തിരുവനന്തപുരം: കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കർഷക വിരുദ്ധ ബില്ലിനെതിരെയുള്ള പ്രമേയവുമായി ബന്ധപ്പെട്ട് സഭ കൂടുന്നതിന് അനുമതി നിഷേധിച്ച കേരള ഗവർണറുടെ ഇടപെടൽ തികച്ചും ഭരണഘടനാ വിരുദ്ധമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. മന്ത്രിസഭായോഗം തീരുമാനിച്ച നടപടി റദ്ദാക്കുന്നതിനുള്ള വിവേചനാധികാരം ഗവർണക്കില്ല. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. കേരളത്തിലെ ജനങ്ങൾ സംഘ്പരിവാർ സർക്കാരിനെതിരെ നടത്തുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം അർപ്പിച്ചു സമരരംഗത്താണുള്ളത്. എന്നാൽ കേരളത്തിലെ പൊതു വികാരത്തെ മനസ്സിലാക്കാതെ കേന്ദ്ര സർക്കാറിന്റെ ഏജന്റ്റായി പ്രവർത്തിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്.

കേരള ചരിത്രത്തിൽ ആദ്യമായി ഗവർണർ നടത്തി അസാധാരണ ഇടപെടൽ തികച്ചും ഏകാധിപത്യപരമായിരുന്നു. സംഘ്പരിവാറിന് വേണ്ടി തന്റെ അധികാരത്തെ ദുർവിനിയോഗം ചെയ്യാൻ ശ്രമിക്കുന്ന ഗവർണർക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം. പക്ഷപാതപരമായ നിലപാടെടുത്ത് പ്രവർത്തിക്കുന്ന ഗവർണറെ കേന്ദ്രം തിരിച്ചുവിളിക്കണം. രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കുന്നതിനു വേണ്ടി ചുട്ടെടുത്ത കാർഷിക ബില്ലിനെതിരെ രംഗത്തിറങ്ങാൻ ജനങ്ങൾ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.