തിരുവനന്തപുരം: സമകാലിക രാഷ്ട്രീയ സംഭവങ്ങളുടെ അന്വേഷണം പുരോഗമിക്കുമ്പോൾ ഭരണകക്ഷിയിലെ നേതാക്കളും മാഫിയാ സംഘങ്ങളും തമ്മിലെ അവിശുദ്ധ ബന്ധമാണ് പുറത്തു വരുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. രാമനാട്ടുകര വാഹനാപകടത്തെ തുടർന്നുള്ള അന്വേഷണത്തിൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പല ക്രിമിനലുകൾക്കും സിപിഎം പശ്ചാത്തലമുള്ളതായി തെളിയുകയാണ്. സ്വർണക്കടത്തിലെ വിഹിതം പാർട്ടിക്ക് നൽകുന്നതിനെ സംബന്ധിച്ചുള്ള ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിൽ അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്ക് എത്തിച്ചേരുകയാണ്. ടിപി വധക്കേസിലെ പ്രതികൾക്ക് പാർട്ടി സഹായത്തോടെ സ്വർണക്കടത്തിൽ പങ്ക് വഹിക്കാൻ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൊടി സുനി, ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി തുടങ്ങിയ ക്രിമിനലുകൾ ഭരണകൂടത്തിന്റെ സഹായം നിരന്തരം ലഭിക്കുന്നുണ്ട്.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ് സർക്കാരിന്റെ കാലത്തുതന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതർക്ക് പ്രതികളുമായി ബന്ധമുള്ളത് പുറത്തുവന്നിരുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ക്രിമിനലുകളെ തിരുകി കയറ്റിയതും സിപിഎമ്മും മാഫിയ സംഘങ്ങളും തമ്മിലുള്ള ബന്ധത്തെ തെളിയിക്കുന്നതാണ്. കടൽകൊള്ളയിലും മുട്ടിൽ മരംമുറി കേസിലും ക്രിമിനലുകളെ ഇടതുപക്ഷ സർക്കാർ വഴിവിട്ട് സഹായിച്ചതിന്റെ രേഖകൾ പുറത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലയളവിൽ കേരളത്തിൽ ബിജെപി ഒഴുക്കിയ കള്ളപ്പണവുമായി ബന്ധപ്പെട്ട അന്വേഷണം പാതിവഴിയിൽ ഉപേക്ഷിച്ചത് ആർക്ക് വേണ്ടിയാണെന്ന് സർക്കാർ വ്യക്തമാക്കണം. സിപിഎം - ബിജെപി ധാരണയിൽ കേസ് ഒത്തുതീർക്കാനാണ് ശ്രമം നടക്കുന്നത്. സർക്കാറിനെതിരെ വലിയ ആരോപണങ്ങൾ ഉണ്ടായിട്ടും മുഖ്യമന്ത്രി സംഭവങ്ങളോട് പ്രതികരിക്കാതിരിക്കുന്നത് വാർത്തകളെ ശരിവെക്കുന്നതാണ്. ഭരണകൂടവും മാഫിയാ സംഘങ്ങളും ചേർന്ന് കേരളത്തെ കൊള്ളയടിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ കേരള ജനത ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു.