ഡിഗ്രിയും ആർട്ടിലും മൾട്ടിമീഡിയയിലുമുള്ള പഠനവും കഴിഞ്ഞ ശേഷം കാഞ്ഞങ്ങാട്ടുകാരൻ അജിത്കുമാർ കണ്ണൻ ക്രിയേറ്റീവ് രംഗത്ത് ചെയ്യാത്ത ജോലികളില്ല എന്നു പറയാം. 1998-ൽ അനിമേറ്ററായി തുടക്കം. പിന്നീട് വിവിധ ടെക്നോളജി സോഫ്റ്റ് വെയർ കമ്പനികളിലായി സ്റ്റോറിബോർഡ് ആർട്ടിസ്റ്റ്, ഗ്രാഫിക് ഡിസൈനർ, വെബ് ഡിസൈനർ, യുഐ/യുഎക്സ് ഡിസൈനർ, ക്രിയേറ്റീവ് ഡയറക്ടർ...

അക്കാലത്താണ് ഒരു ക്രിയേറ്റീവ് ജോലിക്കാരൻ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് അജിത്കുമാറിന് മനസ്സിലായത് - ക്രിയേറ്റീവ് ജോലിക്കാരുടെ സവിശേഷ ജോലിസാധ്യതകൾ മനസ്സിലാക്കി അവസരങ്ങൾ കാണിച്ചു തരുന്ന ഒരു പ്ലാറ്റ്ഫോം ഇല്ല. ഇതാണ് ഏഴു വർഷം മുമ്പ് ബാംഗളൂരു ആസ്ഥാനമായി തോട്ട്ഗ്രിഡ് ഇന്ററാക്റ്റീവ് സൊലൂഷൻസ് എന്ന സംരംഭത്തിന് തുടക്കമിടാൻ അജിതിന് പ്രേരണയായത്.

തോട്ട്ഗ്രിഡ് ഒരു വർഷം മുമ്പാരംഭിച്ച പിക്സെൽജോബ്സ്.കോം ആണ് അജിതിന്റെ ഈ രംഗത്തെ ഏറ്റവും പുതിയ കാൽവെയ്‌പ്പ്. ഒരു വർഷത്തിനുള്ളിൽ 30,000-ത്തിലേറെ ക്രിയേറ്റീവ് ജോലിക്കാരും 4500-ലേറെ ക്രിയേറ്റീവ് തൊഴിൽദാതാക്കളായ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്തു കഴിഞ്ഞ സൈറ്റിൽ (www.pxljobs.com) വെബ് ആൻഡ് മൊബൈൽ ഡിസൈനർമാർ, യുഐ/യുഎക്സ് ഡിസൈനർമാർ, ഗ്രാഫിക് ഡിസൈനർമാർ, അനിമേറ്റർമാർ, ഫോട്ടോഗ്രാഫർമാർ, ഫാഷൻ ഡിസൈനർമാർ, കാഡ് ഡിസൈനർമാർ, ഗെയിം ഡിസൈനർമാർ, പ്രിന്റ് ഡിസൈനർമാർ, ടെക്സചർ ആർട്ടിസ്റ്റുകൾ, ക്രിയേറ്റീവ് ഡയറക്ടർമാർ, കണ്ടന്റ് റൈറ്റർമാർ, വിഡിയോ എഡിറ്റർമാർ, പ്രൊഡക്റ്റ് ഡിസൈനർമാർ തുടങ്ങിയ 150-ലേറെ തരത്തിൽപ്പെട്ട ക്രിയേറ്റീവ് ജോലികളാണ് പോസ്റ്റു ചെയ്യപ്പെടുന്നത്. ഇക്കഴിഞ്ഞ മാസം പിക്സൽജോബ്സ്.കോം മറ്റൊരു സവിശേഷത കൂടി കൂട്ടിച്ചേർത്തു - സൈറ്റിലെ മാപ്പിൽ നോക്കി സമീപത്തുള്ള ഫ്രീലാൻസർമാരെ കണ്ടുപിടിക്കാനുള്ള അവസരം.

'പോർട്ഫോളിയോ അധിഷ്ഠിത സേവനമാണ് ഞങ്ങളുടെ തുരുപ്പുചീട്ട്. അതായത് ഓരോ ക്രിയേറ്റീവ് ജോലിക്കാരനും തങ്ങൾ ചെയ്ത ക്രിയേറ്റീവ് ജോലികളുടെ പോർട്ഫോളിയോ പ്രദർശിപ്പിക്കാനുള്ള അവസരം,' അജിത്കുമാർ പറയുന്നു.