ബരിമലയെ സംഘർഷ ഭൂമിയാക്കി കേരളത്തിൽ കലാപം സൃഷ്ടിച്ച് വരുതിയിലാക്കാമെന്ന സംഘ് പരിവാർ ഗുഢപദ്ധതിയാണ് ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.

കേരളത്തെ കലുഷിതമാക്കാൻ ശ്രമിച്ച ബിജെപി സംഘ് പരിവാർ ഉന്നതർക്കെതിരെ നിയമ നടപടിയെടുക്കണം. വിശ്വാസപരവും വൈകാരിതവുമായ പ്രശ്നത്തെ അവധാനതയില്ലാതെ കൈകാര്യം ചെയ്ത് പിണറായി സർക്കാർ സംഘ് പരിവാറിന്റെ കെണിയിൽ വീഴുകയായിരുന്നു. അക്കാര്യവും ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തലിൽ പരാമർശിക്കുന്നുണ്ട്. കേരളത്തെ ധ്രുവീകരിക്കാനുള്ള സംഘ് പരിവാർ ശ്രമങ്ങളെ തടയിടാൻ മതേതര പാർട്ടികളെല്ലാം ജാഗ്രത പാലിക്കേണ്ട സാഹചര്യത്തിലാണ് സർക്കാർ നിരുത്തരവാദപരമായി പെരുമാറിയത്.

പ്രതിപക്ഷത്തിനും സാഹചര്യത്തിനനുസരിച്ച് യുക്തമായ നിലപാടെടുക്കാൻ കഴിഞ്ഞില്ല. കേരളത്തിന്റെ സമാധാനാന്തരീക്ഷത്തെ തകർത്ത് രാഷ്ട്രീയ ലാഭം നേടിയെടുക്കാൻ വേണ്ടി മാത്രമാണ് ശബരിമല വിഷയത്തെ ബിജെപി കൈകാര്യം ചെയ്യുന്നതെന്ന് സംസ്ഥാന അധ്യക്ഷന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമായ സ്ഥിതിക്ക് കേരളത്തിലെ ക്ഷേത്ര വിശ്വാസികളടക്കമുള്ള വിശ്വാസി സമൂഹം അവരെ തള്ളിക്കളയണം. കേരളത്തിന്റെ മതനിരപേക്ഷാന്തരീക്ഷത്തെ സംരക്ഷിക്കുന്ന നിലപാടിലേക്ക് സർക്കാർ എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.