- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുരഭിമാനക്കൊല: കേരളത്തിൽ ജാതിയതയും വംശീയതയും ശക്തിപ്പെടുന്നു - വെൽഫെയർ പാർട്ടി
തിരുവനന്തപുരം: പാലക്കാട് തേങ്കുറിശ്ശി സ്വദേശി അനീഷിനെ ഭാര്യാപിതാവും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയ സംഭവം കേരളത്തിൽ ജാതിയതയും വംശീയതയും ശക്തിപ്പെടുന്നതിന്റെ തെളിവാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു. കേരളത്തിലെ ദുരഭിമാനക്കൊല ഇത് ആദ്യത്തെ സംഭവമല്ല. നവോത്ഥാനത്തെക്കുറിച്ച് വാചാലമാകുന്ന ഇടതുപക്ഷ സർക്കാരിന്റെ ഭരണ കാലത്താണ് കേരളത്തിൽ ഇത്തരം ദുരഭിമാനക്കൊലകൾ ആവർത്തിക്കപ്പെടുന്നത്. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുമെന്ന് പറയുന്ന ഇടതുസർക്കാറിന്റെ ഭരണത്തിലാണ് കോട്ടയത്തെ കെവിന്റെ ദുരഭിമാന കൊലപാതകം നടന്നത്.
പ്രബുദ്ധത അവകാശപ്പെടുന്ന ഇടതുപക്ഷ സർക്കാരിന്റെ ഭരണ കാലത്ത് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത് കേരളീയ അന്തരീക്ഷത്തിൽ ജാതിയത നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ്. കേരളത്തിൽ ജാതിയുടെ പേരിൽ ആക്രമിക്കപ്പെടുന്ന പ്രവണത ജനാധിപത്യസമൂഹം ഒറ്റക്കെട്ടായി നേരിടണം. ഭരണകൂടത്തിന്റെ സഹായത്തോടെ സവർണാധിപത്യത്തിന് വഴിയൊരുക്കുന്ന സാമ്പത്തിക സംവരണം പോലെയുള്ള നിലപാടുകൾ ജനാധിപത്യ ക്രമത്തിൽ ജാതിയത ശക്തിപ്പെടുത്താനാണ് ഉപകരിക്കുന്നത്. അനീഷിന്റെ കുടുംബം നൽകിയ പരാതി ഗൗരവത്തോടെ പരിഗണിക്കാൻ പൊലീസ് തയ്യാറായിട്ടില്ല എന്നത് ഗുരുതരമാണ്. കൊലപാതകർക്കെതിരെ സമഗ്ര അന്വേഷണം നടത്താനും കടുത്ത ശിക്ഷ നടപടി സ്വീകരിക്കാനും സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.