മസ്‌കറ്റ്: പ്രവാസി ഇന്ത്യക്കാർക്ക് ഇനി പരാതിയുടെ കെട്ടുമായി എംബസി ഓഫീസുകൾ കയറി ഇറങ്ങേണ്ട. അന്യനാട്ടിലെ പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും പ്രവാസകാര്യ മന്ത്രാലയവും സംയുക്തമായി വെബ്‌പോർട്ടൽ തുടങ്ങും. ഇതോടെ പരാതികൾ ഇതിലൂടെ നൽകാം. സുതാര്യതയും ഉറപ്പാകും. വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്.

പ്രവാസിഇന്ത്യക്കാർക്ക് അവർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ഓൺലൈൻവഴി വിദേശകാര്യ മന്ത്രാലയത്തെയും നയതന്ത്രകാര്യാലയങ്ങളെയും അറിയിക്കാനുള്ള സംവിധാനമായിരിക്കും ഈ പോർട്ടൽ. ഇതിൽ തങ്ങളുടെപ്രശ്‌നങ്ങൾ നേരിട്ട് രേഖപ്പെടുത്താൻ പ്രവാസികൾക്ക് സൗകര്യമുണ്ടാവും. ഈ പരാതികൾ കാര്യക്ഷമമായി എംബസി ഉദ്യോഗസ്ഥർ പരിഗണിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള സംവിധാനവും പോർട്ടലിലുണ്ടാവും.

മിനിസ്ട്രി ഓഫ് എക്‌സ്റ്റേണൽ അഫയേഴ്‌സ് ഇൻ എയ്ഡ് ഓഫ് ഡയസ്‌പോറ ഇൻ ഡിസ്ട്രസ്സ് (എം.എ.ഡി.എ.ഡി.) എന്നാണ് ഈ പദ്ധതിയുടെപേര്. ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലെ പ്രവാസികൾക്ക് മാത്രമായാണ് ഈ സൗകര്യം ലഭ്യമാകുക. അതിലൊന്ന് ഒമാൻ ആയിരിക്കുമെന്ന് മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.

ടെലിഫോൺവഴി പരാതികൾ സമർപ്പിക്കുന്നതിന് കോൾ സെന്റർ ആരംഭിക്കാനും പദ്ധതിയുണ്ട്. ഈ പരാതികൾ കാര്യക്ഷമമായി പരിശോധിക്കുകയും പരിഹാരനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിന് എംബസി ഉദ്യോഗസ്ഥർ നടപടിയെടുക്കും.