മുക്കം: കേരളത്തെ പുനർനിർമ്മിക്കാൻ ദുരിതാശ്വാസനിധിയിലേക്ക് സ്നേഹപ്രളയമായി ഒഴുകിയെത്തിയ കോടികൾ അർഹരിലേക്ക് എത്തുന്നത് വരെ കണ്ണിലെണ്ണയൊഴിച്ച് അതിന് കാവലിരിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി.

പ്രളയ ദുരിതാശ്വാസപുനരധിവാസ പ്രവർത്തനങ്ങളിൽ സേവന മനുഷ്ടിച്ചവരെയും കാമ്പസ് ഇലക്ഷനിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഫ്രറ്റേണിറ്റി സാരഥികളെയും ആദരിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയകാലത്ത് ഇരുവഴിഞ്ഞിപ്പുഴയിൽ കൃത്രിമമായി രൂപപ്പെട്ട മുക്കം-പുഴമാടിൽ സംഘടിപ്പിച്ച 'സ്നേഹാദരം' പരിപാടിയിൽ പാർട്ടി ജില്ല പ്രസിഡന്റ് അസ്ലം ചെറുവാടി മുഖ്യ പ്രഭാഷണം നിർവഹിച്ചു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലെ ദുരിതബാധിത പ്രദേശങ്ങളിൽ സേവനമനുഷ്ഠിച്ച തിരുവമ്പാടി മണ്ഡലത്തിലെ നൂറ്റിഅമ്പതോളം പാർട്ടിയുടെ സന്നദ്ധപ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.

മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലുരുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ കലാഭവൻ ബാലു, ശ്രീനന്ദന എന്നിവർ ഗാനവിരുന്ന് അവതരിപ്പിച്ചു. മുക്കം മുനിസിപ്പൽ കൗൺസിലർ ഗഫൂർ മാസ്റ്റർ, കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ചേറ്റൂർ മുഹമ്മദ് ബാപ്പു, ഫ്രറ്റേണിറ്റി കോഴിക്കോട് ജില്ല പ്രസിഡന്റ് നഈം ഗഫൂർ, റിൻസി ജോൺസൺ, മുഹമ്മദ് മുട്ടോത്ത്, ശംസുദ്ദീൻ ആനയാംകുന്ന്, സോളി ജോർജ്ജ് എന്നിവർ സംസാരിച്ചു. ലിയാഖത് മുറമ്പാത്തി സ്വാഗതവും ഒ.അസീസ് നന്ദിയും പറഞ്ഞു.