മുക്കം:വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ ശത്രുക്കളായ സംഘപരിവാറിനെ തൂത്തെറിയാൻ വിശാല മതേതര ഐക്യം രൂപീകരിക്കണമെന്നും അതിന് ഏത് വിട്ടുവീഴ്ചക്കും തയ്യാറാണെന്നും വിവിധ മതരാഷ്ട്രീയ പാർട്ടി നേതാക്കൾ.

സംഘ് പരിവാറിനെ ചെറുക്കുക, ഇന്ത്യയെ രക്ഷിക്കുക എന്ന തലക്കെട്ടിൽ, ബാബരി മസ്ജിദ് ധ്വംസനത്തിന്റെ ഇരുപത്തിയാറാം വാർഷിക ദിനമായ ഡിസംബർ 6 ന് വെൽഫെയർ പാർട്ടി മുക്കത്ത് സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ്സിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ.

തിരുവമ്പാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ്അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ശംസുദ്ധീൻ പി.കെ. അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് ബ്ലോക് പ്രസിഡന്റ് എം ടി. അശ്റഫ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സി.കെ കാസിം, ജനതാദൾ സംസ്ഥാന സെക്രട്ടറി അബ്ദുസത്താർ, സിപിഐ സെക്രട്ടറി ഷാജികുമാർ കെ, അബ്ദുല്ല കുമാരനെല്ലൂർ, ഡോ. ബേബി ശക്കീല, ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി അംഗം വി.പി ശൗകത്തലി, മുക്കം നഗരസഭ കൗൺസിലർ ഗഫൂർ മാസ്റ്റർ,ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് നഈം ഗഫൂർ, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് കെ.സി അൻവർ, ടി.കെ ഗണേശൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ലിയാഖത്ത് മുറമ്പാത്തി സ്വാഗതവും സഫിയ്യ ടീച്ചർ നന്ദിയും പറഞ്ഞു.