തിരുവനന്തപുരം: കുവൈറ്റിലേക്കുള്ള തൊഴിലന്വേഷകരെ കൊള്ളയടിക്കും വിധം മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങൾ നടപ്പിലാക്കുന്ന ഭീമമായ ഫീസ് വർദ്ധന പിൻവലിക്കുന്നതിനും കേരളത്തിൽ അടച്ചുപൂട്ടിയ മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിനും കേരള-കേന്ദ്ര സർക്കാറുകൾ കുവൈറ്റ് സർക്കാറിൽ സമ്മർദ്ദം ചെലുത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

മെഡിക്കൽ പരിശോധനകൾക്കായി നേരത്തെ ഈടാക്കിയിരുന്ന 3600 രൂപ എന്നത് 24000 രൂപയായിട്ടാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ നേരത്തെ 15 പരിശോധനാ കേന്ദ്രങ്ങൾ ഉണ്ടായിരുന്നത് മുഴുവൻ അടച്ചുപൂട്ടുകയും ചെയ്തു. കുവൈറ്റിൽ ജോലി തേടിപ്പോകുന്ന മലയാളിക്ക് മെഡിക്കൽ പരിശോധനകൾക്കായി ഡൽഹിയിലോ മുംബൈയിലോ പോകേണ്ടിവരുന്നു. ഇത് സാധാരണക്കാരായ തൊഴിലന്വേഷകരുടെ പ്രതീക്ഷകൾക്കാണ് മങ്ങലേൽപ്പിക്കുന്നത്.

കേരളത്തിന്റെ സാമ്പത്തിക വളർച്ചക്ക് മുഖ്യപങ്കുവഹിക്കുന്ന പ്രവാസി നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കുന്നതിന് ഇത് കാരണമാകും. പ്രവാസികളുടെ പ്രശ്‌നങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പുലർത്തുന്ന നിസ്സംഗത അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.