തിരുവനന്തപുരം: റെഡ്ക്രസന്റ് നൽകിയ 20 കോടി സഹായമടക്കം വിവിധ പ്രളയ ദുരിതാശ്വാസ പദ്ധതികൾ സംബന്ധിച്ച് കമ്മീഷനും ഫണ്ട് വെട്ടിപ്പും തെളിവ് സഹിതം പുറത്ത് വന്നിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയടക്കം കേരളത്തിൽ വിവിധ നിലയിൽ ലഭ്യമായ പ്രളയ ദുരിതാശ്വാസ ഫണ്ടുകളുടെ വരവും വിനിയോഗവും സംബന്ധിച്ച് സർക്കാർ ധവളപത്രം പുറപ്പെടുവിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ലൈഫ് മിഷനു കീഴിൽ വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയം റെഡ് ക്രസന്റ് പ്രളയ ദുരിതാശ്വാസത്തിനായി നൽകിയ 20 കോടി രൂപ ഉപയോഗിച്ചാണ്. പ്രളയ ദുരിതാശ്വാസമായാണ് ഈ തുക റെഡ്ക്രസെന്റ് നൽകുന്നതെന്ന് മുഖ്യമന്ത്രി 2019 ജൂലൈയിൽ വ്യക്തമാക്കിയതാണ്. ഈ തുകയിൽ നിന്നാണ് വടക്കഞ്ചേരി ഫ്‌ളാറ്റ് കരാർ ലഭിച്ച യൂണിടാക് 4.25 കോടി രൂപ കമ്മീഷനായി സ്വപ്ന സുരേഷിനും മറ്റും നൽകിയതെന്ന് സിപിഎം ചാനൽ തന്നെ പറയുന്നു. എന്നാൽ യൂണിടാകുമായി കരാർ ഒപ്പിട്ടത് റെഡ്ക്രസന്റ്റല്ലാ യു.എ.ഇ കോൺസുൽ ജനറലാണെന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുന്നു. ഇത് വിദേശകാര്യ വകുപ്പിന്റെ അനുമതിയോടെയോ ചട്ടപ്രകാരമോ ആണോ എന്നത് ഇപ്പോഴും വ്യക്തമല്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സിപിഎം പ്രാദേശിക നേതാക്കൾ വെട്ടിപ്പ് നടത്തിയ നിരവധി സംഭവങ്ങൾ ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെടുകയും ചിലർ അറസ്റ്റിലാവുകയും ചെയ്തു. തിരുവനന്തപുരത്ത് ട്രഷറി ഉദ്യോഗസ്ഥൻ ഫണ്ട് തട്ടിച്ചതും പുറത്തു വന്നിട്ടുണ്ട്. ഇത്തരത്തിൽ വ്യാപകമായ ക്രമക്കേടുകളും ഫണ്ട് മോഷണവും കമ്മീഷൻ കൈപ്പറ്റലും പുറത്തു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് അടക്കം 2018-19 വർഷങ്ങളിലെ എല്ലാത്തരം പ്രളയ ദുരിതാശ്വാസ പുനരധിവാസ ഫണ്ട് കലക്ഷനുകളും തുക വിനിയോഗങ്ങളും സംബന്ധിച്ച ധവള പത്രം കേരള സർക്കാർ പുറത്തിറക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകരും സിപിഎം പ്രാദേശിക നേതാക്കളും അടക്കം വലിയൊരു ശൃംഖല കമ്മീഷൻ കൈപ്പറ്റുകാരും ദുരിതാശ്വാസ ഫണ്ടുകളടക്കമുള്ള ക്ഷേമ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്നവരുമായി നിലകൊള്ളുന്നു എന്നത് ലജ്ജാവഹമാണെന്നും അദ്ദേഹം പറഞ്ഞു.