കൊടിയത്തൂർ: പ്രളയക്കെടുതിയിൽ നശിച്ചുപോയ വാതിലുകൾ വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ മാറ്റിവെച്ചു നൽകിയത് വീട്ടുകാർക്ക് വലിയ ആശ്വാസമായി. കൊടിയത്തൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽപെട്ട കാരാട്ട് പ്രദേശത്തെ വാതിലുകളാണ് പുതുക്കി നൽകിയത്. വേഗത്തിൽ വെള്ളം കയറുന്ന താഴ്ന്ന പ്രദേശമായതിനാൽ പെട്ടെന്ന് അഴിച്ചെടുക്കാൻ പറ്റുന്ന തരം വാതിലുകളാണ് സ്ഥാപിച്ചത്. സാധനങ്ങൾ നഷ്ടപ്പെട്ട ദുരിതബാധിത മേഖലയിലെ കുട്ടികൾക്കുള്ള സ്‌കൂൾബാഗ്, പാത്രങ്ങൾ, വസ്ത്രം തുടങ്ങിയ അവശ്യസാധനങ്ങളും വിതരണം ചെയ്തു.

വെൽഫെയർപാർട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്ലം ചെറുവാടി വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ സാറ ടീച്ചറും യൂനിറ്റ് പ്രസിഡന്റ് പി.പി.അഷ്റഫും ചേർന്ന് ഏറ്റുവാങ്ങി. വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ചാലിൽ അബ്ദു മാസ്റ്റർ അധ്യക്ഷത വഹിച്ചു. സാലിം ജീറോഡ്, ഹമീദ് കൊടിയത്തൂർ, റഫീഖ് കുറ്റിയോട്ട്, സഫീറ കൊളായിൽ, മുംതാസ് കൊളായി എന്നിവർ സംസാരിച്ചു. ജാഫർ പുതുക്കുടി, വി.കെ. സത്താർ, കെ.സി. ഉണ്ണിച്ചേക്കു, പി.വി.ആയിശക്കുട്ടി എന്നിവർ സംബന്ധിച്ചു.