ണ്ടനിൽ വേനൽ തുടങ്ങിയതോടെ, അറബ് ലോകത്തുനിന്നും കോടീശ്വരന്മാർ സൂപ്പർ കാറുകളിൽ ചുറ്റാൻ എത്തിത്തുടങ്ങി. റംസാൻ അവസാനിച്ചതോടെയാണ് അവധിക്കാലം ചെലവിടാനായി അറബ് കുമാരന്മാരുടെ വരവ്. ലണ്ടനിലെ പ്രധാന ഹോട്ടലുകളുടെയെല്ലാം മുന്നിൽ ആഡംബരക്കാറുകൾ നിരന്നുതുടങ്ങി. തെറ്റായി പാർക്ക് ചെയ്തതിന്റെ പേരിൽ ഇവയിൽ പലതിനും ഫൈനും ഈടാക്കിയിട്ടുണ്ട്.

സൂപ്പർ കാറുകളുടെ ആരാധകർക്ക് ഇതൊരു പ്രദർശന കാലവുമാണ്. ഫെരാരിയും ലംബോർഗിനിയും പോർഷെയും മക്‌ലാരനും മെഴ്‌സിഡസും മസെറാറ്റിസുമൊക്കെ ലണ്ടൻ റോഡുകളിലൂടെ മൂളിപ്പറക്കുന്ന കാലമാണിത്. തോന്നുന്നിടത്തുകൂടിയെല്ലാം പായുകയും തോന്നുന്നിടത്തെല്ലാം പാർക്ക് ചെയ്യുകയുമാണ് ഇവരുടെ രീതി. അതുകൊണ്ടുതന്നെ, 130 പൗണ്ടിന്റെ പാർക്കിങ് ഫൈൻ പതിയാത്ത സൂപ്പർകാറുകളുമില്ല. വെസ്റ്റ്മിനിസ്റ്ററിൽ പാർക്കിങ് പിഴവിന് 130 പൗണ്ടാണ് ഫൈൻ. 14 ദിവസത്തിനുള്ളിൽ അടച്ചാൽ അത് 65 പൗണ്ടായി കുറയും.

വർഷംതോറും നടക്കുന്ന ഈ സൂപ്പർ കാർ പ്രദർശനം ചിലർക്കെങ്കിലും തലവേദനയായി മാറാറുണ്ട്. ഓരോവർഷവും ഇതുസംബന്ധിച്ചുയരുന്ന പരാതികൾ ഏറെയാണ്. കെൻസിങ്ടൺ, ചെൽസി തുടങ്ങിയിടങ്ങളിലുള്ളവരാണ് പരാതിയുമായി മുന്നോട്ടുവരുന്നത്. എന്നാൽ, നിയമപരമായി അറബ് കുമാരന്മാരുടെ യാത്ര മുടക്കാനാവാത്തതിനാൽ, എല്ലാവർവർഷവും അത് തുടരുമെന്ന് മാത്രം.

അറബ് കുമാരന്മാരുടെ അതിവേഗയാത്രകളെക്കുറിച്ച് പല കൗൺസിലുകളും മുൻകാലങ്ങളിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നൈറ്റ്‌സ്ബ്രിഡ്ജ് ബോറോയാണ് പബ്ലിക് സ്‌പേസസ് പ്രൊട്ടക്ഷൻ ഓർഡറുകളിറക്കിയത്. വാഹനങ്ങളുണ്ടാക്കുന്ന ശബ്ദവും വഴിയാത്രക്കാർക്കുണ്ടാക്കുന്ന അപകടങ്ങളുമൊക്കെ ഈ മുന്നറിയിപ്പുകളിലുണ്ടായിരുന്നു. പാർക്ക് ചെയ്തിരിക്കുമ്പോൾ എൻജിൻ ഓഫ് ചെയ്തില്ലെങ്കിൽ 1000 പൗണ്ടുവരെ പിഴയീടാക്കാനും ചില കൗൺസിലുകൾ തീരുമാനിച്ചിരുന്നു.

റംസാന് പിന്നാലെ സൂപ്പർ കാറുകളുമായി അറബ് ലോകത്തെ എല്ലാ രാജ്യങ്ങളിൽനിന്നും യുവാക്കൾ ലണ്ടനിലെത്താറുണ്ട്. സൗദി, ഖത്തർ, കുവൈറ്റ്, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നൊക്കെ യുവാക്കൾ ലണ്ടനിലെത്തുന്നു. അറബ് ലോകത്തെ കടുത്ത വേനലിൽനിന്ന് രക്ഷപ്പെടുന്നതിനും ലണ്ടൻ ജീവിതം ആസ്വദിക്കുന്നതിനുമാണ് അറബ് കുമാരന്മാരുടെ വരവ്.