- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉദ്യോഗാർഥികളെ പി.എസ്.സി പരീക്ഷകളിൽ നിന്നും വിലക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധം: വെൽഫെയർ പാർട്ടി
തിരുവനന്തപുരം: പി.എസ്.സിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർഥികളെ വിവിധ പരീക്ഷകളിൽ നിന്നും വിലക്കാനുള്ള തീരുമാനം തികച്ചും ജനാധിപത്യ വിരുദ്ധമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ഇടതുപക്ഷ സർക്കാരിന്റെ കാലത്തെ പി.എസ്.സി നടപടികളിൽ ധാരാളം ദുരൂഹതകളുണ്ടെന്നത് യാഥാർഥ്യമാണ്. സമൂഹ മാധ്യമങ്ങളിലൂടെ പി.എസ്.സിയുടെ വിശ്വാസ്യത തകർക്കും വിധം പ്രതികരണം നടത്തിയെന്നാരോപിച്ചാണ് തുടർപരീക്ഷകളിൽ നിന്നും ആരോപണ വിധേയരായ ഉദ്യോഗാർഥികളെ വിലക്കാൻ പി.എസ്.സി തീരുമാനിച്ചിരിക്കുന്നത്. ഭരണഘടനാ സ്ഥാപനമായ കേരളാ പബ്ലിക് സർവിസ് കമ്മീഷന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണത്തിലും നിയമനത്തിലും വലിയ നിഗൂഢതകളാണ് നിലനിൽക്കുന്നത്. നിയമന നിരോധനം ഏറെക്കുറെ പൂർണ്ണമായ കേരളീയ പശ്ചാത്തലത്തിൽ പിൻവാതിൽ നിയമനവും ബന്ധു നിയമനവും വ്യാപകമായി നടക്കുന്നുവെന്നത് തെളിവുകൾ സഹിതം പുറത്തുവന്നതാണ്. ഉയർന്ന റാങ്ക് ഉണ്ടായിട്ടും നിയമനം ലഭിക്കാത്ത ധാരാളം യുവാക്കൾ നിലവിലുണ്ട്. ഒന്നാംറാങ്ക് ലഭിച്ച ഉദ്യോഗാർഥികൾക്ക് പോലും നിയമനം ലഭിക്കാത്ത സാഹചര്യത്തിൽ താൽക്കാലിക നിയമനത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവരെ സ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ തീരുമാനം തികച്ചും പ്രതിഷേധാർഹമാണ്.
പി.എസ്.സിയെ നോക്കുകുത്തിയാക്കി കൊണ്ടുള്ള സർക്കാരിന്റെ ഇത്തരം നിയമനങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ കൈകാര്യം ചെയ്യുന്ന രീതി അസഹിഷ്ണുത നിറഞ്ഞതാണ്. കേരളത്തെ ഫാസിസ്റ്റ് ഇരുമ്പ് മറയുള്ള സംസ്ഥാനമാക്കാനുള്ള പി.എസ്.സി യുടെയും സർക്കാരിന്റെയും നീക്കം അനുവദിക്കാനാവില്ല. വിവിധ കൺസൾട്ടൻസി നിയമനങ്ങൾ വഴിയും അനധികൃത തസ്തികകൾ സൃഷ്ടിച്ചും ഖജനാവിൽ നിന്ന് പണം ധൂർത്തടിക്കുന്ന സംസ്ഥാന സർക്കാർ പി.എസ്.സി നിയമനങ്ങൾ റദ്ദ് ചെയ്തതുകൊണ്ട് യുവാക്കളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. കേരളീയ സമൂഹത്തിന് പി.എസ്.സിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. വിവിധ തസ്തികകളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതുകൊണ്ട് പി.എസ്.സി നിയമനങ്ങൾ നടക്കുന്നില്ല എന്നുള്ള വസ്തുതയാണ് ഉദ്യോഗാർഥികൾ കേരളീയ സമൂഹത്തിനു മുന്നിൽ കൊണ്ടുവരാൻ ശ്രമിച്ചത്. ഉദ്യോഗാർഥികൾക്കെതിരെ പി.എസ്.സി സ്വീകരിച്ച നടപടി പിൻവലിക്കണം. യുവാക്കളെയും പൊതുസമൂഹത്തെയും വഞ്ചിക്കുന്ന സർക്കാറിന്റേയും പി.എസ്.സിയുടെയും സമീപനങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു.