മുക്കം:മദ്യമാഫിയകൾക്ക് മുന്നിൽ മുട്ടുമടക്കുന്ന പിണറായി വിജയൻ തനിക്ക് അരച്ചങ്കു പോലുമില്ലെന്നാണ് തെളിയിച്ചു കൊണ്ടിരിക്കുന്നതെന്ന്വെൽഫെയർപാർട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി. മദ്യ മുതലാളിമാരുടെ പണം വാങ്ങി കേരളത്തിൽ മദ്യമൊഴുക്കുന്ന ഇടതു സർക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ വെൽഫെയർപാർട്ടി തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യ മുതലാളിമാരുടെ പണം വാങ്ങുന്ന പാർട്ടികളിൽനിന്നും കേരളത്തെ രക്ഷിക്കാൻ പൊതു സമൂഹം ശക്തമായി പ്രതിഷേധം സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മുക്കം നഗരസഭാ കൗൺസിലർ ഗഫൂർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലുരുട്ടി അധ്യക്ഷത വഹിച്ച പ്രതിഷേധ സംഗമത്തിൽ സെക്രട്ടറി ലിയാഖത്തലി സ്വാഗതവും മുക്കം മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് ഇ.കെ.കെ ബാവ നന്ദിയും പറഞ്ഞു. മുക്കം അങ്ങാടിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ശംസുദ്ദീൻ ആനയാംകുന്ന്, ശേഖരൻ മുക്കം, സഫിയ ടീച്ചർ, ഒ.അസീസ്, സാലിം ജീറോഡ്, അബ്ദുമാസ്റ്റർ ചാലിൽ നേതൃത്വം നൽകി.