തിരുവനന്തപുരം: ഹാരിസൺ മലയാളം അനധികൃതമായി കൈവശം വെച്ച് ഗോസ്പൽ ഏഷ്യക്ക് മറിച്ചുവിറ്റ ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം പണിയുന്നതിന് പകരം ഭൂരഹിതർക്ക് വിതരണം ചെയ്യാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു.

നിയമ വിരുദ്ധമായി ഹാരിസൺ കൈവശം വെച്ചതിനാൽ സർക്കാർ സ്പെഷ്യൽ ഓഫീസർ രാജമാണിക്യം ഐ.എ.എസ് നോട്ടീസ് നൽകിയ ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റ്. ഇപ്പോഴത്തെ കൈവശക്കാരായ ഗോസ്പെൽ ഏഷ്യക്ക് ഈ ഭൂമിയിൽ ഉടമസ്ഥാവകാശം ഇല്ല. ഹൈക്കോടതിയിൽ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസിനെ ദുർബലപ്പെടുത്തുന്ന നടപടിയായിരിക്കും ഗോസ്പൽ ഏഷ്യക്ക് നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ ശ്രമം. ഇത് ഗോസ്പൽ ഏഷ്യയും ഹാരിസണും സർക്കാറും തമ്മിലുള്ള ഒത്തുകളിയാണ്.

ഹാരിസണും അതുപോലെയുള്ള കൈയേറ്റക്കാരും അധീനപ്പെടുത്തിയ അഞ്ച് ലക്ഷം ഏക്കർ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യുന്ന സമഗ്ര ഭൂപരിഷ്‌കരണ നടപടിയാണ് സംസ്ഥാനത്ത് ഉണ്ടാകേണ്ടത്. എന്നാൽ, പിണറായി സർക്കാർ കയ്യേറ്റക്കാർക്ക് അനുകൂല നിലപാടാണ് തുടക്കം മുതൽ സ്വീകരിക്കുന്നത്. ജനസാന്ദ്രത, പാരിസ്ഥിതിക തകർച്ച, ഭൂമി ദൗർലഭ്യം എന്നീ പ്രതിസന്ധികൾ അനുഭവിക്കുന്ന കേരളത്തിൽ നാലാമത് വിമാനത്താവളം സ്ഥാപിക്കേണ്ട എന്ത് അനിവാര്യതയാണ് ഉള്ളത് എന്ന് പരിശോധിക്കേണ്ടതാണ്. കയ്യേറ്റക്കാർക്ക് ഉടമസ്ഥത സ്ഥാപിച്ച് കൊടുക്കാനും ഭൂമി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാമ്പത്തിക നിക്ഷേപ ശക്തികൾക്കും വേണ്ടി ഭൂരഹിതരുടെ അവകാശ ഭൂമി കവർന്നെടുക്കാനാണ് ഇതിലൂടെ സർക്കാർ ശ്രമിക്കുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു