തിരുവനന്തപുരം: കോട്ടയം സ്വദേശിയായ കെവിന്റെ നിഷ്ടുരമായ ദുരഭിമാനക്കൊലയിൽ മുഖ്യ ഉത്തരവാദിത്തം കേരളാ പൊലീസിനും ആഭ്യന്തര വകുപ്പിനുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. കെവിനെ തട്ടിക്കൊണ്ടു പോയതായി ഭാര്യയുടെ പരാതി കിട്ടിയിട്ടും അന്വേഷിക്കാതിരുന്ന പൊലീസ് ഗുണ്ടാ സംഘങ്ങളുടെ സഹായത്തോടെ ഭാര്യ ബന്ധുക്കൾക്ക് ക്രൂരമായ കൊലപാതകത്തിന് സഹായം ചെയ്തുകൊടുക്കുകയായിരുന്നു.

പുരോഗമന നവോത്ഥാന മൂല്യങ്ങളുടെ പെരുമ പറയുന്ന കേരളത്തിൽ ജാതിബോധവും സവർണ്ണതയും ഇപ്പോഴും ശക്തമായി തുടരുന്നു എന്നതിന്റെ അനവധി പ്രത്യക്ഷ തെളിവുകളിലൊന്നാണ് ഈ ദുരഭിമാനക്കൊല. ഡിവൈഎഫ്‌ഐ നേതാക്കൾ പ്രതികളായി എന്നത് അതിന് ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ടെന്നതും വെളിപ്പെടുന്നു. വംശവെറിയും ജാതിബോധവും സംരക്ഷിക്കുകയാണ് പൊലീസ് ഇവിടെ. നിരപരാധികളെ കൊല്ലുകയും ഗുണ്ടകൾക്കും അക്രമികൾക്കും എല്ലാ അവസരമൊരുക്കുകയും ചെയ്യുന്ന പൊലീസ് സേനയാണ് കേരളത്തിന്റെത്. 17 ലോക്കപ്പ് മരണങ്ങളും നൂറ് കണക്കിന് ലോക്കപ്പ് മർദ്ദനങ്ങളും ഇക്കാലത്തുണ്ടായി. ആർക്കുമെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. കേരളത്തിലെ ആഭ്യന്തര വകുപ്പ് സമ്പൂർണ്ണ പരാജയമാണ്.

വകുപ്പ് കൈയിൽ വച്ചിരിക്കുന്ന മുഖ്യമന്ത്രിക്ക് പൊലീസിൽ യോതൊരു നിയന്ത്രണവുമില്ല. പൊലീസ് സേനയുടെ തലവൻ ലോക്നാഥ് ബഹ്റ വൻ പരാജയമാണ്. ഏതാനും പൊലീസുകാരെ സസ്പെന്റ് ചെയ്തതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല, പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയുകയും ബെഹ്റയെ ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കുകയും വേണം.സ്വതന്ത്ര ഏജൻസിയെ ഉപയോഗപ്പടുത്തി ഉന്നതതല അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.