തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധിയുടെ സന്ദർഭത്തെ കക്ഷിരാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി പ്രയോജനപ്പെടുത്തി കേരളത്തെ സംഘർഷത്തിലേക്ക് തള്ളിവിടാനുള്ള ശ്രമം പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. വർഗ്ഗീയ - സാമുദായിക ധ്രുവീകരണം ലക്ഷ്യംവെക്കുന്ന സംഘ്പരിവാർ പദ്ധതിക്ക് ഈ സാഹചര്യം ഉപയോഗപ്പെടാൻ പാടില്ല. ഇക്കാര്യത്തിൽ അതീവ ജാഗ്രത കേരളീയ സമൂഹം വെച്ചുപുലർത്തേണ്ടതുണ്ട്. ആചാര സംരക്ഷണത്തിന്റെ പേരിൽ സ്ത്രീത്വത്തെയും വനിതാ സാമൂഹിക പ്രവർത്തകരെയും അധിക്ഷേപിക്കുന്നതും അങ്ങേയറ്റം അപലപനീയമാണ്.

സഭ്യേതരമായ പ്രതിഷേധ രീതികൾ സ്വീകരിക്കുന്നത് ആക്ഷേപകരമാണ്. സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. സ്ത്രീകൾക്കെതിരെയുള്ള പരാമർശങ്ങളെയും പ്രവർത്തനങ്ങളെയും തെറ്റായിട്ട് തന്നെ കാണാൻ സാധിക്കണം. അതേ സന്ദർഭത്തിൽ കോടതിവിധിയോട് എതിർപ്പുള്ളവർ അതിനെ നിയമപരമായിട്ടാണ് നേരിടേണ്ടത്. അതിന് പകരം വിദ്വേഷം പരത്തി കക്ഷിരാഷ്ട്രീയ മുതലെടുപ്പിന് ഈ അവസരം ഉപയോഗപ്പെടുത്തുന്നത് അപകടകരമാണ്.

ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ കേരള സർക്കാർ അതീവ ജാഗ്രത കാണിക്കണം. ഈ വിഷയത്തെ വൈകാരികമായി കത്തിച്ച് മുതലെടുക്കുക എന്നതാണ് ബിജെപി തന്ത്രം. അതിന് സർക്കാർ നടപടികൾ സഹായകരമാകരുത്. ദേശീയ - സംസ്ഥാന തലങ്ങളിൽ വ്യത്യസ്ത നിലപാടുകൾ പ്രഖ്യാപിച്ച് ദ്വിമുഖ തന്ത്രമാണ് ബിജെപി - ആർ.എസ്.എസ് നേതാക്കൾ സ്വീകരിക്കുന്നത്. ഇതിൽ ജനങ്ങൾ വഞ്ചിതരാകരുത്. കേരളീയ സാമൂഹിക ജീവിതത്തിന്റെ ഇഴയടുപ്പങ്ങളെ തകർത്ത് നേട്ടം കൊയ്യാനുള്ള സംഘ്പരിവാർ പദ്ധതിക്ക് കോൺഗ്രസ്സ് അടക്കമുള്ള ജനാധിപത്യ പ്രസ്ഥാനങ്ങൾ കൂട്ടുനിൽക്കരുത്. ജനാധിപത്യ സമൂഹം ജാഗ്രത പാലിക്കേണ്ട കാലഘട്ടമാണിത്.

മതസമൂഹങ്ങളിലെ ആചാരാനുഷ്ടാനങ്ങൾ വിവേചനരഹിതമായിരിക്കണം എന്നതോടൊപ്പം അത്തരം പരിഷ്‌കരണങ്ങൾ നടക്കേണ്ടത് അതാത് വിശ്വാസ സമൂഹങ്ങളിൽ നിന്ന് തന്നെയാണ്. അതല്ലാത്ത ഇടപെടലുകൾ പലപ്പോഴും സാമൂഹികാന്തരീക്ഷത്തെ കൂടുതൽ വിഭാഗീയതയിലേക്കും അത് വഴി അക്രമത്തിലേക്കും വഴി നടത്തും. അത് വഴി ന്യായമായും നടക്കേണ്ട പരിഷ്‌കരണങ്ങൾ തന്നെ സാധ്യമാകാതെ വരും. മേധാവിത്വ സമീപനങ്ങൾ സ്വീകരിക്കുന്നവർക്ക് ജനങ്ങളെ തങ്ങൾക്ക് പിന്നിൽ അണിനിരത്താനുള്ള സന്ദർഭമായി ഇത് ദുരുപയോഗിക്കപ്പെടും. എല്ലാ മതസമൂഹങ്ങളിലും നിരവധി പരിഷ്‌കരണങ്ങൾ നടന്നിട്ടുണ്ട്. ഇനിയും ഏറെ നടക്കാനുമുണ്ട്. കേരളീയ നവോത്ഥാനം തന്നെ വ്യതസ്ഥ തരം വിവേചനങ്ങൾക്കെതിരെ നടന്ന പരിഷ്‌കരണ പോരാട്ടമായിരുന്നു.

ജനാധിപത്യപരമായ അത്തരം പോരാട്ടങ്ങൾ മതസമൂഹങ്ങൾക്കുള്ളിൽ നിന്ന് ഇനിയും ഉയർന്നു വരണം. അടിച്ചേൽപ്പിക്കലിന്റെയോ ബലപ്രയോഗത്തിന്റെയോ രീതിയല്ല പരിഷ്‌കരണത്തിന് ഉചിതം. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടിതിവിധിക്ക് അനുകൂലമായി ശക്തമായ നിലപാടെടുത്തവർക്ക് തന്നെ നിലപാടുകളിൽ മാറ്റം വരുത്തേണ്ടിവരുന്നത് പരിഷ്‌കരണ പ്രവർത്തനങ്ങൾ പുറമേ നിന്ന് അടിച്ചേൽപിക്കാൻ കഴിയില്ല എന്നതിന്റെ തെളിവാണ്.

ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും മറവിൽ ഉള്ള വിവേചനങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയാകേണ്ടി വരുന്നത് സ്ത്രീകളാണ്. ഇത്തരം സ്ത്രീ വിവേചനം എല്ലാ സമൂഹങ്ങളിലും നിലവിലുണ്ട്. ആചാരത്തിന്റെ പേരിലുള്ള ഇത്തരം വിവേചനങ്ങൾ അവസാനിപ്പിക്കാനുള്ള ഊർജ്ജിത ശ്രമം അതാത് സമൂഹങ്ങൾക്കുള്ളിൽ ശക്തിപ്പെടണമെന്നും വിവേചന രഹിതമായ സമൂഹ നിർമ്മിതിക്ക് അത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.