തിരുവനന്തപുരം: കാസർകോട് റിയാസ് മൗലവി കൊലപാതകത്തിന് കാരണമായി പൊലീസ് പറയുന്ന ഭാഷ്യം അത്യന്തം ദുരൂഹമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരും ബിജെപി പ്രവർത്തകരാണ്. അവർ ഒന്നിച്ച് നടത്തിയ കൊലപാതകം ആസൂത്രിതമല്ലെന്നും മദ്യലഹരിയിൽ നടത്തിയതാണെന്നു മാണ് പൊലീസ് പറയുന്നത്. പ്രതികൾ മോഷ്ടിച്ച ബൈക്കിലാണ് വന്നതെന്നും പൊലീസ് തന്നെ പറയുന്നു.

ഒരേ പാർട്ടിയിൽ പ്രവർത്തിക്കുന്ന മൂന്ന് പേർ സംഘം ചേർന്ന് മദ്യപിച്ച് പ്രത്യേക ഉദ്ദേശമൊന്നുമില്ലാതെ രണ്ട് കിലോമീറ്റർ ദൂരം താണ്ടി വന്ന് ഒരാളെ കൊല്ലുമെന്ന കഥ കുട്ടികൾ പോലും വിശ്വസിക്കില്ല. ഇത്തരമൊരു കുറ്റം ആരോപിച്ച കുറ്റപത്രമാണ് കോടതിയിൽ സമർപ്പിക്കുന്നതെങ്കിൽ പ്രതികൾക്ക് എളുപ്പം രക്ഷപ്പെടാൻ കഴിയും. സാമുദായിക ധ്രുവീകരണം ലക്ഷ്യംവെച്ച് നടത്തിയ നിഷ്ഠൂര കൊലയുടെ ആസൂത്രകരെയും ഗൂഢാലോചനയിൽ പങ്കാളികളായ ഉന്നതരെയും രക്ഷപ്പെടുത്താൻ പൊലീസ് വഴിയൊരുക്കുകയാണ്. സംഘ്പരിവാറിനെ സഹായിക്കുന്ന സമീപനമാണ് കേരളാ പൊലീസിന്റെ തലപ്പത്തുള്ളവർക്ക്. പലതവണ അത് വ്യക്തമായതാണ്. കൊടിഞ്ഞി ഫൈസൽ വധക്കേസിലെ പ്രതികൾക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയതും ദുർബലമായ കുറ്റപത്രമാണ്. അതിലും ഉന്നതതതല ഗൂഢാലോചന പുറത്തുകൊണ്ടുവരാതെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചതാണ്.

ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ സാക്ഷാൽ പിണറായി തന്നെ ആഭ്യന്തര വകുപ്പ് ഭരിക്കുമ്പോഴാണ് ഇങ്ങനെയൊക്കെ നടക്കുന്നത്. പൊലീസിന്റെ തലപ്പത്ത് ബെഹ്റയെ പ്രതിഷ്ഠിച്ചതിന് ശേഷമുള്ള പൊലീസ് നടപടികളെല്ലാം അത്യന്തം ദുരൂഹമാണ്. കേരളത്തെ നീതി കിട്ടാത്തിടമെന്ന് തോന്നിപ്പിച്ച് സംഘർഷഭൂമിയാക്കാനുള്ള ആരുടെയോ അജണ്ട നടപ്പിലാക്കുകയാണ് പൊലീസ്. കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ അത് തിരിച്ചറിയണം. റിയാസ് മൗലവിയുടെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളുടെ യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവന്ന് സംഘ്പരിവാറിന്റെ ഗൂഢപദ്ധതികളെ തകർക്കണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു.