തിരുവനന്തപുരം : കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജനറൽ മോനേജരായി ബന്ധുവിനെ നിയമിച്ചുവെന്ന് മന്ത്രി കെ.ടി ജലീലിനെതിരെ ഉയർന്ന ആരോപണത്തെ പറ്റി സമഗ്രമായ അന്വേഷണം വേണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഏഴു പേർ അപേക്ഷിക്കുകയും മൂന്നു പേർ ഇന്റർവ്യൂവിൽ ഹാജരാകുകയും ചെയ്തതിൽ നിന്ന് ഇന്റർവ്യൂവിന് ഹാജരാകാത്തയാളെ വിളിച്ച് നിയമനം നൽകിയത് സംശയാസ്പദമാണ്.

സ്വകാര്യ ബാങ്കിലെ ജീവനക്കാരനെയാണ് നിയമിച്ചത് എന്നതിനാൽ ആ നിയമനം ഡപ്യൂട്ടേഷനല്ല. കെ.എസ് & എസ്.എസ്.ആറിലെ ചട്ടം 9B നടപ്പാവില്ല. ഇത് വ്യവസ്ഥകളുടെ ലംഘനവും ഖജനാവിന് അധിക ബാധ്യതയുണ്ടാക്കുന്നതുമാണ്. കേരള സംസ്ഥാനത്തെ ഒരു മന്ത്രി സംശയത്തിന്റെ മുനയിൽ നിൽക്കുന്നത് ഭൂഷണമല്ല. മുഖ്യമന്ത്രി മൗനം വെടിഞ്ഞ് ഇക്കാര്യത്തിൽ അന്വേഷണം നടത്തുകയും ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.