശയടക്കം തിരിച്ചു പിടിക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ സ്ഥാപന മേധാവിയിൽനിന്ന് പിഴ ഇടാക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിരുന്നു. സ്ഥാപന മേധാവികൾ ഇക്കാര്യത്തിൽ ആശങ്ക അറിയിച്ചതിനെത്തുടർന്നാണ് ഉത്തരവ് റദ്ദാക്കാൻ ധനസെക്രട്ടറി നിർദ്ദേശം നൽകിയത്. ഉത്തരവ് പിൻവലിക്കുന്നത് അഴിമതിവിരുദ്ധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും.
ന്യൂസ് ഡെസ്ക്