- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേയ്‌സ്ബുക്ക് - ബിജെപി ബന്ധം: സമഗ്ര അന്വേഷണം നടത്തണം: വെൽഫെയർ പാർട്ടി
തിരുവനന്തപുരം: ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ സ്ഥാപനങ്ങളുമായി ബിജെപി നടത്തുന്ന അവിശുദ്ധ ധാരണയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ അധികാരികൾ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഇന്ത്യയിൽ വർഗീയ വിദ്വേഷ പ്രചരണം നടത്തുന്ന വലിയൊരു വിഭാഗം ബിജെപിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ വർഗ്ഗീയ ധ്രുവീകരണ പ്രവർത്തനങ്ങൾക്ക് ഫേസ്‌ബുക്ക് എന്ന സാമൂഹിക മാധ്യമ സ്ഥാപനം കൂട്ട് നിൽക്കുന്നത് തികച്ചും അപലപനീയമാണ്. ന്യൂയോർക്ക് ടൈംസ് 2018 ൽ നടത്തിയ അന്വേഷണമാണ് ഇത്തരം അധാർമിക പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവന്നത്.
ബിജെപിയുമായി ബന്ധമുള്ളവർക്കെതിരെ നടപടി സ്വീകരിക്കുന്നത് ഇന്ത്യയിലെ ബിസിനസിനെ ബാധിക്കുമെന്നാണ് ഫേസ്‌ബുക്കിന്റെ വാദം. സംഘ്പരിവാർ സാമൂഹിക മാധ്യമങ്ങളിൽ കോർപ്പറേറ്റുകളുടെ സഹായത്തോടെ വൻ തുക ചെലവഴിച്ചാണ് തങ്ങളുടെ അജണ്ട നടപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നത്. സംഘ്പരിവാറിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം വിദ്വേഷ പ്രചരണങ്ങൾക്ക് ചട്ടപ്രകാരം നടപടി സ്വീകരിക്കാൻ ഫേസ്‌ബുക്ക് തയ്യാറാകാത്തതിന്റെ വസ്തുതകളാണ് പുറത്തു വരുന്നത്. അതേസമയം ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഫേസ്‌ബുക്ക് നടത്തുന്ന അവിഹിതമായ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളും പുറത്തു വരികയാണ്. ഡാറ്റ ചോർച്ച പോലുള്ള ഗുരുതരമായ ആരോപണങ്ങൾ ഉണ്ടായിട്ടും അതേക്കുറിച്ച് അന്വേഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തയ്യാറായിട്ടില്ല. ഫേയ്‌സ്ബുക്കിന്റെ ഇന്ത്യൻ മേധാവിയുടെ നേതൃത്വത്തിൽ 2017 മുതൽ വോട്ടർമാർക്കിടയിൽ നടക്കുന്ന ബോധവൽക്കരണ പരിപാടിയിലൂടെ ആരംഭിച്ച ബന്ധം തെരഞ്ഞെടുപ്പിന്റെ സുതാര്യതയെ ബാധിക്കുന്ന തരത്തിലും ഡേറ്റ് ചോരുന്ന അവസ്ഥയിലേക്കും കാര്യങ്ങൾ എത്തിച്ചിരിക്കുകയാണ്. എന്നാൽ ഇതിനെക്കുറിച്ച് വിശദീകരിക്കാനോ ബിജെപിയുടെ ഫേയ്‌സ്ബുക്ക് ദുരുപയോഗത്തെക്കുറിച്ച് അന്വേഷിക്കാനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തയ്യാറായിട്ടില്ല.
രാഷ്ട്രീയ സാമൂഹിക സംഭവങ്ങളോടുള്ള പ്രതികരണത്തിന്റെ പ്രധാന ഇടമാണ് സോഷ്യൽ മീഡിയ. വ്യത്യസ്ത ആശയങ്ങൾ പുലർത്തുന്നവർക്ക് സംവാദാത്മകമായ അന്തരീക്ഷം ഒരുക്കേണ്ട ഫേസ്‌ബുക്കിനെ പോലുള്ള മാധ്യമങ്ങൾ കേവലം സാമ്പത്തിക ലാഭം നോക്കി മാത്രം ഇന്ത്യയിലെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു.