തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലേലവുമായി ബന്ധപ്പെട്ട് കരൺ അദാനിയുടെ ഭാര്യ പിതാവിന്റെ കമ്പനിയിൽ നിന്നും ഉപദേശം തേടാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം തികച്ചും ദുരൂഹത നിറഞ്ഞതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. സിറിൽ അമർ ചന്ദ് മംഗൽദാസ് എന്ന സ്ഥാപനത്തിൽ നിന്നും വിദഗ്‌ധോപദേശം നേടുന്നതിനു വേണ്ടി 55 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ നൽകിയത്. 50 വർഷത്തേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പിനു വേണ്ടി ലേലം പിടിച്ച അദാനി ഗ്രൂപ്പിനെതിരെ കേരള സർക്കാർ തോറ്റുപോയ ലേലത്തിൽ പങ്കെടുക്കാൻ കെഎസ്‌ഐഡിസിക്ക് പിൻബലം നൽകിയ രണ്ട് സ്ഥാപനങ്ങളാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അദാനി ഗ്രൂപ്പ് ക്ലയിന്റ് ആയിട്ടുള്ള സിറിൽ അമർചന്ദ് മംഗൽദാസ് ഗ്രൂപ്പും പ്രളയ പുനരധിവാസ കൺസൽറ്റൻസിയിലൂടെ വിവാദത്തിലായ പല രാജ്യങ്ങളിലും കരിമ്പട്ടികയിലുള്ള കെ.പിഎംജിയും. ഒരു കോടി 57 ലക്ഷം രൂപ കെപിഎംജിക്കും 55 ലക്ഷം രൂപ മംഗൽദാസ് ഗ്രൂപ്പിനും നൽകിയാണ് സംസ്ഥാന സർക്കാർ വിമാനത്താവളത്തിന് വേണ്ടിയുള്ള ലേലത്തിന് തയ്യാറെടുപ്പുകൾ നടത്തിയത്.

അദാനി പോർട്‌സിന്റെ സിഇഒ കരൺ അദാനിയുടെ ഭാര്യ ലേലത്തുക നിർണയിക്കുന്നതിൽ പ്രധാന വ്യക്തിയായിരുന്നുവെന്ന് വ്യക്തമായിരിക്കുകയാണ്. ലേലത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ഒരു യാത്രക്കാരന് അദാനി ഗ്രൂപ്പ് 168 രൂപയും, കേരളം 135 രൂപയും വാഗ്ദാനം ചെയ്തത് കൃത്യമായ ആസൂത്രണത്തോടെ കൂടിയുള്ള ഒത്തുകളിയായിരുന്നു. വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുമ്പോഴും ഖജനാവിൽ നിന്ന് വൻ തുകകൾ കരിമ്പട്ടികയിലുള്ള കമ്പനികൾക്കും കോർപ്പറേറ്റുകൾക്കും നൽകി കൊണ്ടും ലേലത്തുക ചോർത്തി നൽകിയും സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. ലേലത്തുക ആരുടെ ഉപദേശപ്രകാരമാണ് നിശ്ചയിച്ചതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.