തിരുവനന്തപുരം: രാജ്യത്തെ കന്നുകാലി വ്യാപാരത്തെ കാർഷികാവശ്യാർത്ഥം മാത്രം പരിമിതപ്പെടുത്തി കശാപ്പ് നിരോധിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ ഉത്തരവ് ഉഗ്രഫാസിസ്റ്റ് ഭരണമാണ് രാജ്യത്തുള്ളതെന്ന് വ്യക്തമാക്കുന്നതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു.

ജനങ്ങളുടെ ഭക്ഷണശീലങ്ങളെയും സ്വാതന്ത്യങ്ങളെയും ഹനിക്കുമെന്ന ജനാധിപത്യ വിരുദ്ധവും മൗലികാവകാശങ്ങൾ ലംഘിക്കുന്നതുമായ നീക്കമാണ് കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് പുറത്തിറക്കിയ നോട്ടിഫിക്കേഷനിലുള്ളത്. കാർഷികാവശ്യത്തിന് മാത്രമേ പശു, കാള, പോത്ത്,എരുമ തുടങ്ങിയ മൃഗങ്ങളെ വാങ്ങാനും വിൽക്കാനും പാടുള്ളുവെന്ന നിയമം നിരവധി ആളുകളുടെ ഉപജീവനത്തിന് തടയിടും.

ജനങ്ങൾ കന്നുകാലി വളർത്തലിൽ നിന്ന് പിന്മാറാനും അതുവഴി കാർഷിക മേഖലയുടെ തകർച്ചക്കും ഇത് ഇടയാക്കും. രാജ്യത്തെ കന്നുകാലി ഇറച്ചി കയറ്റുമതിയെയും ജനങ്ങൾക്ക് ചുരുങ്ങിയ ചെലവിൽ ലഭ്യമാകുന്ന പോഷകാഹാരത്തെയും ഇല്ലാതാക്കും. മൃഗസംരക്ഷണം എന്നത് സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ളതായിരിക്കെ കേന്ദ്രം കടന്നുകയറിയത് ഫെഡറലിസത്തോടുള്ള വെല്ലുവിളിയാണ്.

ഭരണഘടനക്ക് പുല്ലുവില കൽപിച്ച് വെറുപ്പിന്റെ പ്രത്യയശാസ്ത്ര ഗ്രസ്ഥമായ വിചാരധാര അനുസരിച്ചാണ് മോദി ഭരണം മുന്നോട്ടുകൊണ്ടുപോകുന്നത്. ഗോസംരക്ഷണത്തിന്റെ പേരിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമവും കൊലയും നടത്തിക്കൊണ്ടിരിക്കുന്ന സംഘ്പരിവാറിന്റെ ക്രിമിനൽ സംഘങ്ങൾക്ക് കൂടുതൽ അഴിഞ്ഞാടാനുള്ള അവസരമുണ്ടാക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. ജനാധിപത്യ വിശ്വാസികളും പൗരബോധമുള്ളവരും കേന്ദ്രസർക്കാറിന്റെ ഇത്തരം നീക്കങ്ങളെ ചെറുക്കണം. അടിയന്തിരമായി ഭരണഘടനാ വിരുദ്ധമായ നോട്ടിഫിക്കേഷൻ പരിസ്ഥിതി വനം വകുപ്പ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.