തിരുവനന്തപുരം: തോട്ടം മേഖലയിലെ ഹാരിസണിന്റേതടക്കുള്ള അനധികൃത കൈയേറ്റ ഭൂമികളുടെ നികുതി സ്വീകരിക്കാൻ അനുമതി നൽകിയ ഇടതു സർക്കാരിന്റെ തീരുമാനം കേരളത്തിലെ ഭൂരഹിതരോടുള്ള കൊടിയ വഞ്ചനയാണെന്നും തീരുമാനം ഉടൻ പിൻവലിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.

നാല് ലക്ഷം ഭൂരഹിത കുടുംബങ്ങൾ കേരളത്തിലുള്ളപ്പോഴാണ് ഉടമസ്ഥതാ തർക്കത്തിലുള്ള ഭൂമിയിൽ നിന്നും നികുതി സ്വീകരിക്കാൻ ശ്രമിക്കുന്നത്. നികുതി സ്വീകരിക്കുന്നത് തെളിവായി ഉദ്ധരിച്ച് കോടതിയിൽ ഉടമസ്ഥതക്ക് അവകാശം ഉന്നയിക്കുന്നതാണ് കാലങ്ങളായി ഹാരിസണും സർക്കാരുകളും നടത്തുന്ന ഒത്തുകളി. ഉടമസ്ഥതാ തർക്കം നിലനിൽക്കുന്ന ഭൂമി ഏറ്റെടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ഇതിന് പകരം ഹാരിസണ് ഭൂമി തുടർച്ചയായി കൈവശംവെക്കാനുള്ള നീക്കമാണിത്. ഇത് സിപിഎമ്മിന്റെ നിലപാടാണോ എന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കണം.

ഭൂവുടമസ്ഥതയുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ നിന്നും വ്യത്യസ്ത നിലപാടുണ്ട് എന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന സിപിഐയുടെ റവന്യൂ മന്ത്രി അടക്കം പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനം സർക്കാർ കൈക്കൊണ്ടത്. ഭൂമിയുമായി ബന്ധപ്പെട്ട് സിപിഐ നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ മാധ്യമ ശ്രദ്ധ കിട്ടാൻ മാത്രമുള്ളതാണ്. ഹാരിസണിന്റെ നികുതി സ്വീകരിക്കുന്നതിന് മേലൊപ്പ് ചാർത്തിയതിലൂടെ സിപിഐയുടെ ഈ കാപട്യം പുറത്തായിരിക്കുന്നു.

ഭൂരഹിതരെ വഞ്ചിക്കുന്ന സർക്കാർ നീക്കത്തിനെതിരെ ശക്തമായ സമരം പാർട്ടി നടത്തും. സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ഭൂരഹിതരുടെ ത്രിദിന പ്രക്ഷോഭത്തിൽ അവതരിപ്പിച്ച ജനകീയ ഭൂ അവകാശ നിയമം നിയമാക്കപ്പെടുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.