ബീജിങ്: ചൈനയിൽ കോടികൾ ധൂർത്തടിച്ച് കൊണ്ടുള്ള ആഡംബര വിവാഹങ്ങൾ പെരുകുന്ന സാഹചര്യത്തിൽ ഇവയെ നിയന്ത്രിക്കാൻ കടുത്ത നടപടികളുമായി ചൈനീസ് സർക്കാർ രംഗത്തെത്തി. ഇത് പ്രകാരം കോടികൾകോടികൾ വാരിയെറിഞ്ഞുള്ള വിവാഹങ്ങൾ ചൈനയിൽ നിരോധിച്ചിരിക്കുകയാണ്. ഇതിന് പകരം എല്ലാവരും പരമ്പരാഗത ലളിത വഴികൾ സ്വീകരിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുമുണ്ട്. പണത്തെ ആരാധിക്കുന്ന വിവാഹ ആഘോഷം സാധാരണമാക്കാൻ സർക്കാരിന്റെ കർശന ഇടപെടൽ ഇനിമുതലുണ്ടാകും. വൻ വിലയുള്ള സമ്മാനങ്ങൾ നൽകിയും അനാവശ്യമായ ആചാരങ്ങളും ചൈനീസ് വിവാഹങ്ങളെ ഇന്ന് പണമേറെ പാഴാക്കുന്ന പരിപാടിയാക്കിയിരിക്കുന്നതിനാലാണ് ഇതിനെ നിയന്ത്രിക്കാൻ സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

വിവാഹവുമായി ബന്ധപ്പെട്ട ആഡംബരം ഇത്തരത്തിൽ അതിരു കടക്കുന്നതിനാൽ എല്ലാ വിധ ധാർമികതകളും ക്ഷയിക്കുന്നതിനാലാണ് ഇതിനെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതെന്നാണ് മിനിസ്ട്രി ഓഫ് സിവിൽ അഫയേർസ് പുതിയ നീക്കത്തിന് വിശദീകരണം നൽകിയിരിക്കുന്നത്. പുതിയ നീക്കമനുസരിച്ച് ദമ്പതികളോട് തങ്ങളുടെ വിവാഹം കൂടുതൽ പരമ്പരാഗതമാക്കാനും ചെലവ് ചുരുക്കാനുമാണ് ആവശ്യപ്പെടുന്നതെന്നും മന്ത്രാലയം വെള്ളിയാഴ്ച ഒരു കോൺഫറൻസിൽ വെളിപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ചൈനയിലെ വിവാഹങ്ങളുടെ ചെലവ് പരിധി വിട്ടുയരുന്ന പ്രവണതയാണുള്ളത്.

പ്രത്യേകിച്ചും ചൈനയിലെ ഗ്രാമ പ്രദേശങ്ങളിൽ നടത്തപ്പെടുന്ന വിവാഹങ്ങൾക്കാണ് ധൂർത്ത് പെരുകുന്നത്. വിവാഹക്കാര്യത്തിൽ ബന്ധുക്കളുമായും അയൽക്കാരുമായും മത്സരിച്ച് ചെലവിടാൻ ഒരുമ്പട്ടിറങ്ങുന്നവരേറെയുണ്ട്. ചെലവേറിയ റിസപ്ഷനുകൾ, വസ്ത്രങ്ങൾ , വിദേശത്തുള്ള വെഡിങ് ഷൂട്ടുകൾ തുടങ്ങിയവക്കായി വൻ തുകയാണ് ചൈനക്കാർ ഇന്ന് പൊടിക്കുന്നത്. വധുവിന്റെ വീട്ടുകാർക്ക് ചൈനയിൽ വരൻ നൽകി വരുന്ന ബ്രൈഡ് പ്രൈസിന് രാജ്യത്തെ ചില നഗരങ്ങളിൽ ഒഫീഷ്യലുകൾ കഴിഞ്ഞ വർഷം പരിധി നിശ്ചയിച്ചിരുന്നു.

വിവാഹധൂർത്ത് കുറച്ച് കൊണ്ടു വരികയായിരുന്നു ഇതിന്റെ ലക്ഷ്യം. ചില ഗ്രാമങ്ങളിൽ ബ്രൈഡ് പ്രൈസായി ഒരു ലക്ഷം യുവാൻ അഥവാ 11,000 പൗണ്ട് വരെ നൽകുന്ന കീഴ് വഴക്കം നിലനിൽക്കുന്നുവെന്നാണ് റിപ്പോർട്ട്. വിവാഹത്തിന് മുമ്പ് വരന്റെയും വധുവിന്റെയും ടെൻഷൻ മാറ്റുന്നതിനായി ചെയ്യുന്ന വിചിത്രമായ ആചാരങ്ങൾക്കായി പോലും വൻ തുകകളാണ് ചൈനയിൽ പൊടിച്ച് കൊണ്ടിരിക്കുന്നത്. ഇത്തരം ആചാരങ്ങളും രീതികളും കടുത്ത അടിപിടികളിലും ആക്രമണങ്ങളിലും കലാശിക്കുന്നുമുണ്ട്.

ഇവ നിയന്ത്രിക്കാനും കടുത്ത നീക്കം സർക്കാർ ആരംഭിച്ചിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ജിൻപിൻഗിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് ഇത്തരത്തിൽ വിവാഹ ധൂർത്തുകൾക്ക് നിയന്ത്രണം വരുന്നത്. പരമ്പരാഗത സംസ്‌കാരത്തോട് അദ്ദേഹത്തിനുള്ള പ്രതിപത്തിയും രാഷ്ട്രീയ ആദർശവും ഈ നീക്കത്തിന് പുറകിലുണ്ടെന്നാണ് റിപ്പോർട്ട്.'