- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫെയർ കേരള കുവൈത്ത് രണ്ടാമത് ചാർട്ടർ വിമാനം കുവൈത്തിലെത്തി
കൊച്ചി / കുവൈത്ത് സിറ്റി : കോവിഡ് സാഹചര്യത്തിൽ യാത്ര നിയന്ത്രണങ്ങൾ കാരണം ദീർഘകാലം നാട്ടിൽ കുടുങ്ങിക്കിടന്ന പ്രവാസികൾക്ക് ആശ്വാസം പകർന്ന് വെൽഫെയർ കേരള കുവൈത്ത് ഒരുക്കിയ രണ്ടാമത് ചാർട്ടർ വിമാനം കുവൈത്തിലെത്തി
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ത്യൻ സമയം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പുറപ്പെട്ട യാത്രക്കാർ റാസൽഖൈമ വഴി ഉച്ചക്ക് 3 മണിക്ക് കുവൈത്തിലെത്തി .കൊച്ചിയിൽ നിന്ന് റാസൽഖൈമയിലേക്ക് ഇൻഡിഗോ എയർലൈൻസും അവിടെ നിന്ന് കുവൈത്തിലേക്ക് ജസീറ എയർവേയ്‌സുമാണ് ചാർട്ട് ചെയ്തത്
തൊടുപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രിൻസസ് ഹോളിഡേയ്‌സ് & ട്രാവൽസുമായി സഹകരിച്ചാണ് ചാർട്ടർ വിമാനം സജ്ജമാക്കിയത്.കുവൈത്തിലേക്ക് തിരിച്ചെത്താൻ പല വഴികളും തേടി നിരാശരായിരിക്കുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസമായി ഈ ചാർട്ടർ വിമാനം. തങ്ങളുടെ ജീവനോപാധികൾ നിലച്ചു പോകുമോ എന്ന് ആശങ്കയിൽ കഴിഞ്ഞിരുന്ന പ്രവാസികൾക്ക് പ്രതീക്ഷയുടെ ചിറകു വിരിക്കുകയായിരുന്നു വെൽഫെയർ കേരള കുവൈത്ത് . വിസ കാലാവധി തീരാനിരിക്കുന്നവർ ഉൾപ്പെടെ വലിയ പ്രതിസന്ധിയിലായ 150 പേരാണ് നീണ്ട കാത്തിരിപ്പിനൊടുവിൽ കുവൈത്തിലേക്ക് തിരികെ എത്തിയത്.
ഇന്ത്യയിൽ നിന്നും കുവൈത്തിലേക്ക് വിമാന കമ്പനികൾക്ക് കുറഞ്ഞ ക്വോട്ടയാണ് നിശ്ചയിച്ചിട്ടുള്ളത് . അത്‌കൊണ്ട് തന്നെ അടിയന്തിരമായി തിരിച്ചെത്തേണ്ടവർക്ക് ടിക്കറ്റ് ലഭ്യമാകാത്ത അവസ്ഥയുണ്ട്. അവർക്കെല്ലാം വലിയ ആശ്വാസമാണ് ഈ ചാർട്ടർ വിമാനം.
വെൽഫെയർ കേരള കുവൈത്ത് ഒരുക്കിയ ആദ്യ ചാർട്ടർ വിമാനം സെപ്റ്റംബർ രണ്ടിന് കുവൈത്തിലെത്തിയിരുന്നു. അടിയന്തിരമായി തിരിച്ചെത്തേണ്ട പ്രവാസികൾക്കായി തുടർന്നും ചാർട്ടർ വിമാനങ്ങൾ ഒരുക്കുമെന്ന് അന്ന് ഭാരവാഹികൾ പ്രഖ്യാപിച്ചിരുന്നു. രണ്ടാം ചാർട്ടർ വിമാന പദ്ധതിയിലൂടെ അത് യാഥാർത്യമാക്കിയിരിക്കുകയാണ് വെൽഫെയർ കേരള കുവൈത്ത്.
പദ്ധതിക്ക് ഖലീൽ റഹ്‌മാൻ , , സഫ് വാൻ, അൻവർ സയീദ് , ഗിരീഷ് വയനാട് , ലായിക് അഹമ്മദ് , അൻവർ ഷാജി , റഫീഖ് ബാബു , ഷഫീർ അബൂബക്കർ , ഷൗകത്ത് വളാഞ്ചേരി , ഗഫൂർ എം.കെ , വിഷ്ണു നടേശ്, റഷീദ് ഖാൻ , അഫ് താബ്, അനിയൻ കുഞ്ഞ് എന്നിവർ നേതൃത്വം നൽകി.
കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് പ്രവാസികൾക്ക് നാടണയാൻ കുവൈത്തിൽ നിന്നും സൗജന്യ ചാർട്ടർ വിമാനം കഴിഞ്ഞ വര്ഷം വെൽഫെയർ കേരള കുവൈത്ത് ഒരുക്കി അയച്ചിരുന്നു.