ഡബ്ലിൻ: ദിവസങ്ങളായി തുടരുന്ന താഴ്ന്ന താപനിലയിൽ റോഡുകൾ  മഞ്ഞു വീണ് വഴുക്കൽ നിറഞ്ഞതായതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം. മിക്കയിടങ്ങൡും റോഡുകളിൽ ഐസ് നിറഞ്ഞു കിടക്കുകയാണ്. റോഡുകളിൽ അപകടം പതിയിരിക്കുന്നതിനാൽ രാജ്യമെമ്പാടും മെറ്റ് ഐറീൻ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. നാളെ രാവിലെ പത്തു വരെയാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.

മഞ്ഞുവീഴ്ച വാഹനമോടിക്കുന്നതിന് കാഴ്ച തടസം ഉണ്ടാക്കുമെന്ന് മുന്നറിയിപ്പുണ്ട്. വാഹനവുമായി പുറത്തിറങ്ങുന്നവർ വേഗത കുറച്ച് വാഹനമോടിക്കണമെന്നും ബ്രേക്കിങ് ദൂരം വർധിപ്പിക്കണമെന്നുമാണ് നിർദ്ദേശം. ഡൊണീഗൽ, ലീട്രിം, മയോ, ഗാൽവേ, ക്ലെയർ, ലീമെറിക്, ടിപ്പറാറി, ലയോസ്, കാർലോ, ലോംഗ്‌ഫോർഡ്, വിക്ലോ, ഡബ്ലിൻ, വാട്ടർഫോർഡ്, കോർക്ക് എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച ശക്തമായിട്ടുണ്ട്. ഇവിടങ്ങളിലെ റോഡുകളിൽ ഏറെ കരുതലോടു കൂടി മാത്രം വാഹനമോടിക്കുക. മിക്കയിടങ്ങളിലും ഐസ് വീണ് റോഡ് തെന്നാൽ സാധ്യതയുണ്ടെന്നാണ് മെറ്റ് ഐറീൻ പറയുന്നത്.

പ്രധാനപാതകൾ വിട്ട് ഇടവഴികളിലൂടെ വാഹനമോടിക്കുന്നവരും അതീവജാഗ്രത പാലിക്കണം. മഞ്ഞ് ഉരുകാൻ ഏറെ ദിവസമെടുക്കുന്നതിനാൽ വഴുക്കൽ നിറഞ്ഞതാണ് ഈ റോഡുകൾ. താപനില മിക്കയിടങ്ങളിലും പൂജ്യത്തിലും താഴെയായിട്ടുണ്ട്. കോ ഗാൽവേയിലെ ഏതെന്റിയിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിട്ടുള്ളത്. മൈനസ് 4.2 ഡിഗ്രി.