- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണക്കടത്ത്: ബി.ജെപിയുടെ പങ്കിനെപ്പറ്റിയും സമഗ്രാന്വേഷണം വേണം: വെൽഫെയർ പാർട്ടി
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയ സംഭവത്തിൽ കേന്ദ്ര സംസ്ഥാന ഭരണ കക്ഷികളുടെ പങ്ക് കൂടുതൽ വ്യക്തതയോടെ പുറത്തുവന്ന സാഹചര്യത്തിൽ ബി.ജെപിയുടെ പങ്കിനെപ്പറ്റിയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിനെപ്പറ്റിയും കോടതിയോ സ്വതന്ത്ര ഏജൻസിയോ സംയുക്ത നിയമസഭാസമിതിയോ അന്വേഷിക്കണമെന്ന് പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ജനം ടിവി കോഡിനേറ്റർ അനിൽ നമ്പ്യാരുടെ സ്വർണക്കടത്തുമായുള്ള ബന്ധം പുറത്തുവന്നതോടെ കേസിലെ സംഘ്പരിവാറിന്റെ പങ്ക് കൂടുതൽ വ്യക്തമാവുകയാണ്. ജനം ടി. വി യിൽ നിന്ന് അനിൽ നമ്പ്യാരെ പുറത്താക്കിയതുകൊണ്ടോ ചാനലിനെ തള്ളിപ്പറഞ്ഞതു കൊണ്ടോ സ്വർണക്കടത്തു കേസിലെ ബിജെപിയുടെ ബന്ധത്തെ മൂടിവെക്കാൻ കഴിയില്ല. പ്രിൻസിപ്പൾ സെക്രട്ടറി ശിവശങ്കരനെ പുറത്താക്കി കൈകഴുകുന്ന സമീപനം മുഖ്യമന്ത്രി സ്വീകരിച്ചതു പോലെ കണ്ണിൽ പൊടിയിടലാണ് ഇതും. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം കേന്ദ്ര ഭരണകൂടത്തിന്റെ ചട്ടുകമായി പ്രവർത്തിക്കുന്ന എൻ.ഐ.എ കേസ് അന്വേഷണം തുടരുന്ന പക്ഷം നിഷ്പക്ഷമായി വസ്തുതകൾ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല.
കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സ്വർണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയല്ല സ്വകാര്യ ബാഗേജ് വഴിയാണെന്ന് കോൺസുൽ ജനറലിനെ കൊണ്ട് വാർത്താക്കുറിപ്പ് ഇറക്കാൻ സ്വപ്നക്ക് അനിൽ നമ്പ്യാർ നിർദ്ദേശം നൽകിയത് ബിജെപിയെ രക്ഷിച്ചെടുക്കാനാണെന്ന് വ്യക്തമാണ്. യുഎഇയിൽ വഞ്ചനാ കേസിൽ കുടുങ്ങിയ അനിൽ നമ്പ്യാരെ സ്വപ്ന സുരേഷ് സഹായിച്ചതും മുൻ കാലങ്ങളിലും സമാനമായ ഇടപാടുകളിൽ ഇവർ പങ്കാളികളാണെന്നുള്ളതിന് തെളിവാണ്. കേസിലെ പ്രധാന പ്രതികളിൽ ഒരാളായ സരിത്ത് ബിജെപി പ്രവർത്തകനാണ്. സ്വർണക്കടത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് കേസിന്റെ ആദ്യ നാൾ മുതൽ തന്നെ ജനങ്ങൾ തിരിച്ചറിഞ്ഞതാണ്. കേന്ദ്രത്തിന്റെ സഹായത്തോടെയാണ് സംസ്ഥാന സർക്കാർ സ്വർണക്കടത്തിന് വഴിയൊരുക്കിയത്. കേന്ദ്ര - സംസ്ഥാന ഭരണകൂടങ്ങളിൽ സ്വാധീനമുള്ള ഉന്നത വ്യക്തികളുടെ പിൻബലത്തോടെയാണ് സ്വർണക്കടത്ത് നടന്നിരിക്കുന്നത്. അന്താരാഷ്ട്ര ക്രിമിനൽ കുറ്റത്തിൽ ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ പങ്ക് വ്യക്തമായതോടെയാണ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ പുറത്താക്കേണ്ട സാഹചര്യമുണ്ടായത്. കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നവർ തമ്മിൽ കേസ് തേച്ചു മാച്ചു കളയാനുള്ള സാധ്യത ഒഴിവാക്കുന്നതിനായി നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.