മുക്കം: ഒന്നര പതിറ്റാണ്ട് മുമ്പ് 32 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച മുക്കം വെന്റ് പൈപ്പ് പാലം പൊളിച്ചുനീക്കി ഇരുവഴിഞ്ഞിപ്പുഴയെ സംരക്ഷിക്കണമെന്ന് വെൽഫർ പാർട്ടി തിരുവമ്പാടി നിയോജക മണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റി ആവശ്യപ്പെട്ടു.

മുക്കം കടവ് പാലം രണ്ട് വർഷം മുമ്പ് സ്ഥാപിച്ചതോടെ വെന്റ്പൈപ്പ് പാലത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു. പുതിയ പാലത്തിന്റെ അടിയിലായിപ്പോയ വെന്റ്പൈപ്പ് പാലം തകർന്ന് അപകടഭീഷണിയിലായിരിക്കുകയാണ്. മഴക്കാലത്ത് അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് പാഴ് വസ്തുക്കളും മരക്കഷണങ്ങളും പാലത്തിലെ പൈപ്പുകളെ അടച്ചു കളഞ്ഞതിനാൽ പുഴയുടെ സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെട്ടു. പുഴയുടെ ഇരുകരകളും വ്യാപകമായി ഇടിഞ്ഞുതീരുകയും ചെയ്തുകൊണ്ടിരിക്കുന്നു. പാലം പൊളിക്കാതെ നിലനിർത്തിയതിനാൽ ജലഗതാഗതം വർഷങ്ങളായി തടസപ്പെട്ടിരിക്കുകയുമാണ്. ഇപ്പോൾ ഇരുകരകളിലും സാമൂഹ്യദ്രോഹികളുടെയും മയക്കുമരുന്ന് മാഫിയകളുടെയും താവളമായിരിക്കുകയാണ്.

അതിനാൽ വെന്റ് പൈപ്പ് പാലം അടിയന്തിരമായി പൊളിച്ചുമാറ്റുകയും ഇരുവഴിഞ്ഞിയെ രക്ഷിക്കുകയും ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. വെൽഫയർ പാർട്ടി നിയോജമണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലിയാഖത്ത് മുറമ്പാത്തി, ഒ. അസീസ്, സോളി ജോർജ് സംസാരിച്ചു.

ജില്ലാ കമ്മറ്റി അംഗം ഇ.പി അൻവർ സാദത്തിന്റെ നേതൃത്വത്തിൽ വെൽഫെയർ പാർട്ടി നേതാക്കൾ തകർന്ന വെന്റ് പൈപ്പ് പാലം സന്ധർശിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ.ശംസുദ്ദീൻ, അബ്ദുമാസ്റ്റർ ചാലിൽ, സാലിം ജീറോഡ് എന്നിവർ സംബന്ധിച്ചു.