വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചു പാസ്‌പോർട്ടിന്റെ നിറം മാറ്റാനുള്ള കേന്ദ്ര സർക്കാർ നടപടികളെ പ്രവാസി സമൂഹം ഒറ്റകെട്ടായി നേരിടുമെന്ന് വെൽഫെയർ കേരള കുവൈത്ത് വിളിച്ചു ചേർത്ത പ്രതിഷേധ യോഗത്തിൽ വിവിധ സംഘടന പ്രതിനിധികൾ അറിയിച്ചു. മറ്റു പല രൂപത്തിലും പരിഹരിക്കാമായിരുന്ന ലഘുവായ ഒരു കാര്യത്തിന് വേണ്ടി പ്രവാസികൾക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കിടയാക്കുന്ന തീരുമാനമാണിതെന്നും പ്രവാസിക്ക് ഏക തിരിച്ചറിയൽ രേഖയായ പാസ്‌പോർട്ടിൽ നിന്നും അസ്തിത്വ സംബന്ധിയായ വിവരങ്ങൾ നീക്കം ചെയ്യുന്നത് കടുത്ത പ്രതിസന്ധികൾ പ്രവാസികൾക്ക് സൃഷ്ടിക്കുമെന്നു വെൽഫെയർ കേരള പ്രസിഡന്റ് ഖലീൽ റഹ്മാൻ ആമുഖമായി സൂചിപ്പിച്ചു.

രാജ്യത്തിലെ ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കാനുള്ള നീക്കവും പ്രവാസികളോടുള്ള യുദ്ധപ്രഖാപനാവുമാണ് ഇത്തരം നീക്കങ്ങൾ എന്ന് വെൽഫെയർ കേരള പ്രധിനിധി അൻവർ സയീദ് അഭിപ്രായപ്പെട്ടു. പ്രവാസികളുടെ കയ്യിലെ ഏക രേഖ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതെന്നും ഇത്തരം വിഷയങ്ങളെ രാഷ്ട്രീയ വത്കരിക്കരുതെന്നും കെ.പി ഡബ്ല്യൂ.എ പ്രധിനിധി മുബാറക്ക് കാമ്പ്രത്ത് പറഞ്ഞു. ലാഘവത്തോടെയും മുൻവിധിയോടെയും കൂടിയാണ് സർക്കാർ ഇതിനെ സമീപിച്ചത് എന്നും ഇത് നടപ്പിലാക്കാൻ ധാരാളം പ്രതിസന്ധികൾ സർക്കാർ നേരിടേണ്ടി വരും എന്നും ഓഐസിസിയെയും കെഡിഎൻയെയും പ്രതിനിധീകരിച്ചു കൃഷ്ണൻ കടലുണ്ടി പറഞ്ഞു.

എല്ലാ രാജ്യങ്ങളിൽ നിന്നും പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ടെന്നും ഇന്ത്യൻ പ്രസിഡന്റിനെ നേരിട്ട് സന്ദർശിച്ച് പരാതി നൽകാൻ പരിശ്രമിക്കണമെന്നും മുഴുവൻ സംഘടനകളുടെയും ഒന്നിച്ചുള്ള നീക്കം അനിവാര്യമാണെന്നും ജെ.സി.സി പ്രതിനിധി സഫീർ പി ഹാരിസ് പറഞ്ഞു. ഇന്ത്യൻ എംബസിയെ സമീപിക്കുകയും അത് വഴി സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ശ്രമിക്കണം എന്ന് ഐ എം സി സി പ്രധിനിധി സത്താർ കുന്നിൽ അഭിപ്രായപ്പെട്ടു. ഒരു രാജ്യം തങ്ങളുടെ പൗരന്മാരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയാണ് ഇത്. കുവൈത്തിലെ മുഴുവൻ സംഘടനകളെയെയും ഇതിന്റെ ഭാഗമാക്കി ഒന്നിച്ചുള്ള നീക്കമാണ് ഇതിനെതിരെ ഉയർന്നു വരേണ്ടത് എന്ന് കെഐജിയെ പ്രതിനിധീകരിച്ചു ഫൈസൽ മഞ്ചേരി പറഞ്ഞു.

ഇന്ത്യൻ എംബസിയെ പ്രതിഷേധം അറിയിക്കുകയും പ്രസിഡന്റിന് നിവേദനം നൽകണമെന്ന് മലപ്പുറം ജില്ലാ അസോസിയേഷൻ പ്രസിഡണ്ട് മനോജ് കുര്യൻ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഇതര സംസ്ഥാങ്ങളിലെ പൗരന്മാരെയും ഇതിന്റെ ഭാഗമാക്കി സംയുക്ത നീക്കം നടത്തണമെന്നു പി സി എഫ് പ്രധിനിധി അൻസാർ അഭിപ്രായപ്പെട്ടു. ഭരണ ഘടന വിരുദ്ധമായ നീക്കമാണ് ഇത് കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രധിഷേധം ഉയർന്നു വരണമെന്ന് വെൽഫെയർ പ്രതിനിധി അൻവർ സാദത് അഭിപ്രായപ്പെട്ടു. റിപ്പബ്ലിക്ക് ഡേ ദിനത്തിൽ എംബസ്സിയിൽ എല്ലാവരും എത്തിച്ചേരുകയും പ്രത്യക്ഷ പ്രധിഷേധപരിപാടികൾ നടത്തണം എന്നും സണ്ണി മണക്കാട് അഭിപ്രായപ്പെട്ടു. തുടർന്ന് നടന്ന ചർച്ചയിൽ സാധ്യമാകുന്ന എല്ലാ സംഘടനകളെയും ഉൾപ്പെടുത്തി സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ തീരുമാനിച്ചു. ഇതിനു മുന്നോടിയായി പത്ത് അംഗ ആഡ്‌ഹോക്ക് കമ്മറ്റിക്കു രൂപം നൽകി.

കമ്മറ്റി അംഗങ്ങൾ ആയി കൃഷ്ണൻ കടലുണ്ടി, സണ്ണി മണക്കാട്, സത്താർ കുന്നിൽ, ഫൈസൽ മഞ്ചേരി, അൻവർ സയീദ്, അലക്‌സ്, സഫീർ പി ഹാരിസ്, മുബാറക്ക് കാമ്പ്രത്ത്, ഖലീൽ റഹ്മാൻ, റസീന മൊഹുയുദ്ധീൻ എന്നിവരെ തീരുമാനിച്ചു. ഈ കമ്മറ്റിയുടെ മേൽനോട്ടത്തിൽ മറ്റുള്ളവരുമായി ചേർന്ന് ഭാവിപരിപാടികൾക്കു രൂപം നൽകും. കുവൈത്തിലെ വിവിധ രാഷ്ടീയ സാമൂഹിക ജില്ലാ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ വെൽഫെയർ കേരള കുവൈത്ത് പ്രസിഡണ്ട് ഖലീൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ സ്വാഗതവും സാമൂഹിക വിഭാഗം കൺവീനർ അൻവർ ഷാജി നന്ദിയും പറഞ്ഞു.