ഖുർആൻ പഠന രംഗത്ത് നൂതന സാങ്കേതിക വശങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് സമഗ്ര ഖുർആൻ പഠന പോർട്ടലായ ഖുർആൻ ഓൺ വെബ് ഡോട്ട് നെറ്റ്. കേരളാ വഖഫ് ബോർഡ് ചെയർമാൻ കൂടിയായ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഓൺലൈൻ സന്നദ്ധ സംഘടനയായ മിഷൻസോഫ്റ്റ് ഫൗണ്ടേഷനാണ് ഈഉദ്യമത്തിനുപിന്നിൽ.

സമസ്ത കേരള ജംഇയ്യതുൽ ഉലമായുടെ സെക്രട്ടറിയായിരുന്ന കെ.വി. മുഹമ്മദ് മുസ്ലലിയാർ കൂറ്റനാട് രചിച്ച അഞ്ചു വാല്യങ്ങളുള്ള മലയാളത്തിലെ ഫത്ഹുറഹ്മാനും ഉത്തരേന്ത്യയിലെ പ്രസിദ്ധ പണ്ഡിതനായിരുന്ന അഹ്മദ് റസാഖാൻ ബറേൽവിയുടെ ഉർദു പരിഭാഷയും അബ്ദുൽ മാജിദ് ദരിയാബാദിയുടെ ഇംഗ്ലീഷ് പരിഭാഷയുമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ലോകപ്രശസ്ത ഖുർആൻ പാരായണ വിദഗ്ദ്ധരായ ഈജിപ്തിലെ അബ്ദുൽ ബാസിത്ത് ബിൻ അബ്ദുസ്സമദ്, സദിയിലെ അബ്ദുറഹ്മാൻ അൽ ഹുധൈഫി, കുവൈത്തിലെ മിശാരി ബിൻ റാഷിദ് അൽആഫാസി എന്നിവരുടെ പാരായണ സൗന്ദര്യവും ആസ്വദിക്കാൻ സൈറ്റിൽ അവസരമുണ്ട്.

ഖുർആനിലെ വാക്കുകൾ ടൈപ്പ് ചെയ്ത് അവയുടെ അധ്യായം, ജൂസ്അ്, അർത്ഥം എന്നിവ വളരെ എളുപ്പം കണ്ടുപിടിക്കാൻ സൈറ്റിൽ സകര്യം ഉണ്ട്. കൂടാതെ ഖുർആനിലെ പ്രത്യേക അധ്യായത്തിന്റെ പേര്, സൂക്തം നമ്പർ, പേജ് നമ്പർ എന്നിവ നൽകിയാൽ അവയുടെ പാരായണം ശ്രവിക്കുവാനും വിവിധ ഭാഷയിലുള്ള പരിഭാഷ വായിക്കുവാനും സാധിക്കും. ഖുർആൻ പാരായണ നിയമങ്ങൾ പഠിച്ചെടുക്കാൻ പ്രത്യേകം തജ്‌വീദ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ആറായിരത്തിലതികം വരുന്ന സൂക്തങ്ങളുടെ ഓരോന്നും വേർതിരിച്ചുള്ള പരിഭാഷകളുടെ ശബ്ദരേഖ കൂടി ഉൾപ്പെടുത്തുന്നതിന്റെ പണിപ്പുരയിലാണ് വെബ്‌സൈറ്റിന്റെ പിന്നണി പ്രവർത്തകരെന്ന് ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ ഫൈസൽ നിയാസ് ഹുദവി കൊല്ലം പറഞ്ഞു. ഖുർആനുമായി ബന്ധപ്പെട്ട ഒട്ടനവധി കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു സമ്പൂർണ്ണ ഖുർആനിക് വിജ്ഞാനകോശമാക്കി സൈറ്റിനെ മാറ്റുകയാണ് മിഷൻസോഫ്റ്റിന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളത്തിലെ മുൻനിര ഇസ്‌ലാമിക് സൈറ്റുകളിൽ ഒന്നായ ഇസ്‌ലാം ഓൺ വെബ് ഡോട്ട് നെറ്റ് ആണ് ഫൗണ്ടേഷന്റെ ആദ്യ ഓൺലൈൻ സംരംഭം. . മലപ്പുറം ജില്ലയിലെ കോട്ടക്കൽ ആസ്ഥാനമായാണ് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്.

ഇന്ത്യയിലും ഗൾഫുരാജ്യങ്ങളിലെ വിവിധയിടങ്ങളിലുമായി സൈറ്റിന്റെ പ്രകാശന പരിപാടികൾ നടന്നു. ബഹ്‌റൈൻ തല പ്രകാശനം സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീൻ തങ്ങൾ മനാമ സ്വലാത്ത് ഹാളിൽ വച്ച് നിർവഹിച്ചു. സമസ്ത ബഹ്‌റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്, ട്രഷറർ വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, മുസ്തഫാ കളത്തിൽ, കോഡിനേറ്റർ ഉമറുൽ ഫാറൂഖ് ഹുദവി, മൂസ മൗലവി വണ്ടൂർ, ഹാഫിള് ശറഫുദ്ധീൻ, ശഹീർ കാട്ടാമ്പള്ളി, മുഹമ്മദലി വളാഞ്ചേരി സംബന്ധിച്ചു.