തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ സ്വപ്ന സുരേഷ് ഒരു കോടി രൂപ കമ്മീഷൻ വാങ്ങിയ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് കൂടുതൽ വ്യക്തമായിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. 20 കോടി പദ്ധതിയിൽ തനിക്ക് ഒരു കോടി രൂപ കമ്മീഷൻ ലഭിച്ചുവെന്ന് സ്വപ്ന സുരേഷും തുക നൽകിയെന്ന് നിർമ്മാണക്കമ്പനിയായ യുണിടെക് ഉടമയും സമ്മതിച്ചതോടെ സർക്കാർ തലത്തിൽ കൺസൾട്ടൻസികളുടെ മറവിൽ നടക്കുന്ന വൻ അഴിമതികളുടേയും കെടുകാര്യസ്ഥതയുടെയും യാഥാർഥ്യങ്ങളാണ് പുറത്തു വരുന്നത്. കമ്മീഷൻ ലഭിച്ച തുക മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കരന്റെ ചാർട്ടേഡ് അക്കൗണ്ടറിന്റേയും സ്വപ്ന സുരേഷിന്റേയും സംയുക്ത ലോക്കറിൽ നിന്നാണ് കണ്ടെത്തിയത് എന്നതിനാൽ ഇടപാടിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിയാനാകില്ല . മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പേജിലെ പോസ്റ്റിൽ നിന്നും ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന റെഡ് ക്രസന്റുമായി നടത്തിയ കരാർ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഒപ്പിട്ടത് എന്ന വിവരം ലഭ്യമാകുന്നുണ്ട്. പ്രളയാനന്തരമുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി യുഎഇയിൽ നടത്തിയ സന്ദർശനത്തിന്റെ ഭാഗമായി റെഡ് ക്രസന്റ് അധികാരികളുമായി ചർച്ച നടത്തിയിരുന്നതായി മുഖ്യമന്ത്രി തന്നെ സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചിരുന്നു.

സർക്കാർ ഏജൻസികളെ തള്ളിക്കൊണ്ടാണ് സ്വകാര്യകമ്പനിയായ യൂണിടെക്കിന് സർക്കാർ വഴിയൊരുക്കുന്നത്. 2019 ജൂലൈ 11ന് യുഎഇ റെഡ് ക്രസന്റ് അഥോറിറ്റി കേരളത്തിലെത്തി വടക്കാഞ്ചേരിയിൽ പാവപ്പെട്ടവർക്കായുള്ള ഭവനസമുച്ചയ നിർമ്മാണത്തിന് മുഖ്യമന്ത്രിയുമായി ചർച്ചയിലാണ് ധാരണാപത്രം ഒപ്പിട്ടത്. എന്നാൽ, കരാർ ഒപ്പിടും മുൻപ് സംസ്ഥാനതല എംപവേഡ് കമ്മിറ്റി യോഗം ചേരുകയോ അംഗീകാരം നൽകുകയോ ചെയ്തില്ല. തദ്ദേശ സെക്രട്ടറിക്ക് രേഖകളും കരാറും ശിവശങ്കർ നേരിട്ട് നൽകിയതായും വിവരങ്ങളാണ് പുറത്തുവരുന്നത്. ഏറെ വ്യക്തമായ തെളിവുകൾ ലഭിക്കുമ്പോഴും മുഖ്യമന്ത്രിക്കും ഓഫീസിനും ഒന്നിലും പങ്കില്ല എന്ന് ആവർത്തിച്ചതുകൊണ്ട് മാത്രം പ്രശ്‌നത്തിന് പരിഹാരമാവുകയില്ലയെന്നും ഇതെല്ലാം സംബന്ധിച്ച് മുഖ്യമന്ത്രി മാറിനിന്ന് സമഗ്രാന്വേഷണം നേരിടണമെന്നും അദ്ദേഹം പറഞ്ഞു.