കൊടിയത്തൂർ: പെട്രോൾ, ഡീസൽ, പാചക വാതകം അടക്കമുള്ള ഇന്ധനങ്ങളുടെ അനിയന്ത്രിത വിലവർദ്ധനവിൽ പ്രതിഷേധിച്ച് വെൽഫെയർപാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി ടയർ ഉരുട്ടി പ്രതിഷേധസമരം സംഘടിപ്പിച്ചു.

ചുള്ളിക്കാപറമ്പിൽ നടന്ന പ്രതിഷേധറാലി ഫ്രറ്റേണിറ്റി കോഴിക്കോട് ജില്ല പ്രസിഡന്റ് നഈം ഗഫൂർ ഉദ്ഘാടനം ചെയ്തു. മോദി സർക്കാരിന്റെ ജനദ്രോഹ നിലപാടിനെതിരെ രാജ്യത്തെ മതേതര കക്ഷികളുടെ ഐക്യം അനിവാര്യമാണ്. രാജ്യത്തിന്റെ മതേതരത്വത്തിനും വികസനത്തിനും ഭരണഘടനയ്ക്കും ഭീഷണിയാണ് ബിജെപിയും സംഘ്പരിവാറും. ഇന്ധന വില വർദ്ധനവിലൂടെ മോദിയും ബിജെപിയും ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹ കുറ്റപ്പെടുത്തി.

വെൽഫെയർപാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ചാലിൽ അബ്ദുമാസ്റ്റർ അധ്യക്ഷത വഹിച്ചു. ശംസുദ്ദീൻ ചെറുവാടി സ്വാഗതവും ജാഫർ പുതുക്കുടി നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് സാലിം ജീറോഡ്, റഫീഖ് കുറ്റ്യോട്ട്, ബാലസുബ്രഹ്മണ്യൻ മാട്ടുമുറി, അബ്ദുറഹിമാൻ കാരക്കുറ്റി, കെ. കെ. കുഞ്ഞാലി, മുശീർ സി.പി നേതൃത്വം നൽകി.