മനാമ: രാജ്യത്ത് വേനൽ കനക്കുമ്പോൾ അർധരാത്രിയിലും ചൂടിന് ശമനമുണ്ടാകുന്നില്ല. വേനലിനൊപ്പം ഹ്യുമിഡിറ്റിയും വർധിച്ചതുമൂലം തീരാദുരിതമാണ് ചൂട് സമ്മാനിക്കുന്നത്. ചൂടിന്റെ കാഠിന്യം ഏറ്റവും കൂടുചൽ പ്രതികൂലമായി ബാധിക്കുന്നത് നിർമ്മാണ തൊഴിലാളികളെയാണ്. കനത്ത ചൂട് മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളാൽ നിരവധി പേരാണ് ആശുപത്രികളിലെത്തുന്നത്.

ജൂലായ് മുതൽ ഓഗസ്റ്റ് വരെ ഉച്ചസമയത്തെ പുറം ജോലികളാണ് ഇപ്പോൾ നിരോധിച്ചിട്ടുള്ളത്. എങ്കിലും അതിന് മുമ്പുള്ള സമയത്തുപോലും ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ജോലി സമയത്തെ നിയന്ത്രണം പ്രാബല്യത്തിൽ വന്നതുമുതൽ തൊഴിലാളികൾ പുലർച്ചെ നാലു മുതൽ ഉച്ച 12 മണി വരെയാണ് സൈറ്റുകളിൽ ജോലി ചെയ്യുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പലരും കാലത്ത് പത്തുമണിയാകുമ്പോഴേക്ക് ജോലി നിർത്തുകയാണ്. പല തൊഴിലാളികളും സൈറ്റുകളിൽ തലകറങ്ങി വീഴുന്നതായി റിപ്പോർട്ടുകളുണ്ട്. രണ്ടു ദിവസം ജോലിക്ക് പോയി പിന്നീട് രണ്ടു ദിവസം ലീവെടുക്കുന്ന രീതിയും കാണുന്നുണ്ട്.

കൂടാതെ, എയർകണ്ടീഷനില്ലാത്ത വാഹനങ്ങളിൽ തൊഴിലിടങ്ങളിലേക്കും തിരിച്ചും തൊഴിലാളികളെ കൊണ്ടുപോകുന്നതും ഏറെ ദുരിതത്തിലാണ്. കഴിഞ്ഞ ദിവസം മനാമയിലെ പ്രധാന നിരത്തിലൂടെ ഇത്തരത്തിൽ ഒരു കാഴ്ച കാണാനിടയായി. എട്ട് പേർക്ക് മാത്രം യാത്ര ചെയ്യാൻ കഴിയുന്ന വാനിൽ ഉൾക്കൊള്ളാവുന്നതിലധികം തൊഴിലാളികളെ കുത്തിനിറച്ചാണ് ഒരു മിനി ബസ് പോകുന്നത്. ചൂടിൽ അൽപ്പം ആശ്വാസം ലഭിക്കുന്നതിന് വേണ്ടി വാഹനത്തിന്റെ ഗ്ലാസ്സുകൾ തുറന്നിട്ടായിരുന്നു തൊഴിലാളികൾ യാത്ര ചെയ്യുന്നത്. ഉച്ചവിശ്രമ നിയമം പാലിക്കാനായി തൊഴിലാളികളെ പണി സ്ഥലത്തു നിന്നും ഉച്ചയ്ക്ക് താമസ സ്ഥലത്ത് എത്തിക്കുന്നത് വിശ്രമത്തിന് പകരം പീഡനമായി മാറുകയാണ് ചെയ്യുന്നത്.

തൊഴിലാളികൾക്ക് മതിയായ വിശ്രമം ലഭിക്കുന്നുണ്ടോ എന്നറിയാൻ നടത്തുന്ന മിന്നൽ പരിശോധനകൾ നടത്തുമ്പോഴും ഈ ദുരിതങ്ങൾക്ക് മാറ്റമൊന്നും ഉണ്ടാവുന്നില്ല. അതേസമയം, ഉച്ചസമയത്തെ പുറം ജോലി നിരോധനം ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടപടിയെടുത്തിട്ടുണ്ട്. ഇവരിൽ നിന്നും 500 ദിനാറിൽ കുറയാത്ത പിഴ ഈടാക്കും. ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പലപ്പോഴും ഫ്രീ വിസക്കാരെയാണ് വെയിൽ അവഗണിച്ചുള്ള ജോലിക്കായി തൊഴിലുടമകൾ ചൂഷണം ചെയ്യുന്നത്.

കടുത്ത ചൂടിൽ നിർജ്ജലീകരണം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയ അധികൃതർ അറിയിപ്പു നൽകിയിട്ടുണ്ട്. ധാരാളം വെള്ളം കുടിക്കുകയും വെയിൽ കനക്കുന്ന നേരത്ത് പുറത്തിറങ്ങാതിരിക്കുകയും ചെയ്യണമെന്നാണ് അറിയിപ്പ്.