ഡബ്ലിൻ: ബസ് റൂട്ട് സ്വകാര്യവത്ക്കരണത്തിനെതിരേ ഡബ്ലിൻ ബസ്, ബസ് ഐറാൻ എന്നിവർ നടത്തി വന്ന പണിമുടക്ക് പിൻവലിച്ചു. ലേബർ കമ്മീഷന്റെ സാന്നിധ്യത്തിൽ യൂണിയൻ നേതാക്കളും നാഷണൽ ട്രാൻസ്‌പോർട്ട് അഥോറിറ്റിയും നടത്തിയ ചർച്ചയിലാണ് പ്രശ്‌നപരിഹാരമായത്.

ഡബ്ലിൻ ബസ്, ബസ് ഐറാൻ എന്നിവ സർവീസ് നടത്തുന്ന റൂട്ടുകളിൽ പത്തു ശതമാനത്തോളം സ്വകാര്യവത്ക്കരിക്കാനാണ് നാഷണൽ ട്രാൻസ്‌പോർട്ട് അഥോറിറ്റി പദ്ധതിയിട്ടത്. ഈ റൂട്ടുകൾ സ്വകാര്യവത്ക്കരിച്ചാൽ ഇരു കമ്പനികളിലേയും ജീവനക്കാരെ അതു ബാധിക്കുമെന്നതിനാലാണ് ഇവർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

നാഷണൽ ബസ് ആൻഡ് റെയിൽ യൂണിയൻ (എൻബിആർയു), എസ്‌ഐപിടിയു, ഡബ്ലിൻ ബസ് മാനേജ്‌മെന്റ്, ബസ് ഐറാൻ മാനേജ്‌മെന്റ്, ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ്, നാഷണൽ ട്രാൻസ്‌പോർട്ട് അഥോറിറ്റി എന്നിവർ സംയുക്തമായാണ് ചർച്ചയിൽ പങ്കെടുത്തത്. പണിമുടക്കിന്റെ രണ്ടാം ഘട്ടമെന്ന നിലയിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും പണിമുടക്ക് നടത്താനായിരുന്നു തീരുമാനം. ഇത് റദ്ദാക്കിക്കൊണ്ടാണ് യൂണിയൻ പ്രസ്താവനയിറക്കിയത്.

ബസ് റൂട്ടുകൾ സ്വകാര്യവത്ക്കരിച്ചാലും ബസ് ഐറാനിലെയോ, ഡബ്ലിൻ ബസിലെയോ ജീവനക്കാരെ സ്വകാര്യമേഖലയിലേക്ക് തള്ളിവിടുകയില്ലെന്നും അതിന്റെ പേരിൽ ആർക്കും തൊഴിൽ നഷ്ടമാകുകയില്ലെന്നും ഉറപ്പു നൽകിയതിനെ തുടർന്നാണ് ബസ് ഡ്രൈവർമാർ പണിമുടക്ക് പിൻവലിക്കാൻ തയാറായത്. മൂന്നാം ഘട്ടമെന്ന നിലയിൽ 29, 30, 31 തിയതികളിൽ നടത്താനിരുന്ന പണിമുടക്കും പിൻവലിച്ചതായി അറിയിപ്പുണ്ട്.

അതേസമയം ബസ് റൂട്ട് സ്വകാര്യവത്ക്കരണവുമായി മുന്നോട്ടു പോകാൻ തന്നെയാണ് എൻടിഎയുടെ തീരുമാനം. ഇതുസംബന്ധിച്ച ടെൻഡറുകൾ സ്വീകരിക്കുമെന്നും കോൺട്രാക്ട് എടുക്കുന്ന കമ്പനി ലേബർ കമ്മീഷന്റെ നിബന്ധന പ്രകാരം മാത്രമേ തൊഴിലാളികളുടെ കാര്യത്തിൽ നടപടികൾ കൈക്കൊള്ളണെന്നും പുതിയ നിർദേശത്തിൽ പറയുന്നു. തിങ്കളാഴ്ച ഇരുകക്ഷികളും ലേബർ കമ്മീഷൻ മുമ്പാകെ ആരംഭിച്ച ചർച്ച ഇന്നലെ രാത്രിയാണ് അവസാനിപ്പിച്ചത്.