തിരുവനന്തപുരം: അതീവ പ്രശ്‌ന ബാധിതമായി പൊലീസ് കണ്ടെത്തിയ 1,315 പോളിങ് ബൂത്തുകളുടെ പട്ടികയിൽ 1,022 ബൂത്തുകളിൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായി. വെബ് കാസ്റ്റിംഗിനുള്ള പശ്ചാത്തല സൗകര്യമുണ്ടെന്ന് ബി.എസ്.എൻ.എൽ അധികാരികൾ അറിയിച്ച ബൂത്തുകളിലാണിത്. ശേഷിച്ച ബൂത്തുകളിൽ വീഡിയോഗ്രാഫി ഏർപ്പെടുത്താനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി.

പോളിങ് ദിവസം വീഡിയോഗ്രാഫി ഏർപ്പെടുത്തുന്നതിന് ബൂത്തൊന്നിന് 4,000 രൂപ നിരക്കാണ് നിശ്ചയിച്ചിട്ടുള്ളത്. ജില്ലാ തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥരും ജില്ലാ പൊലീസ് മേധാവിയും സിറ്റി പൊലീസ് കമ്മീഷണറും ചേർന്ന് കണ്ടെത്തുന്ന മറ്റ് പ്രശ്‌ന ബാധിത ബൂത്തുകളിൽ വീഡിയോഗ്രാഫി ഈ നിരക്കിൽ കമ്മീഷന്റെ ചെലവിൽ ഏർപ്പെടുത്തും. രാഷ്ട്രീയ കക്ഷികളും മറ്റ് സംഘടനകളും സ്ഥാനാർത്ഥികളും ആവശ്യപ്പെടുന്ന ബൂത്തുകളിൽ അവരുടെ ചെലവിൽ വീഡിയോഗ്രാഫി ഏർപ്പെടുത്താനും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

ഇതിന് കമ്മീഷൻ നിശ്ചയിച്ച തുക മുൻകൂറായി ആവശ്യക്കാർ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മുമ്പാകെ കെട്ടിവെക്കണം. വീഡിയോ റിക്കാർഡിംഗിന്റെ എഡിറ്റ് ചെയ്യാത്ത കോപ്പി വോട്ടെടുപ്പ് കഴിഞ്ഞാലുടൻ തന്നെ വീഡിയോഗ്രാഫറിൽ നിന്നും വാങ്ങി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സുരക്ഷിത സൂക്ഷിപ്പിൽ വെക്കേണ്ടതാണെന്നും കമ്മീഷൻ നിർദ്ദേശിച്ചു.