ലണ്ടൻ: സമയത്തിന് ഒരുങ്ങിയിറങ്ങുകയെന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമുള്ള കാര്യമാണ്. എന്നാൽ, സ്വന്തം വിവാഹത്തിനെങ്കിലും സമയകൃത്യത പാലിക്കണ്ടേ? നിക്കോള ടൗച്ചിക്ക് അവിടെയും പിഴച്ചു. വിവാഹവേദിയിൽ വധുവിനെ കാത്തിരുന്ന് മടുത്ത പ്രതിശ്രുത വരൻ, ഒടുവിൽ സമയകൃത്യതയില്ലാത്ത വധുവിനെ വേണ്ടെന്നുവെക്കുകയും ചെയ്തു. തനിക്ക് പറ്റിയ അബദ്ധമോർത്ത് നിരാശപ്പെടുകയാണ് നിക്കോള ഇപ്പോൾ.

വിവാഹത്തിനായി 12,000 പൗണ്ട് ചെലവഴിച്ച് എല്ലാമൊരുക്കിയിരുന്നതാണ്. മൂന്നുമക്കളുടെ അമ്മയായ നിക്കോളയും വിവാഹത്തിനായി അണിഞ്ഞൊരുങ്ങി. അതിനിടെയാണ് മകളുടെ ഫ്‌ളവർ ഗേൾ ഡ്രസ്സിന്റെ കാര്യത്തിൽ ആശയക്കുഴപ്പം വന്നത്. അത് പരിഹരിക്കാനായി കാത്തുനിന്നപ്പോഴേക്കും വിവാഹത്തിന്റെ സമയവും തെറ്റി. സമയത്ത് വിവാഹപ്പന്തലിലെത്താത്ത വധുവിനെ വേണ്ടെന്ന് വരനായ ഡാരൻ ഫേൺ തീരുമാനിക്കുകയും ചെയ്തു.

46-കാരിയായ നിക്കോള, എസക്‌സിൽ താമസസ്ഥലത്തിനടുത്തുള്ള ലോക്കൽ ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറിൽനിന്നാണ് മേക്കപ്പൊക്കെ പൂർത്തിയാക്കിയത്. തിരിച്ച് അവിടെനിന്ന് വീട്ടിലെത്തിയപ്പോൾ മാതാപിതാക്കളും രണ്ട് മക്കളും ഒരുങ്ങാതെ വീട്ടിൽത്തന്നെയിരിക്കുന്നത് കണ്ടു. മാതാപിതാക്കൾ നിക്കോളയും ഡാരനുമായുള്ള വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. ഒടുവിൽ മ്ക്കളെയും കൂട്ടി കാറിൽ വിവാഹസ്ഥലത്തേയ്ക്ക് പുറപ്പെട്ടെങ്കിലും സമയത്ത് അവിടെയെത്തിച്ചേരാനായില്ല.

വിവാഹവേദിയിൽ അപ്പോഴേക്കു അതിഥികളൊക്കെ ഇടംപിടിച്ചിരുന്നു. താൻ വൈകുമെന്ന് വിളിച്ചുപറഞ്ഞപ്പോൾ, വേഗം വരാനാണ് ഡാരൻ പറഞ്ഞത്. ഇത് സമ്മർദം കൂട്ടി. അപ്പോഴേക്കും വിവാഹത്തിന് അരമണിക്കൂർ മാത്രമാണ് ശേഷിച്ചിരുന്നത്. പള്ളിയിലേക്ക് 20 മൈൽകൂടി ദൂരമുണ്ടായിരുന്നു. ഇതിനിടെ, ബ്രൈഡ്‌സ്‌മെയ്ഡാകാമെന്ന് സമ്മതിച്ചിരുന്ന സുഹൃത്ത് വരില്ലെന്ന് വിളിച്ചുപറഞ്ഞത് കൂടുതൽ പ്രശ്‌നമായി. ഒടുവിൽ വീട്ടിലേക്ക് തിരിച്ചുവന്ന് മകളുടെ ബ്രൈഡ്‌സ്‌മെയ്ഡ് ഡ്രസ്സെടുത്ത് നേരെ തിരിച്ചുപോയി.

വിവാഹത്തിന് സമയത്തെത്താനാകില്ലെന്ന് ഉറപ്പായതോടെ, റിസപ്ഷൻ നടക്കുന്ന സ്ഥലത്തേക്കാണ് നിക്കോള നേരെ പോയത്. ഇത് ഡാരന് സഹിക്കാവുന്നതിലും ഏറെയായിരുന്നു. വിവാഹം വേണ്ടെന്ന് വെക്കാൻ ഡാരൻ തീരുമാനിച്ചു. 2014-ൽ ഓൺലൈനിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായവരാണ് ഡാരനും നിക്കോളയും. 2015-ൽ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. കാത്തിരുന്ന കല്യാണമാണ് നിക്കോളയ്ക്ക് സമയത്ത് എത്തിച്ചേരാനാകാത്തതുകൊണ്ട് മുടങ്ങിപ്പോയത്.