തിരുവനന്തപുരം: ദേശസാൽകൃത റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ അനുവദിച്ച പെർമിറ്റ് കാലാവധി അവധി അവസാനിച്ചിരിക്കെ അവ പുതുക്കി നൽകാതെ റദ്ദാക്കി ആ റൂട്ടുകളിൽ പകരം കെ.എസ്.ആർ.ടി ബസ് സർവീസുകൾ ആരംഭിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. 2009 ൽ അന്നത്തെ ഇടതുപക്ഷ സർക്കാർ ഈ റൂട്ടുകളിലെ സ്വകാര്യ ബസുകളുടെ പെർമിറ്റ് റദ്ദാക്കിയിരുന്നു.

ഉമ്മൻ ചാണ്ടി സർക്കാറിന്റെ അവസാന കാലത്ത് 31 ദേശസാൽകൃത റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് സർവീസുകൾ നടത്താൻ പെർമിറ്റ് നൽകിയിരുന്നു. അതിന്റെ കാലാവധി ഫെബ്രുവരി 8ന് അവസാനിച്ചെങ്കിലും ബസുകൾ സർവീസ് തുടരുകയാണ്. അത്തരം സർവീസുകൾ പുതിയ പെർമിറ്റ് നേടിയെടുക്കാനുള്ള നീക്കം നടത്തുന്നത് അനുവദിക്കരുത്. കെ.എസ്.ആർ.ടി.സി ലാഭകരമാക്കണമെങ്കിൽ ഇത്തരം റൂട്ടുകൾ കെ.എസ്.ആർ.ടി.സിക്ക് മാത്രമാക്കണം.

ജനങ്ങളുടെ ജീവന് ഒരു സുരക്ഷിതത്വവും സ്വകാര്യ ബസുകൾ കൽപിക്കാറില്ല എന്നതും കണക്കിലെടുക്കണം. കൂടുതൽ ഓർഡിനറി സർവ്വീസുകളും ലിമിറ്റഡ്സ്റ്റോപ്പുകളും ഈ റൂട്ടുകളിൽ സർവീസ് കെ.എസ്.ആർ.ടി.സി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.